ചരിത്രത്തിൽ ആദ്യമായി വെസ്റ്റിൻഡീസ് ടീം ഇല്ലാതെ ക്രിക്കറ്റ് ലോകകപ്പ്

ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന് ടിക്കറ്റ് കിട്ടാതെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. നിർണായക മത്സരത്തിൽ സ്കോട്ട്ലാൻഡിനോട് തോറ്റ് ഹരാരെയിൽ നിന്ന് മടങ്ങുകയാണ് മുൻ ലോകചാമ്പ്യന്മാർ.
ക്രിക്കറ്റിനാൽ കടലിൽ നിന്നുയർത്തിയെടുത്ത വെസ്റ്റിൻഡീസ് എന്ന ദ്വീപസമൂഹം ലോകകപ്പ് കളിക്കാൻ ഇത്തവണ ഇന്ത്യയിൽ വരില്ല. അത്ഭുതങ്ങൾ ഒന്നും സംഭവിപ്പിക്കാതെ, സ്കോട്ട്ലാൻഡിനോട് തോൽവി ഏറ്റുവാങ്ങി ക്രിക്കറ്റ് മാമാങ്കത്തിന് മുന്നിലുള്ള വാതിൽ സ്വയം കൊട്ടിയടക്കുകയാണ് കരീബിയൻസ്. ക്രിക്കറ്റിന്‍റെ ഏതു ഫോർമാറ്റിലും കരീബിയൻ പ്ലെയിങ് ഇലവൻ മികച്ചു നിന്നിരുന്ന ഒരു കാലമുണ്ട്. ലോക ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റർമാരെയും ബോളർമാരെയും ഓൾറൗണ്ടർമാരെയും  ക്രിക്കറ്റിന്‍റെ പേരിൽ ഒന്നിച്ച ഈ ദ്വീപ സമൂഹത്തം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
ലാറ്റിനമേരിക്കയിലെ ഫുട്ബോളും രാഷ്ട്രീയവും പോലെ ബാബിലോണിന് തീകൊളുത്താൻ ക്രിക്കറ്റിൽ ചുമതല ഏറ്റെടുത്തത് വെസ്റ്റ് ഇൻഡീസ് ടീം എന്ന കടൽ ഭൂതലം. ലിയറി കോൺസ്റ്റൻ്റിൻ മുതൽ ക്ലൈവ് ലോയ്ഡും വിവിയൻ റിച്ചാഡ്സും ബ്രയൻ ലാറയുമടക്കമുള്ള അതികായർ നയിച്ച ഭൂതകാലം. 83ൽ ലോഡ്സിൽ കപിൽദേവിന്‍റെ ചെകുത്താന്മാർ വിൻഡീസിനെ തോൽപ്പിച്ച് ഉയർത്തിയ കപ്പ് ക്രിക്കറ്റ് ആരാധകരെ മുഴുവൻ ഞെട്ടിപ്പിക്കാൻ പോന്ന ഒന്നായിരുന്നു. 1975ൽ ഐസിസി ആരംഭിച്ച പുരുഷ ലോകകപ്പ് ആദ്യത്തേത് രണ്ടും നേടിയ വെസ്റ്റ് ഇൻഡീസ്  ക്രിക്കറ്റിൻ്റെ മക്കയിൽ അന്ന് തലതാഴ്ത്തിയത് ആദ്യം.
പതറി പോകുമ്പോഴെല്ലാം തിരിച്ചുവരുമെന്ന് ലോകം കരുതിയത് പോലെ തന്നെ നടത്തിയെടുത്തിട്ടുണ്ട് വെസ്റ്റിൻഡീസ് ടീം. കരുത്തൻമാരുടെ കാലത്തിനു ശേഷം കാലിടറി വീണ ടീം പിന്നീട് ലാറയും ഇയാൻ ബിഷപ്പും ഉയർത്തിക്കെട്ടി. ക്രിക്കറ്റ് ബോർഡിലെ തർക്കം തുടങ്ങിയപ്പോഴും ചന്ദർപോളും സർവനും ഡാരൻ സമിയും ബ്രാവോയും തകരാതെ കാത്തു. ഇത്തവണ ലോകകപ്പിന് പോലും കാണില്ലെന്ന് അറിയുന്നതോടെ രാജ്യങ്ങളുടെ ബൗണ്ടറിവരകൾക്ക് പുറത്തുകൂടെ കയ്യടിച്ച ഗ്യാലറി കരയുമെന്നുറപ്പ്.
പഴി കേൾക്കേണ്ടത് കോർഡിനേഷൻ ഒപ്പിച്ചെടുക്കാൻ കഴിയാത്ത ടീം മാനേജ്മെന്‍റ് തന്നെ. എങ്കിലും മാൽക്കം മാർഷലിന് ശേഷം കോട്ട്‌നി വാൽഷും അതിനു ശേഷം കെമർ റോച്ചും തളർച്ചയെ എറിഞ്ഞു വീഴ്ത്തി വന്നതുപോലെ ഒരു പ്രതീക്ഷ ക്രിക്കറ്റ് ലോകത്തെ നയിക്കും. ക്ലൈവ് ലോയ്ഡും ഡാരൻ സമിയും പോലെ ഒരാൾ ഇനിയും കരീബിയൻ ദ്വീപുകളെ നിരാശയുടെ കടലിൽ നിന്നുയർത്തി ലോകകപ്പിൽ ചുംബിപ്പിക്കുക തന്നെ ചെയ്യും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here