എന്താണ് ഏകീകൃത സിവിൽ നിയമം?

ടി.കെ.സുരേഷ്

ഏകീകൃത സിവിൽകോഡ് എന്ന ഒറ്റനോട്ടത്തിൽ മനോഹരവും പുരോഗമനപരവും, നിരുപദ്രവവുമായ മുദ്രാവാക്യത്തിലൂടെ ഹിന്ദുത്വരാഷ്ട്രം എന്ന അടിത്തറയിലൂന്നിയ ഏകീകൃത വ്യക്തിനിയമങ്ങളാണ് സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര ഏകാധിപത്യ ഭരണകൂടം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുക എന്നകാര്യത്തിൽ സാധാരണഗതിയിൽ സംശയിക്കേണ്ടതേയില്ല. ന്യൂനപക്ഷ മതവിഭാഗങ്ങൾ മാത്രമാണ്, പ്രത്യേകിച്ച് മുസ്ലീം വിഭാഗമാണ് ഇതിനെ എതിർക്കുന്നതെന്നും, എതിർപ്പുകൾ ഉന്നയിക്കുന്ന മറ്റ് മതനിരപേക്ഷ ജനാധിപത്യവാദികൾ ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി മാത്രമാണ് എതിർപ്പിൻ്റെ നിലപാട് സ്വീകരിക്കുന്നത് എന്ന പ്രതീതി ജനിപ്പിക്കുന്ന വിധത്തിൽ സംഘപരിവാർ വ്യാപക പ്രചരണം നടത്തുന്നുണ്ട്.

ഇതിന്റെ യാഥാർത്ഥ്യങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട്.

ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഏറെയും ഇപ്പോൾ ഏകീകൃതം തന്നെയാണ്. Civil Procedure Code 1908(CPC), Easements Act 1882, Indian Contract Act 1872, Majority Act 1875, Partnership Act 1932, Passport Act 1967, Registration Act 1908 ,Consumer Protection Act എന്നിങ്ങനെ തുടങ്ങി ആയിരക്കണക്കിന് സുപ്രധാന സിവിൽ നിയമങ്ങളിൽ കൂടുതലും ഏകീകൃതം തന്നെയാണ്. അതെല്ലാം ജാതിമത ഭേദമന്യേ രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ ബാധകമായ സിവിൽ നിയമങ്ങളാണ്. ഏകീകൃതമല്ലാത്ത പല സിവിൽ നിയമങ്ങളും, ഏകീകൃതമല്ലാത്ത ക്രിമിനൽ നിയമങ്ങൾ പോലുമുണ്ട്.

ALSO READ: ‘ഇന്ത്യ ഇപ്പോൾ എന്റെയും കൂടിയാണ്’; പബ്‌ജി മൂലമുള്ള ‘ഇന്ത്യ-പാക്’ പ്രണയകഥയ്ക്ക് ശുഭാന്ത്യം

സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യസ്ഥമായ ക്രിമിനൽ നിയമങ്ങൾ ഉണ്ട്. കുറ്റകൃത്യങ്ങൾ ഉണ്ട്. നടപടിക്രമങ്ങൾ ഉണ്ട്. പല കുറ്റകൃത്യങ്ങളും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് നിലനിൽക്കുന്നത്. ഗോവധം ക്രിമിനൽ കുറ്റകൃത്യമാകുന്ന ചില സംസ്ഥാനങ്ങളുണ്ട്. സമ്പൂർണ്ണ മദ്യനിരോധനമുള്ള സംസ്ഥാനങ്ങളിൽ മദ്യപാനവും ക്രിമിനൽ കുറ്റകൃത്യമാണ്.ഇതുപോലെ നിരവധി ക്രിമിനൽ നിയമങ്ങൾ ഏകീകൃതമല്ലാത്തതുണ്ട്. സിവിൽ നടപടികൾക്കും ക്രിമിനൽ നടപടികൾക്കും ഒരു പോലെ ബാധകമായ Indian Evidence Act 1872 ഏകീകൃത നിയമമാണ്. പക്ഷേ അത് പൂർണ്ണമായും ബാധകമല്ലാത്ത നിയമനടപടി ക്രമങ്ങളുമുണ്ട്.

ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, സിവിൽ നിയമങ്ങളിൽ വ്യക്തമായ ഒരു ഏകീകരണം കൊണ്ടുവന്നിട്ടില്ലാത്തത് മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തി നിയമങ്ങളിൽ മാത്രമാണ് എന്നു കാണാം. കൃത്യമായി പറഞ്ഞാൽ Personal Laws ൽ മാത്രം. അതായത് യൂണിഫോം സിവിൽ കോഡ് എന്ന് ഉറക്കെ വിളിച്ചുപറയുമ്പോഴും സംഘപരിവാർ തലച്ചോറുകളിൽ അമർന്നു കത്തുന്നത് തങ്ങളുടെ മേധാവിത്വം അടിച്ചേൽപ്പിക്കുന്ന പോലെയുള്ള ഏകവ്യക്തിനിയമം ( Uniform Personal law) നടപ്പാക്കുക എന്ന ഗൂഢ വർഗ്ഗീയരാഷ്ട്രീയ തിരഞ്ഞെടുപ്പ് ലക്ഷ്യമാണ്. ഏകീകൃത സിവിൽ കോഡ് എന്ന വെള്ളക്കുപ്പായത്തിനടിയിൽ RSS ഉദ്ദേശിക്കുന്ന “ഏകീകൃത മനുകോഡ്” എന്ന കാവിക്കസളം തുന്നിപ്പിടിപ്പിക്കാനുള്ള തന്ത്രപൂർവ്വമായ ശ്രമമാണ് നടന്നു വരുന്നത്.

ALSO READ: ‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

ഏകീകൃത വ്യക്തിനിയമങ്ങൾ ഇല്ലാത്തതുകൊണ്ട് മുസ്ലീം സ്ത്രീകൾ മാത്രമാണ് പീഡനങ്ങൾ അനുഭവിക്കുന്നത് എന്ന് വിലപിക്കുന്ന ഇവർക്ക്, ഹിന്ദു മതത്തിൽ സ്ത്രീ-പുരുഷ സമത്വം എന്നത് തങ്ങളുടെ സൗകര്യാർത്ഥം ഉപയോഗിക്കാനുള്ള പൊള്ളയായ അലങ്കാരപദം മാത്രമാണ്. അതല്ലെങ്കിൽ ഭരണഘടനയെ ആധാരമാക്കി ബഹു: സുപ്രീം കോടതി പുറപ്പെടുവിച്ച ശബരിമല യുവതീ പ്രവേശന വിധിയെ ഇവർ ആചാരങ്ങളുടെ മറപിടിച്ച് കലാപങ്ങളുയർത്തി എതിർക്കുമായിരുന്നില്ലല്ലോ.

ഭാവിയിൽ എന്നെങ്കിലും ഒരു ഏകീകൃത സിവിൽ നിയമം വരികയാണെങ്കിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിനെ ഇവർ സർവ്വാത്മനാ സ്വാഗതം ചെയ്യുമോ?

ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ പട്ടികജാതി-പട്ടികവർഗ്ഗത്തിൽ ഉൾപ്പെട്ടവർക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും പരിഗണ നൽകുന്ന പ്രത്യേക നിയമമായ സംവരണത്തിൻ്റെ അവസ്ഥയെന്തായിരിക്കും? അവ പരിശോധിക്കപ്പെട്ടിട്ടുണ്ടോ?

ALSO READ: ആദിവാസി സഹോദരങ്ങൾക്ക് ക്രൂര മർദനം; ബന്ദികളാക്കി മർദ്ദിച്ചു

സംവരണതത്വങ്ങൾ അട്ടിമറിക്കുക എന്ന ഏറെ കാലത്തെ സംഘപരിവാർ ലക്ഷ്യത്തിലേക്കുള്ള കുറുക്കുവഴി കൂടിയാക്കി മാറും ഫലത്തിൽ ഏകീകൃത സിവിൽ കോഡ്. ഒരു രാജ്യം, ഒരു സംസ്ക്കാരം , ഒരു നേതാവ്, ഒരു തെരഞ്ഞെടുപ്പ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർ ,
ഒരു ഭാഷ എന്നതിൽ നിന്നും ഒരു നിയമം എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോൾ അവരുടെ ഹിന്ദുരാഷ്ട്ര സ്വപ്നങ്ങളിലേക്കുള്ള രഹസ്യപാതയാണത് എന്ന് മനസ്സിലാക്കാൻ ഏറെ ചിന്താശേഷിയൊന്നും വേണ്ട.

ഏകീകൃത സിവിൽ കോഡിനായി വാദിക്കുന്ന ഭരണഘടനാ പ്രേമികളായി നടിക്കുന്ന സംഘപരിവാർ അനുഭാവികൾ അടിസ്ഥാനമാക്കി ഉയർത്തിപ്പിടിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 ൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് പറയുന്നുണ്ടല്ലോ എന്നാണ്. ശരിയാണ്, ആർട്ടിക്കിൾ 44ൽ അങ്ങനെ പറയുന്നുണ്ട്. പക്ഷേ ഭരണഘടനയിലെ പാർട്ട് IVൽ ആർട്ടിക്കിൾ 36 മുതൽ ആർട്ടിക്കിൾ 51 വരെയുള്ള നിർദ്ദേശകതത്വങ്ങളിലാണ് ആർട്ടിക്കിൾ 44 ആയി യൂണിഫോം സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. അല്ലാതെ പൗരൻ്റെ മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പാർട്ട് III ൽ അല്ല.

Article 44 :- “The State shall endeavor to secure for the citizens a uniform civil code throughout the territory of India.
ഇന്ത്യാരാജ്യത്ത് ആകമാനമുള്ള ജനങ്ങൾക്ക് ഒരു ഏകീകൃത സിവിൽ നിയമം രൂപപ്പെടുത്താൻ ഭരണകൂടം ശ്രമം നടത്തണം.

ഒന്നുകൂടി ആഴത്തിൽ പരിശോധിച്ചാൽ ഏകീകൃത സിവിൽ നിയമം എന്നാണ് പറയുന്നത്. ഏകീകൃത വ്യക്തിനിയമം എന്ന് പോലും പ്രത്യേകം പറയുന്നില്ല.

ALSO READ: ‘മുസ്ലീം ലീഗിന്റെ തീരുമാനം ആത്മവഞ്ചന; കോണ്‍ഗ്രസിന്റെ അടിമകളായി കാലം കഴിക്കാനാണ് ലീഗിന്റെ വിധി’: ഐ എന്‍ എല്‍

ഭരണഘടനയുടെ പാർട്ട് IIIൽ ആർട്ടിക്കിൾ 25 മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ തൊഴിൽ, ആചാരം, മതം പ്രചരിപ്പിക്കാനുള്ള അവകാശം എന്നിവയും, ആർട്ടിക്കിൾ 26 പൊതുക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മതകാര്യങ്ങൾ കൈകാര്യം ചെയ്യാൻ, എല്ലാ മതവിഭാഗങ്ങൾക്കും അല്ലെങ്കിൽ അതിലെ ഏതെങ്കിലും വിഭാഗത്തിനും സ്വാതന്ത്ര്യവും അവകാശവുമുണ്ട് എന്നും, ആർട്ടിക്കിൾ 29 ൽ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും പ്രത്യേകം എടുത്തു പരാമർശിക്കുമ്പോൾ, ഭരണഘടനയുടെ പാർട്ട് IV ലെ ആർട്ടിക്കിൾ 44 ൽ ഏകീകൃത വ്യക്തിനിയമം എന്ന് പ്രത്യേകം പരാമർശിക്കാതെ ഏകീകൃത സിവിൽകോഡ് എന്ന് മാത്രം പരാമർശിച്ചിട്ടുള്ളതും ആഴത്തിൽ പരിശോധിക്കേണ്ടതാണ്.

ഭരണഘടനയുടെ പാർട്ട് IVൽ വേറെയും പല പുരോഗമനപരവും അതിസുപ്രധാനവുമായ കാര്യങ്ങൾ നടപ്പാക്കണമെന്ന് പറയുന്നുണ്ട്. അതെല്ലാം നടപ്പാക്കാൻ എത്രമാത്രം താൽപ്പര്യം ഈ സംഘപരിവാർ ഭരണകൂടം പ്രകടിപ്പിക്കുന്നുണ്ട്. ഭരണഘടനയിലെ പാർട്ട് IV ൽത്തന്നെ ഉൾപ്പെട്ട ആർട്ടിക്കിൾ 38 സ്റ്റേറ്റ് (ഭരണകൂടം )ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സാമൂഹിക ക്രമം ഉറപ്പാക്കാൻ ശ്രമിക്കണമെന്നും പൗരൻമാർക്കിടയിലെ വരുമാനത്തിലെ അസമത്വങ്ങൾ കുറയ്ക്കാൻ പ്രത്യേകിച്ച് പരിശ്രമിക്കുകയും, വ്യക്തികൾക്കിടയിൽ മാത്രമല്ല, വിവിധ മേഖലകളിൽ താമസിക്കുന്നവരോ വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരോ ആയ വ്യക്തികൾക്കിടയിലും ഗ്രൂപ്പുകൾക്കിടയിലും പദവി, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവയിലെ അസമത്വങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കും എന്നും പ്രഖ്യാപിക്കുന്നു. ആർട്ടിക്കിൾ 38 വിഭാവനം ചെയ്യുന്ന എന്തെങ്കിലും പ്രവർത്തനം മോദി ഭരണകൂടം നടപ്പാക്കിയതായോ നടപ്പാക്കാൻ ശ്രമിച്ചതായോ അതിന് ആഗ്രഹം പ്രകടിപ്പിച്ചതായാ അറിവുണ്ടോ ?

ALSO READ: ‘ക്ഷണിക്കുക ഞങ്ങളുടെ മര്യാദ, ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ട്’; മന്ത്രി വി ശിവൻകുട്ടി

ആർട്ടിക്കിൾ 39 കൂടുതൽ മേഖലയിലേക്ക് കടന്നു കയറുന്നു. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മുഴുവൻ പൗരന്മാർക്കും ഒരുപോലെ ഉപജീവനമാർഗത്തിനുള്ള അവകാശമുണ്ടെന്നും, സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയെ സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച രീതിയിൽ വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും, സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ ജോലിക്ക് തുല്യവേതനം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആർട്ടിക്കിൾ 39 വിഭാവനം ചെയ്യുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 39(b)യിലെ താൽപ്പര്യത്തിനനുസരിച്ച് ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കാൻ ഏതെല്ലാം ഭരണകൂടങ്ങൾ ഇന്ത്യാ രാജ്യത്ത് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്? അവ പരിശോധിക്കേണ്ടതല്ലേ? ഇതിൽ എന്ത് ഇടപെടലാണ് ഭരണകൂടം നടത്തിയിരിക്കുന്നത് ?

ആർട്ടിക്കിൾ 43-A. Participation of workers in management of industries , അതായത് വ്യവസായ മാനേജ്മെൻ്റിൽ തൊഴിലാളികൾക്ക് പങ്കാളിത്തം എന്ന മഹത്തായ ആശയം വിഭാവനം ചെയ്യുന്നു. എന്നാൽ ഇതിന് തികച്ചും വിരുദ്ധമായി, ലാഭത്തിലുള്ള സർക്കാർ സ്ഥാപനങ്ങൾ പോലും വിറ്റുതുലക്കുകയും , മാനേജ്മെൻ്റിലെ സർക്കാർ പങ്കാളിത്തം പോലും ഇല്ലാതാക്കി പൂർണ്ണമായ സ്വകാര്യവൽക്കരണം എന്ന നയമല്ലേ ഇവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ? ആർട്ടിക്കിൾ 49ൽ ചരിത്രപരമായ പ്രത്യേകതയുള്ളതും ദേശീയ പ്രാധാന്യമുള്ളവയുമായ എല്ലാ സ്മാരകങ്ങളെയും സംരക്ഷിക്കുക എന്ന് വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് ഇവർ ചരിത്ര സ്മാരകങ്ങൾ തച്ചുതകർക്കുവാൻ വ്യഗ്രതപ്പെടുന്നത്. ജനജീവിതത്തെ ബാധിക്കുന്ന ഈ വിഷയങ്ങളിലൊന്നും ഇടപെടാതെയാണ് സംഘപരിവാർ ഭരണകൂടം ആർട്ടിക്കിൾ 44 നോട് മാത്രം ഗൂഢലക്ഷ്യങ്ങളോടെ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നത്

ഇനി ജുഡീഷ്യറിയുടെ കാര്യത്തിലേക്ക് കടക്കാം. ഭരണഘടനയുടെ Article 50 Separation of judiciary from executive എന്നാണ് പറയുന്നത്. ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർതിരിക്കുന്നതിന് സ്റ്റേറ്റ് നടപടികൾ കൈക്കൊള്ളും. The State shall take steps to separate the judiciary from the executive in the public services of the സ്റ്റേറ്റ്. എന്നാൽ സുപ്രീം കോടതിയെപ്പോലും തങ്ങളുടെ വരുതിയിലാക്കാനുള്ള ഹീന ശ്രമങ്ങളാണ് സംഘപരിവാർ ഭരണകൂടം കൈക്കൊണ്ടു വരുന്നത്.

അപ്പോൾ ഭരണഘടനയോടുള്ള പ്രണയംകൊണ്ടോ, അതിൽ ആർട്ടിക്കിൾ 44ൽ നിർദ്ദേശമുള്ളതുകൊണ്ടോ അല്ല ലോക്സഭാ തെരഞ്ഞെടുപ്പിനോടടുത്ത ഈ വേളയിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രചരണങ്ങളും കോലാഹലങ്ങളും വ്യാപകമായി ഉയർത്തിക്കൊണ്ടു വരുന്നത്. ഭരണഘടനയുടെ പാർട്ട് IVൽ പെട്ട നിർദ്ദേശക തത്വങ്ങളിലെ ഏറെ പ്രാധാന്യമർഹിക്കുന്ന പല സുപ്രധാന വിഷയങ്ങളും നടപ്പാക്കാൻ ശ്രമിക്കാതെ, യൂണിഫോം സിവിൽ കോഡിൽ കാണിക്കുന്ന അമിതതാൽപര്യം തങ്ങളുടെ ഹിന്ദുത്വ അജണ്ട പൊതു സമൂഹത്തിനു മേൽ അടിച്ചേൽപ്പിക്കാനുള്ള വർഗ്ഗീയ താൽപ്പര്യം മാത്രമാണ്.

ALSO READ: ഇതാ മറ്റൊരു കേരള സ്റ്റോറി കൂടി; ഗീതയേയും വിഷ്ണുവിനെയും ഒന്നിപ്പിച്ച് ലീഗ്

എന്തുകൊണ്ടായിരിക്കണം ഭരണഘടനയിൽ മൗലികാവകാശങ്ങൾ വിവരിക്കുന്ന പാർട്ട് III ൽ ഉൾപ്പെടുത്താതെ ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ പാർട്ട് IV ലേക്ക് മാറ്റിയത്. ഇന്ത്യയുടെ ഹൃദയവും ആത്മാവുമായ നാനാത്വത്തിലെ ഏകത്വവും , വൈവിധ്യങ്ങളുടെ സംഗമമെന്ന സൗന്ദര്യവും കാത്തു സംരക്ഷിക്കുക എന്നതാണ് അതിൻ്റെ സുപ്രധാന കാരണങ്ങളിൽ ഒന്ന്. 1853 ലെ രണ്ടാം ലോ കമ്മീഷന്റെ കാലം മുതൽ ഇന്ത്യയിലെ സിവിൽ നിയമങ്ങളുടെ ഏകീകരണം ചർച്ചയായിരുന്നു. വ്യക്തിനിയമങ്ങൾ മതപരമായതിനാൽ അവയെ ഏകീകരിക്കാൻ ശ്രമിക്കേണ്ടതില്ല എന്നാണ് ഒടുവിൽ എത്തിച്ചേർന്ന നിഗമനം. തുടർന്നുണ്ടായ വ്യാപകമായ ചർച്ചകൾ ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിലും ഉയർന്നു വന്നു.

ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കണമെന്ന് നിരവധി അംഗങ്ങൾ വാദമുയർത്തി. മതപരവും, ഭാഷാപരവും, സംസ്കാരികവുമായ കാര്യങ്ങളിൽ അത് പിന്തുടരുന്ന ജനവിഭാഗത്തിന്റെ പൂർണ്ണമനസ്സാലെയുള്ള പിന്തുണകൂടാതെ ഭരണകൂടം കടന്നുകയറ്റം നടത്തുന്നത് രാജ്യത്തിൻ്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന വാദങ്ങളും ഉയർന്നുവന്നു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച സബ് കമ്മറ്റിയും ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തരുത് എന്നാണ് അഭിപ്രായപ്പെട്ടത്.ഒടുവിൽ വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. യൂണിഫോം സിവിൽ കോഡ് ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ പദവി കിട്ടാതെ നിർദേശകതത്വങ്ങൾ ഉൾപ്പെടുന്ന പാർട്ട് IVൽ ആർട്ടിക്കിൾ 44 ആയി ചേർക്കപ്പെട്ടു.

നാനാത്വത്തിൽ ഏകത്വം എന്നത് മഹത്തായ ഇന്ത്യയെ സംബന്ധിച്ച് പൊള്ളയായ വെറും വാക്കല്ല. ഇന്ത്യയുടെ ഹൃദയതാളമാണത്. വ്യത്യസ്ഥ മത,ഭാഷാ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയാണ് ഇന്ത്യ. ആ വൈവിധ്യങ്ങളുടെ ഒരുമയാണ് ഇന്ത്യയുടെ സൗന്ദര്യം അതുകൊണ്ടാണ് ഇത്തരം നടപടിയിലേക്ക് ഭരണഘടനാ നിർമ്മാണ സഭ അന്തിമമായി എത്തിച്ചേർന്നത്. വൈവിധ്യങ്ങളെ ഒരു ചൂളയിലിട്ട് തിളപ്പിച്ചുരുക്കി ഏകശിലയാക്കാനല്ല ഇന്ത്യ എന്ന മഹത്തായ രാഷ്ട്രം ഒരു കാലത്തും ശ്രമിച്ചത്. വൈവിധ്യങ്ങളുടെയും മനോഹാരിതയുടെയും കാത്തു സൂക്ഷിപ്പിനാണ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഏതുകാലത്തും സന്നദ്ധമായതും ഭരണഘടനാ പദവികൾ നൽകിയതും .

ALSO READ: സ്നേഹത്തിന്റെ 6 കോടി പൊതിച്ചോറുകൾ; ഡിവൈഎഫ്ഐ ഇതുവരെ വിതരണം ചെയ്തത് 6 കോടിയോളം പൊതിച്ചോറുകൾ

ഭരണഘടനയുടെ ആർട്ടിക്കിൾ 370 നൽകിയ പ്രത്യേക പദവി അടുത്ത നാൾ വരെ ജമ്മു കശ്മീരിനുണ്ടായിരുന്നു. എന്നാൽ മോദി സർക്കാറിൻ്റെ ഏകാധിപത്യപരമായ നടപടിയിലൂടെ അത് പിൻവലിക്കപ്പെട്ടു. ആർട്ടിക്കിൾ 371 പ്രകാരം ആസാം, നാഗാലാൻഡ്, മിസോറാം, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനതയ്ക്ക് വ്യക്തി – കുടുംബ നിയമങ്ങളെ സംബന്ധിച്ച് ചില പ്രത്യേക പരിരക്ഷകളുണ്ട്. 1915 ലെയും 1935 ലെയും ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റിൽ തന്നെ വടക്കുകിഴക്കൻ മേഖലയ്ക്ക് പ്രത്യേക പരിരക്ഷകൾ ഉണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 371 (A) അനുസരിച്ച്, നാഗാ വിഭാഗങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, നിയമങ്ങൾ, ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും സംബന്ധിച്ച കാര്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിരക്ഷയുണ്ട്. മേഘാലയയിലെ ആദിവാസി മേഖലയിൽ നിലനിൽക്കുന്ന പിന്തുടർച്ചാവകാശ നിയമപ്രകാരം ഇന്നും അമ്മത്താവഴിയിലുടെയാണ് സ്വത്ത് മാറ്റം ചെയ്യപ്പെടുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകൾക്കാണത്രേ സ്വന്തവകാശം സിദ്ധിക്കുന്നത്.

ഹിന്ദു നിയമങ്ങൾ പോലും ഒരേപോലെയല്ല എല്ലായിടത്തും നിലനിൽക്കുന്നത്. എല്ലാം തികച്ചും ശാസ്ത്രീയവും ധാർമ്മികവുമാണെന്നും അവകാശപ്പെട്ടു കൂടാ. Hindu Marriage Act സെക്ഷൻ 3 പ്രകാരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം പലതും സപിണ്ഡ റിലേഷനിൽ പെടുന്നതും പലതും പ്രൊഹിബിറ്റഡ് ഡിഗ്രിയിൽ വരുന്നതും ഒഴിവാക്കപ്പെടേണ്ടതുമാണ്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആചാരപ്രകാരം സഹോദരീ സഹോദരൻമാരുടെ മക്കൾ മുറച്ചെക്കനും മുറപ്പെണ്ണുമാണ്. ഇവർ തമ്മിലുള്ള വിവാഹം അനുവദനീയവും സാധാരണവുമാണ്. സഹോദരിയുടെ മകൾ കേരളത്തിൽ മകളുടെ സ്ഥാനമുള്ള മരുമകളാണ്. എന്നാൽ തമിഴ്നാട്ടിൽ ചിലയിടത്തെല്ലാം “മാമൻമുറൈ” യും വിവാഹബന്ധത്തിന് സാദ്ധ്യവുമാണ്.

ഹിന്ദു എന്ന വിഭാഗത്തിൻ്റെ നിയമമെടുത്താൽ ഏതു സമുദായത്തിൻ്റെ നിയമം പരിഗണിക്കും ?. ഹിന്ദു ആചാരങ്ങൾ പ്രകാരം പട്ടികജാതി-വർഗ വിഭാഗങ്ങളിൽപെട്ട ആളുകളെ രാജ്യത്തെ ഏത് ഉന്നത ക്ഷേത്രത്തിലും പൂജ നടത്താൻ അനുവദിക്കുമോ.. ? വിവിധ മതങ്ങളുടെ ആരാധനാലയങ്ങളുടെ നിയന്ത്രണ നിയമങ്ങൾ എങ്ങിനെ ഏകീകരിക്കും ? ഭരണഘടനയുടെ ആർട്ടിക്കിൾ 14 ,25 എന്നിവയുടെ താൽപര്യം ഉയർത്തിപ്പിടിച്ച് ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ സുപ്രീം കോടതി വിധിയ്‌ക്കെതിരെ കലാപം നടത്തിയവർ ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നാൽ അവരുടെ നിലപാടിൽ നിന്നും പുറകോട്ടു പോകുമോ?

ഏകീകൃത വ്യക്തിനിയമത്തിനായി ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ വ്യക്തിനിയമം മറ്റ് വിഭാഗങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുമോ, അതോ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് വിശാലമായ ചർച്ച നടത്തുമോ ? എന്താണ് ഏകീകൃത സിവിൽ കോഡിൻ്റെ ആധുനിക വക്താക്കൾ ഉദ്ദേശിക്കുന്നത് ?. Hindu Succession Act വകുപ്പ് 8 പ്രകാരം മക്കൾ മരണപ്പെട്ടാൽ അവരുടെ സ്വത്തിൽ ക്ലാസ്സ് 1 അവകാശികളായ മകൻ, മകൾ ഭാര്യ അമ്മ തുടങ്ങിയവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ മരിച്ചയാളുടെ അച്ഛന് അവകാശം സിദ്ധിക്കുന്നതല്ല.

ALSO READ: മിന്നു മണിക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം; ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യില്‍ കളിക്കും

എന്നാൽ ഇസ്ലാമിക നിയമപ്രകാരം മകൻ്റെ മരണാനന്തരം അയാളുടെ സ്വത്തിൽ പിതാവിന് 1/6 ( ആറിൽ ഒന്ന് ) അവകാശം ഉള്ളതാണ്. Hindu Succession Act വകുപ്പ് 15 പ്രകാരം ഒരു സ്ത്രീ മരണപ്പെട്ടാൽ മകൻ മകൾ എന്നവർക്കൊപ്പം തന്നെ ഭർത്താവിനും അവകാശം സിദ്ധിക്കുന്നു. പക്ഷേ തികച്ചും വ്യത്യസ്ഥമായി Hindu Succession Act ലെ തന്നെ വകുപ്പ് 17 (ii) പ്രകാരം ഒരു സ്ത്രീ മരണപ്പെട്ടാൽ മകൻ, മകൾ, അമ്മ എന്നിവരില്ലെങ്കിൽ മാത്രമേ ഭർത്താവിന് അവകാശം സിദ്ധിക്കുന്നുള്ളു.

എന്നാൽ മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതയായ ഒരു സ്ത്രീ മരണപ്പെട്ടാൽ ഭർത്താവിന് സാധാരണ ഗതിയിൽ 1/4 ( നാലിൽ ഒന്ന് ) ഓഹരിക്ക് അർഹതയുള്ളതാണ്. സ്ത്രീകൾക്കുള്ള സ്വത്തവകാശ നിഷേധം ഹിന്ദുനിയമത്തിലും ഉണ്ടായിരുന്നു. Hindu Succession Act വകുപ്പ് 6 പ്രകാരം മക്കത്തായം പിന്തുടരുന്ന വിഭാഗങ്ങൾക്കിടയിൽ സ്വത്തിലുള്ള പെണ്ണവകാശങ്ങൾ നിഷേധിച്ചുവന്നിരുന്നു. പിന്നീട് കോടതി ഇടപെടലുകളിലുടെയാണ് അതിന് വ്യത്യാസം വന്നിട്ടുള്ളത്.

വ്യക്തി നിയമങ്ങൾ ചരിത്രപരമായിത്തന്നെ തുടരുന്ന മതവിശ്വാസത്തിന്റെ ഭാഗമാണ്. മതമാണ് വ്യക്തിനിയമങ്ങളുടെ Source of Law. വ്യക്തിനിയമങ്ങൾ പലപ്പോഴും മത വിഭാഗങ്ങൾക്ക് അകത്തു തന്നെയും ഏകരൂപമില്ലാത്തതാണ്. ഹിന്ദുമതത്തിലെ വിവിധ സമുദായങ്ങളുടെ ആചാരങ്ങളും ജീവിത രീതിയിൽ തുടരുന്ന നിയമക്രമങ്ങളും വ്യത്യസ്ഥങ്ങളാണ്. മുസ്ലീം മതത്തിലും വിവിധ വിഭാഗങ്ങൾക്കിടയിലെ വ്യത്യസ്ഥതകൾ പ്രകടമാണ്. ക്രിസ്ത്യൻ സഭകൾക്കിടയിൽ ആരാധനാക്രമങ്ങളിലും, ജീവിത രീതിയിൽ തുടരുന്ന നിയമക്രമങ്ങളിലും ഏറെ വ്യത്യാസങ്ങളുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി നിൽക്കുന്ന ആചാരങ്ങളും ജീവിതക്രമങ്ങളും പിന്തുടരുന്ന അനേക വിഭാഗങ്ങൾ ഇന്ത്യയിലുണ്ട്.

സത്യത്തിൽ വൈവിധ്യങ്ങളുടെ സംഗമഭൂമിയാണ് ഇന്ത്യ. യൂണിഫോം വ്യക്തിനിയമങ്ങൾ നടപ്പാക്കുന്നതിനേക്കാൾ ആവശ്യം, വ്യത്യസ്ഥ മതവിഭാഗങ്ങൾക്കുള്ളിലെ നിയമങ്ങൾ അതിനകത്തുതന്നെ ക്രമപ്പെടുത്തുകയാണ്. അവ കാലോചിതമായി പരിഷ്ക്കരിക്കുകയാണ്.
വ്യക്തിനിയമങ്ങളിലെ ചൂഷണ വ്യവസ്ഥകൾ ഇല്ലാതാക്കുകയാണ്. ഏതു മതത്തിലും ലിംഗസമത്വവും പൗരൻ്റെ അവകാശങ്ങളും അതാത് വ്യക്തിനിയമങ്ങൾ പരിഷ്ക്കരിച്ച് നിയമം മൂലം തന്നെ സ്ഥാപിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, സ്വത്തവകാശം, സ്ത്രീപദവി, ദത്ത്, തുടങ്ങി നിരവധി മേഖലകളിൽ ശാസ്ത്രീയമായ പരിഷ്ക്കരണം എല്ലാ മതങ്ങളിലും അനിവാര്യമാണ്. അതിന് എല്ലാ വ്യക്തിനിയമങ്ങളിലും കാലാനുസൃതമായ പരിഷ്ക്കരണം അനിവാര്യമാണ്. വ്യക്തി നിയമങ്ങൾക്ക് ഭരണഘടനയുടെ പാർട്ട് IIIൽ ഉൾപ്പെട്ട ആർട്ടിക്കിൾ 25, 26, 29 എന്നിവയുടെ സംരക്ഷണമുള്ളതിനാൽ വ്യക്തി നിയമങ്ങളെ പാടെ തമസ്ക്കരിച്ച് അവ ഭേദഗതി ചെയ്യുന്നത് ആർട്ടിക്കിൾ 25ന്റെയും 26ന്റെയും ലംഘനമാണ് എന്ന വാദം ഉയർന്നുവരാം.

മൗലികാവകാശങ്ങളും നിർദേശക തത്വങ്ങളും തമ്മിൽ ഒരു കോൺഫ്ലിക്റ്റ് ഉണ്ടായാൽ ഭരണഘടനയുടെ സംരക്ഷണം ലഭിച്ച് കോടതിയിൽ നിലനിൽക്കുക മൗലികാവകാശങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ മൗലികാവകാശങ്ങളെ ലംഘിച്ചുകൊണ്ടുള്ള നിർദ്ദേശക തത്വങ്ങളുടെ സ്ഥാപനവും പ്രായോഗികമല്ല. ആർട്ടിക്കിൾ 44 ൽ യൂണിഫോം സിവിൽ കോഡിനായി ശ്രമം നടത്തണം എന്നു മാത്രമാണ് പറയുന്നത്.
എപ്പോൾ എങ്ങിനെ എന്നൊക്കെ നാനാജാതി മതസ്ഥരും വത്യസ്ഥ വ്യക്തിനിയമങ്ങൾ പാലിക്കുന്നവരും കൂട്ടായി ചർച്ച ചെയ്തും പരസ്പരം ബോദ്ധ്യപ്പെടുത്തിയും ബോദ്ധ്യപ്പെട്ടും മാത്രം തീരുമാനിക്കേണ്ട സംഗതികളാണ്. അല്ലാതെയുള്ള ഏതു നീക്കങ്ങളും രാജ്യത്തെ പൗരൻ്റെ മൗലികാവകാശങ്ങളുടെ ലംഘനമാണ്.

മതപരവും, ഭാഷാപരവും, സംസ്കാരികവുമായ കാര്യങ്ങളിൽ അത് പിന്തുടരുന്ന ജനവിഭാഗത്തെ ബോദ്ധ്യപ്പെടുത്തി അവരുടെ പിന്തുണ നേടാതെ ഭരണകൂടം കടന്നുകയറ്റം നടത്തി ഏതെങ്കിലും ഒരു ഏകീകൃത വ്യക്തിനിയമം അടിച്ചേൽപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും, രാഷ്ട്രത്തിൻ്റെ അടിത്തറയെ ദുർബലമാക്കുകയും രാജ്യത്തിൻ്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വ്യത്യസ്ഥ സംസ്ക്കാരങ്ങളും ജീവിത രീതികളും പുലർത്തുന്ന എല്ലാ വിഭാഗങ്ങളെയും രാഷ്ട്രത്തിൻ്റെ ഹൃദയത്തോട് ചേർത്തു നിർത്തിയും വിശ്വാസത്തിൽ എടുത്തുകൊണ്ടുമുള്ള തുറന്ന ചർച്ചയിലൂടെയേ ഇതെല്ലാം സാദ്ധ്യമാകൂ. അങ്ങിനെ തുറന്ന ചർച്ചകളിലൂടെ രൂപപ്പെടുന്ന സ്വതന്ത്രവും ഭീതിരഹിതവുമായ പാതയിലൂടെയാകണം സ്വാതന്ത്ര്യസമരം നയിച്ച ധീരദേശാഭിമാനികളും സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിച്ച ധീരരക്തസാക്ഷികളും സ്വപ്നം കണ്ട മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ മുന്നോട്ടു പോകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News