വിഷദംശനം ഒഴിവാക്കാന്‍ കരുതല്‍ വേണം; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മഴയും ചൂടും ഇടകലര്‍ന്ന അന്തരീക്ഷത്തില്‍ പാമ്പുകളില്‍ നിന്നുള്ള വിഷദംശനം പൊതുവെയുള്ളൊരു ആശങ്കയാണ്. വിഷദംശനം സംഭവിച്ചവര്‍ക്ക് ശരിയായ ചികിത്സ ലഭിച്ചാല്‍ അപകടനില തരണം ചെയ്യാന്‍ കഴിയും. ഒരു വട്ടം വിഷം തീണ്ടിയാല്‍ ശരിയായ ചികിത്സയാണ് ലഭിക്കുന്നതെങ്കില്‍ പിന്നീട് അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വേനല്‍ക്കാലത്ത് ഒളിച്ചിരിക്കുന്ന പല ഇഴജന്തുക്കളും മഴക്കാലമാകുമ്പോള്‍ തലപൊക്കും. അതില്‍ അപകടമാകുന്നത് വിഷമുള്ള പാമ്പുകള്‍ തന്നെയാണ്. അതിനാല്‍ തന്നെ സൂക്ഷിച്ചില്ലെങ്കില്‍ പാമ്പുകടിയേല്‍ക്കേണ്ടി വരും എന്നുമാത്രമല്ല, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ സുരക്ഷാമുന്‍വിധികള്‍ സ്വീകരിക്കേണ്ടതുണ്ട്.

മഴക്കാലത്ത് പാമ്പുകള്‍ പുറത്തേക്ക്

വേനല്‍ക്കാലത്ത് പാമ്പുകള്‍ പൊതുവെ മാളങ്ങളിലാണ് തങ്ങുക. മഴക്കാലമാകുമ്പോള്‍ ഇരതേടിയും മറ്റും പുറത്തേക്കിറങ്ങും. ഈ സമയമാണ് പാമ്പുകളുടെ ആക്രമണം അധികമായും കണ്ടുവരുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങനെ പുറത്തിറങ്ങുന്ന പാമ്പുകളുടെ കടിയേല്‍ക്കുമെന്ന് ഉറപ്പ്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വിഷം തീണ്ടിയാല്‍ അടിയന്തരമായി ചെയ്യേണ്ടത്

എല്ലാ പാമ്പുകളും വിഷമുള്ളവയല്ല. എന്നാല്‍ വീര്യം കൂടിയ വിഷമുള്ളവയെ സൂക്ഷിക്കണം. പാമ്പ് കടിച്ചാല്‍ അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഭയപ്പെടാതിരിക്കുക എന്നതാണ്. പേടിച്ചാല്‍ വിഷം ശരീരത്തില്‍ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. പാമ്പ് കടിയേറ്റ ഭാഗത്തിന് മുകളില്‍ ഇറുക്കമില്ലാതെ കെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. മുറിവില്‍ സോപ്പ് ഉപയോഗിച്ച് കഴുകാം. വിഷം തീണ്ടിയ ആളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയും വേണം. മുറിവുണ്ടാക്കി ചോര കളഞ്ഞാല്‍ വിഷം പോകും എന്നത് പലരും പറയാറുണ്ട്. അത് അശാസ്ത്രീയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുറിവുകള്‍ നോക്കി വിഷമുള്ള പാമ്പോ, ഇല്ലാത്ത പാമ്പോ എന്ന് തീരുമാനിക്കരുത്

കടിയേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍ നോക്കി വിഷമുള്ള പാമ്പോ, ഇല്ലാത്ത പാമ്പോ എന്ന് തീരുമാനിക്കരുത്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ തുടങ്ങിയ പാമ്പുകളുടെ കടിയേറ്റാല്‍ മുറിവ് കണ്ടുപിടിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. വിഷമുള്ള പാമ്പുകള്‍ പല തവണ കടിച്ചാല്‍ രണ്ടില്‍ കൂടുതല്‍ മുറിവ് അടയാളങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാമ്പുകള്‍ കടിക്കുമ്പോള്‍ എല്ലാ പല്ലുകളും അമര്‍ന്ന് പതിയണമെന്നില്ല. കടിക്കുന്ന സമയത്ത് ശരീരം ചലിക്കുന്നതുകൊണ്ട് മുറിവിന്റെ ആകൃതി വ്യത്യാസപ്പെട്ടിരിക്കാനും ചിലപ്പോള്‍ പോറലുകളായി മാറാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ പാമ്പുകടിയേറ്റു എന്ന് തോന്നിയാല്‍ അടിയന്തിര മുന്‍കരുതല്‍ എടുക്കുക എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടുക എന്നത് നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News