ഗോർഡൻ ഗ്രീനിഡ്ജ്, ഇതിഹാസമായ വിവിയൻ റിച്ചാർഡ്‌സ്, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾറൗണ്ടറായ ഗാരി സോബേഴ്‌സ്, വിൻഡീസിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ക്ലെയ്‌വ് ഇല്ല്യോയ്ഡ്, ബൗണ്ടറിക്കടുത്ത് നിന്ന് റണ്ണപ്പ് എടുത്ത് ഒറ്റ ബൗൺസറിലൂടെ എതിരാളിയുടെ ആത്മവിശ്വാസത്തിൽ അമ്പെയ്യുന്ന മൈക്കിൾ ഹോൾഡിങ്, ചെറിയ റണ്ണപ്പിൽപോലും ബോളുകളിലൂടെ തീപാറിക്കുന്ന മാൽകം മാർഷൽ; ഇവർക്കെല്ലാം പുറമെ നമ്മൾ കണ്ട ബ്രയാൻ ലാറ, ശിവനരൈൻ ചന്ദർപോൾ, ക്രിസ് ഗെയ്ൽ, കെയ്‌റോൺ പൊള്ളാർഡ് എന്നിങ്ങനെയുള്ളവർ…
ALSO READ: നെഹ്രുവിനെയും അംബേദ്ക്കറേയും വിമർശിച്ച മലയാളി വനിത; ജൂലായ് 4 ദാക്ഷായണി വേലായുധന്റെ ജന്മദിനം
പട്ടിക തീരുന്നില്ല. തുടർന്നാൽ ഒരുപാട് പേരുകൾ ഇനിയും പറഞ്ഞുപോകേണ്ടി വരും എന്നതിനാൽ നിർത്തുകയാണ്. പലപലതായി തിരിഞ്ഞ ദ്വീപുകളിൽ നിന്ന് ഒരൊറ്റ രാജ്യമായി മാറി, ഒരുപാട് ചരിത്രങ്ങൾ എഴുതുകയും തിരുത്തിയെഴുതുകയും ചെയ്തവരാണ് വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റർമാർ. ഈ ടീമും ഈ പേരുകളും ഇല്ലാത്ത ചരിത്രം ക്രിക്കറ്റ് എന്ന ഗെയിമിനോട് തന്നെ കാണിക്കുന്ന നീതികേടാണ്. അത്തരത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ഭാവനയെയും ഗൃഹാതുരതയുമെല്ലാം ഒറ്റ വികാരത്തിൽ കൂട്ടിക്കെട്ടിയ ഇവരാകുന്നു, വെസ്റ്റിൻഡീസ് എന്ന, ഒരുകാലത്ത് മറ്റ് ക്രിക്കറ്റ് ടീമുകളെല്ലാം പേടിച്ചുപോന്നിരുന്ന ക്രിക്കറ്റ് ഭീമന്മാർ !
ALSO READ: ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുമോ? എന്തുകൊണ്ട്?
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ ഒരു ബൈ പ്രൊഡക്ട് ആയിരുന്നു വെസ്റ്റ് ഇന്ത്യൻ ദ്വീപുകളിൽ ക്രിക്കറ്റ്. വെളുത്ത വർഗക്കാർ കളിച്ച കളി അവരുടെ ഉടമസ്ഥതയിലുള്ള ദ്വീപുകളിലും അങ്ങനെത്തന്നെ നിലകൊണ്ടു. എന്നാൽ വെസ്റ്റ് ഇന്ത്യൻ ജനത ആ കളി കാര്യമായെടുത്തത്തോടെയാണ് അവരുടെ തലവര മാറിത്തുടങ്ങുന്നത്. വെളുത്ത വർഗക്കാർ തഴയുംതോറും കറുത്ത വർഗക്കാർ മാത്രം കളിക്കുന്ന ക്ലബ്ബുകൾ വെസ്റ്റ് ഇന്ത്യൻ ദ്വീപുകളിൽ ഉയർന്നുവന്നു. ക്രിക്കറ്റ് എന്ന സ്പോർട്ടിനെ അവർ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള മൂലധനമായാണ് കണ്ടത്. കൊളോണിയൽ മൂലകമായി വെസ്റ്റ് ഇന്ത്യൻ ദ്വീപുകളിൽ വന്ന ക്രിക്കറ്റ് പിന്നീട് ചിതറിക്കിടക്കുന്ന ദ്വീപ് സമൂഹത്തെ വിളക്കിച്ചേർക്കുന്ന കണ്ണിയായതിന് പിന്നിൽ അടിമത്തത്തിൻ്റെയും കറുത്ത വർഗ രാഷ്ട്രീയത്തിൻ്റെയും വലിയ ചരിത്രം തന്നെയുണ്ട്. ചരിത്രകാരൻ ഹിലരി ബിക്കിൽസ് എഴുതുന്നത് ഇങ്ങനെയാണ്, ” വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ഉയർന്നുവന്നത് കൊളോണിയൽ അടിച്ചമർത്തലിൻ്റെയും സാമൂഹിക അരക്ഷിതാവസ്ഥയുടെയും തണലിലാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായിരുന്നു ഒരു ജനത ക്രിക്കറ്റിലൂടെ നടത്തിയിരുന്നത്.”
ക്ലൈവ് ഇല്ല്യോയ്ഡും വിവിയൻ റിച്ചാർഡ്സും അടക്കമുള്ള പ്രതിഭാധനർ കളിക്കുന്ന കാലത്തുപോലും വെസ്റ്റ് ഇന്ത്യൻ ടീമിന് ഗ്രൗണ്ടിൽ നേരിടേണ്ടി വന്നത് കടുത്ത വംശീയ അധിക്ഷേപങ്ങളായിരുന്നു. 1975ൽ ഓസ്ട്രേലിയക്കൊപ്പമുള്ള മത്സരത്തിലായിരുന്നു വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റർമാർ കടുത്ത വംശവിവേചനത്തിനിരയായത്. ഓസ്ട്രേലിയൻ പേസർമരോട് ‘അവനെ കൊല്ലൂ’ എന്ന് ആജ്ഞാപിക്കുന്ന ജനക്കൂട്ടത്തിനിടയിൽ നിന്ന് കറുത്ത നിറത്തോടുള്ള പുച്ഛം തുടങ്ങി വെസ്റ്റ് ഇന്ത്യൻ കളിക്കാരെ കുരങ്ങന്മാർ എന്ന് വിശേഷിപ്പിക്കും വരെ നീണ്ടു കാര്യങ്ങൾ. എന്നാൽ തുടർച്ചയായ 2 ലോകകപ്പുകൾ നേടിയാണ് വിൻഡീസ് താരങ്ങൾ ആ വിമർശനങ്ങൾക്ക് മറുപടി കൊടുത്തത്. ചരിത്രം അങ്ങനെയാണ്, അത് പകരം ചോദിക്കാതെ കടന്നുപോയിട്ടില്ല.
ALSO READ: ഏകീകൃത നിയമമോ അതോ ബ്രാഹ്മണാധിപത്യമോ?
83ലെ ഫൈനലിൽ പരാജയപ്പെടുമ്പോൾ പോലും ടൂർണമെൻ്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് വിൻഡീസ് കീഴടങ്ങുന്നത്. പിന്നീട് വിൻഡീസ് ഒരു പ്രധാനപ്പെട്ട ട്രോഫി നേടുന്നതാകട്ടെ വർഷങ്ങൾക്ക് ശേഷം കുട്ടി ക്രിക്കറ്റിൻ്റെ രൂപത്തിൽ.
ഇതിനിടയിലും നിരവധി അറിയപ്പെടുന്ന താരങ്ങൾ വന്നുപോയി. ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയും ശിവനരൈൻ ചന്ദർപോളും അടക്കം എത്രയോ പ്രതിഭാധനർ. എന്നാൽ ആയിടയ്ക്ക് ഹോൾഡിങ്ങിനെയും ഇയാൻ ബിഷപിനെയും മാൽകം മാർഷലിനെയും കവച്ചുകെട്ടാൻ പാകത്തിലുള്ള ഒരു ബൗളർ ഉണ്ടായിരുന്നില്ല.
വിൻഡീസിൻ്റെ പതനം പൊടുന്നനെയായിരുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീം മാനേജ്മെൻ്റ് എടുക്കുന്ന പല തീരുമാനങ്ങളും പാളുന്നുണ്ട്. കളിക്കാർക്ക് കൃത്യമായ ശമ്പളം ലഭിക്കാത്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ ഒഴുക്കൻ മട്ടിൽ ആണ് ബോർഡ് താരങ്ങളെ സമീപിച്ചിട്ടുള്ളത്. തത്ഫലമോ താരങ്ങൾ പ്രാദേശിക ലീഗ് മത്സരങ്ങളിലേക്ക് ചേക്കേറുകയും ടീം ഘടന അടിമുടി കുട്ടി ക്രിക്കറ്റ് ഫോർമാറ്റിലേക്ക് മാറുകയും ചെയ്തു. ലോകമെമ്പാടുമുള്ള പ്രാദേശിക ട്വൻ്റി ട്വൻ്റി ലീഗുകളിൽ വിൻഡീസ് താരങ്ങൾക്ക് പ്രിയമേറുന്നതും അതുകൊണ്ടുതന്നെ. പൊള്ളാർഡും റസ്സലും ഗെയ്ലും എല്ലാം പക്കാ ട്വൻ്റി ട്വൻ്റി മെറ്റീരിയലുകൾ എന്നറിയപ്പെടുന്നതും ഈ ഫോർമാറ്റ് മാറ്റം കൊണ്ടാണ്.
ALSO READ: 1983 ലോർഡ്സിലെ ലോകകപ്പ് വിജയം മാറ്റിമറിച്ച ഇന്ത്യയുടെ കായികജാതകം
ലോകകപ്പ് ക്വാളിഫയറിൽ ചരിത്രത്തിൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാതത്ര അബദ്ധങ്ങളാണ് വിൻഡീസ് കാണിച്ചുകൂട്ടിയത്. ബൗണ്ടറി ലൈനിൽ നിന്ന് പോലും ക്യാച്ചുകെടുക്കുന്ന പൊള്ളാർഡിൻ്റെയും ഡാരൻ സമിയുടെയും സ്ലിപ്പിൽ ഒരിക്കലും പിഴയ്ക്കാത്ത ഗെയ്ലിൻ്റെയും പിന്മുറക്കാരുടെ കൈകൾ നിരവധി തവണയാണ് ചോർന്നത്. 300ൽപ്പരം സ്കോർ ചെയ്തിട്ടും മാൽകം മാർഷലിന്റെയും മൈക്കൽ ഹോൾഡിങ്ങിന്റെയും പിന്മുറക്കാർക്ക് പിടിച്ചു നിൽക്കാൻകഴിഞ്ഞില്ല. പ്രതിസന്ധിഘട്ടങ്ങളിൽ ഉരുക്കുകോട്ട പോലെ നിന്ന ലാറയുടെയും വിവിയൻ റിച്ചാർഡ്‌സിൻ്റെയും ഗാരി സോബേഴ്‌സിന്റെയും പിന്മുറക്കാർ വന്നപോലെ നിരവധി തവണ മടങ്ങി. അങ്ങനെ ചരിത്രത്തിലാദ്യമായി ലോകചാമ്പ്യൻന്മാർ ഇല്ലാത്ത ലോകകപ്പ് !
വിൻഡീസിൻ്റെ പതനം കൃത്യമായ ടീം മാനേജ്മെൻ്റിൻ്റെ ആവശ്യകത ഓർമിപ്പിക്കുന്നതാണ്. ഒരുകാലത്ത് വിൻഡീസ് താരങ്ങൾക്ക് വേണ്ടിമാത്രം നിറഞ്ഞ ഗാലറികളും കരീബിയൻ നൃത്തചുവടുകളും ഇനി പഴയതുപോലെ ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം വെട്ടിപ്പിടിച്ച വിൻഡീസ് ചരിത്രം ശൂന്യതയിൽ നിന്ന് പുതിയൊരു വിൻഡീസിനെ ഉയർത്തെഴുന്നേൽപ്പിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here