ബംഗാള്‍ ട്രെയിന്‍ അപകടം ; ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവറടക്കം 15 മരണം

ബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നില്‍ ചരക്ക് ട്രെയിന്‍ ഇടിച്ച് വന്‍ അപകടം. ലോക്കോ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് റെയില്‍വേ ജീവനക്കാര്‍ അടക്കം 15 പേര്‍ മരിച്ചു. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു. സിഗ്നല്‍ മറികടന്നെത്തിയ ചരക്ക് ട്രെയിന്‍ പാസഞ്ചര്‍ ട്രയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ALSO READ :ജെസിബി ഉപയോഗിച്ച് മണ്ണ് മറ്റുന്നതിനിടെ വീടിന് മുകളിലേക്ക് മരം വീണും; വയോധികയ്ക്ക് ദാരുണാന്ത്യം

ബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയിലെ സിലിഗുരിക്ക് സമീപം രാവിലെ 8.50ഓടെയാണ് അപകടം. ന്യൂജയ്പാല്‍ ഗുഡി സ്റ്റേഷനില്‍ നിന്നും യാത്രയാരംഭിച്ച കാഞ്ചന്‍ജംഗ എക്സ്രപ്രസ് രംഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തില്‍പ്പെട്ടത്. സിഗ്നല്‍ മറികടന്നെത്തിയ ചരക്കു ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനിന്റെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികളും ചരക്കുട്രെയിന്റെ ഏതാനും ബോഗികളും പാളം തെറ്റി. പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. പ്രതികൂലമായ കാലാവസ്ഥയില്‍ ബോഗികളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. മരിച്ചവരില്‍ ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും അസിസ്റ്റന്റ് ഡ്രൈവറും കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡും ഉള്‍പ്പെടുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ ജയ വര്‍മ്മ സിന്‍ഹ അറിയിച്ചു.

ALSO READ :തമിഴ്‌നാട് ഉദുമലൈപേട്ടയിൽ ആനമല കടുവ സങ്കേതത്തിന് താഴെ പറമ്പിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിക്ക് സമീപമാണ് അപകടമുണ്ടായതിനാല്‍ മറ്റ് ട്രെയിന്‍ സര്‍വ്വീസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പ്രഖ്യാപിച്ചു. അതേസമയം അപകടത്തിന്റെ പൂര്‍ണ ഉത്തരാദിത്വം നരേന്ദ്രമോദി സര്‍ക്കാരിനാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. 10 വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ തുടരുന്നത് കെടുകാര്യസ്ഥതയാണെന്നും മോദി സര്‍ക്കാര്‍ റെയില്‍വെയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration