സൂക്ഷിച്ചില്ലങ്കില്‍ പണികിട്ടും; വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വന്‍ കെണി

Whatsapp

ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതല്‍ പേര്‍ സ്വകാര്യ മെസ്സേജിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. എന്നാല്‍ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി ഉയരുമ്പോള്‍ അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും മറുവശത്ത് ഉയരുകയാണ്. 2.78 ബില്യണിലധികം വരുന്ന വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ കാര്യമായി ബാധിക്കുന്ന പുതിയ സാമ്പത്തിക തട്ടിപ്പ് രീതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍.

വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമെന്ന വ്യാജേന ഉപയോക്താക്കളെ ബന്ധപ്പെട്ട് വീഡിയോ കോളില്‍ ചേരുന്നതിനായുള്ള കോഡ് നല്‍കുകയും അതുവഴി ഉപയോക്താവിന്‍റെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുകയും അക്കൗണ്ടിന്‍റെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്യുന്ന തട്ടിപ്പ് രീതിയാണിത്. ഉപയോക്താവിന്‍റെ അക്കൗണ്ടിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആള്‍മാറാട്ടം നടത്തി പണം ആവശ്യപ്പെടുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ഈ സമയം ടു-സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഉപയോഗിക്കുന്നതിനാല്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയ അക്കൗണ്ടിന്റെ നിയന്ത്രണം തിരികെ പിടിക്കുകയെന്നത് ഉപയോക്താവിന് കഠിനമാകും.

അതിനാല്‍ ഗ്രൂപ്പ് ചാറ്റുകളില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ലണ്ടന്‍ പൊലീസ് നാഷണല്‍ ഫ്രോഡ് ഇന്റലിജന്‍സ് ബ്യൂറോ മേധാവി ഗാരി മൈല്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടു-സ്റ്റെപ്പ് വേരിഫിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം
ആറ് അക്ക പിന്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന കർശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ താന്‍ സൈബര്‍ തട്ടിപ്പിന് ഇരയാകുന്നുവെന്ന സംശയം ഉണ്ടായാല്‍ അവരുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതിനായി ഓഡിയോ-വീഡിയോ കോളിലൂടെ വ്യക്തിയുമായി നേരിട്ട് ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read- വീടുകളെ സ്മാർട്ടാക്കാൻ ആപ്പിൾ; എഐ സാങ്കേതികവിദ്യയുമായി ടേബിൾടോപ്പ് ഡിവൈസ് വരുന്നു

സൈബര്‍ ക്രൈമിനെതിരായി ആക്ഷന്‍ ഫ്രോഡ് എന്ന ബ്രിട്ടീഷ് കേന്ദ്രം പുറത്തുവിട്ട കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ ഇത്തരത്തിലുള്ള 630ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ തന്നെ വാട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് വ്യാപകമായി നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ മെറ്റയും വെട്ടിലായിരിക്കുകയാണ് ഇപ്പോള്‍.അതേസമയം മെറ്റ ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News