സുഡാനിൽ മിലിറ്ററിയും പാരാമിലിറ്ററിയും തമ്മിൽ നടത്തുന്നത് സംഘർഷനാടകമെന്ന് സൂചന. യുദ്ധം മുൻ ഏകാധിപതി ഒമർ അൽ ബാഷിറിനെ അധികാരത്തിൽ തിരികെ കൊണ്ടുവരാനെന്ന് സംശയം. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബാഷിറിനെ ജയിൽ മോചിതനാക്കി എന്നും വെളിപ്പെടുത്തലുണ്ട്.
സുഡാനിൽ തലസ്ഥാനനഗരിയായ ഖാർത്തും കേന്ദ്രീകരിച്ച് ഏപ്രിൽ 15 മുതൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 512 പേരാണ് കൊല്ലപ്പെട്ടത്. സൈന്യവും അർദ്ധ സൈനിക വിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്നത് നാടകം മാത്രമാണെന്നാണ് സൂചന. 2019 വരെ രാജ്യം ഭരിച്ചിരുന്ന സൈനിക ഏകാധിപതി ഒമർ ഹുസൈൻ അൽ ബാഷിറിനെ വീണ്ടും അധികാരക്കസേരയിൽ എത്തിക്കാൻ വേണ്ടിയാണ് നാടകം എന്നാണ് സുഡാൻ ജനത സംശയമുയർത്തുന്നത്. ഇതിനുവേണ്ടി നേരത്തെ തന്നെ സൈനിക അർദ്ധ സൈനിക തലവന്മാരും ബാഷിറും തമ്മിൽ കരാർ ഉണ്ടാക്കി എന്നും വിലയിരുത്തലുകൾ ഉണ്ട്. മിലിറ്ററിയും പാരാമിലിറ്ററിയും തമ്മിൽ നടത്തുന്ന സംഘർഷം തുടങ്ങുന്നതിനു മുമ്പേ ബാഷിറിനെ ജയിലിൽ നിന്ന് സൈനിക ആശുപത്രിയിലേക്ക് മാറ്റിയെന്ന വെളിപ്പെടുത്തലാണ് സംശയങ്ങൾക്ക് ബലം കൂട്ടുന്നത്.
2004ൽ സുഡാനിലെ ദാർഫറിൽ സിവിലിയന്മാർക്ക് നേരെ വംശഹത്യ നടത്താനും കൂട്ടബലാത്സംഗം ചെയ്യാനും സൈന്യത്തിന് നിർദ്ദേശം നൽകിയെന്ന കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി യുദ്ധക്കുറ്റം ചുമത്തിയ വ്യക്തിയാണ് ബാഷിർ. 2009ൽ ഐസിസി യുദ്ധകുറ്റം ചുമത്തുമ്പോൾ ബാഷിർ അത്തരമൊരു കുറ്റം ചുമത്തപ്പെട്ട ലോകത്തിലെ ഒരേയൊരു രാഷ്ട്രത്തലവൻ ആയിരുന്നു. 1989ൽ ജനാധിപത്യ സർക്കാരിനെ സൈനിക നീക്കത്തിലൂടെ അട്ടിമറിച്ചതും ബാഷിറിൻ്റെ നേതൃത്വത്തിൽ തന്നെയായിരുന്നു. സുഡാൻ ജനത അഴിമതിക്കുറ്റവും ബാഷിറിൻറെ 30 വർഷത്തെ ഭരണത്തിനു മുകളിൽ ആരോപിക്കുന്നുണ്ട്.
തുടരുന്ന സംഘർഷത്തിൽ ഇതുവരെ 4200 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഖാർത്തുമിലെ 16 ശതമാനം ആശുപത്രികൾ മാത്രമാണ് പ്രവർത്തിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. തെരുവുകൾ നിറയെ മൃതദേഹങ്ങളാണെന്നാണ് ദൃക്സാക്ഷി വിവരണം. ഇരുപതിനായിരത്തോളം ആളുകൾ ചാഡിലേക്കും പതിനായിരത്തിലധികം ആളുകൾ ഈജിപ്തിലേക്കും നിരവധി പേർ സൗത്ത് സുഡാനിലേക്കും എത്യോപ്പിയയിലേക്കും പലായനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സ്വന്തം പൗരന്മാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് വിവിധ ലോക രാഷ്ട്രങ്ങളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here