ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവരെ കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് വ്യക്തമാക്കി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് പൊലീസ്. ലോൺ ആപ്പുകൾ വഴി ചതിക്കുഴിയിൽ പെടുന്നവർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ:കാറും സ്കൂട്ടറും തമ്മിലിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്
ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന:സാന്നിധ്യം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഇത്തരം സംഭവമുണ്ടായാൽ എത്രയും പെട്ടെന്ന് പൊലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നൽകേണ്ടത് എന്നും കുറിച്ചിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഏറെ നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നൽകിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വൻതുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികൾ വളരെയധികം ഭയവും പരിഭ്രാന്തിയും നേരിടുന്നു. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലിൽ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ വിവരമറിയിക്കുക. അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.
നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്ന, നിങ്ങൾക്ക് അറിയാത്ത എല്ലാ നമ്പറുകളും ബ്ലോക്ക് ചെയ്യുക. നിങ്ങൾ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളേയും അറിയിക്കുക.
നിങ്ങൾ ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓർക്കുക. മന:സാന്നിധ്യം വീണ്ടെടുക്കുക. ഓർക്കുക, ഇത്തരം സംഭവമുണ്ടായാൽ എത്രയും പെട്ടെന്ന് പോലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here