നിങ്ങള്‍ക്ക് ദിവാസ്വപ്‌നക്കാരനാകണോ? യുക്തിസഹമായി ദിവാസ്വപ്‌നങ്ങള്‍ കാണാന്‍ പരിശീലിക്കാം!

ദിവാസ്വപ്‌നം ഒരു ശീലമാകുമ്പോള്‍, അത് അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ കൊണ്ടുവരും. ചിലതരം ദിവാസ്വപ്‌നങ്ങള്‍ നമ്മളെ മികച്ച സംരംഭകരും നേതാക്കന്മാരും സൃഷ്ടാക്കളും ആകാന്‍ സഹായിക്കും. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെയ്ദ് ബിസിനസ്സ് സ്‌കൂളിലെ അസോസിയേറ്റ് ഫെല്ലോ നെലിഷ വിക്രമസിംഗെ ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് ജേര്‍ണലില്‍ ദിവാസ്വപ്‌നത്തെ വിശകലനം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. ഒരു സൈക്കോളജിസ്റ്റ് കൂടിയാണ് നെലിഷ വിക്രമസിംഗെ.

ആളുകളെ മനസ്സിലാക്കുന്നതോ, ചിന്തിപ്പിക്കുന്നതോ, നവീകരിക്കുന്നതോ ആയ രീതി മെച്ചപ്പെടുത്താനുള്ള ഒരു ഉപാധിയായി ദിവാസ്വപ്‌നം പ്രയോജനപ്പെടുത്തണം. ലോട്ടറി അടിക്കുന്നതിനെക്കുറിച്ചോ സൂര്യനിലേക്ക് യാത്രപോകുന്നതിനെക്കുറിച്ചോ നമ്മള്‍ കാണുന്ന യുക്തിസഹമല്ലാത്ത ദിവാസ്വപ്‌നങ്ങളെയല്ല ഈ നിലയില്‍ നെലിഷ വിക്രമസിംഗെ വിശകലനം ചെയ്തിരിക്കുന്നത്. മറിച്ച് ദിവാസ്വപ്‌നം ഒരു പരിശീലനമായി മാറുന്നതിനെക്കുറിച്ചാണ് നെലിഷ വ്യക്തമാക്കുന്നത്. യോഗ പോലെയോ ശ്രദ്ധാപൂര്‍വ്വമുള്ള ശ്വസനപരിശീലനം പോലെയോ നമ്മള്‍ പതിവായി മനഃപൂര്‍വ്വം പരിശീലിച്ചെടുക്കുന്ന ഒന്നാണ് ദിവാസ്വപ്‌നമെങ്കില്‍, അത് അതിശയകരമായ ഫലങ്ങള്‍ കൊണ്ടുവരുമെന്നാണ് നെലിഷ പറയുന്നത്. നമ്മുടെ മസ്തിഷ്‌കത്തിന്റെ രണ്ട് അര്‍ദ്ധഗോളങ്ങളെയും ഉത്തേജിപ്പിക്കുന്ന ഒരു ബോധപൂര്‍വ്വ പ്രക്രിയയായി യുക്തിസഹമായ ദിവാസ്വപ്‌നങ്ങള്‍ കാണുന്നതിനെ മാറ്റിത്തീര്‍ക്കണം.

കുട്ടികളായിരിക്കുമ്പോള്‍ നമ്മളൊക്കെ ഭാവന ഉപയോഗിക്കുന്നതിനെക്കാള്‍ ബുദ്ധി ഉപയോഗിക്കാനാണ് ശീലിപ്പിക്കപ്പെട്ടത്. അതിനാല്‍ നമ്മളില്‍ പലരും നമ്മുടെ യുക്തിസഹമായ കഴിവിനെ മാത്രം ജീവിതത്തില്‍ ആശ്രയിക്കുന്നു. അതിനാല്‍ യുക്തിസഹമായ ഭാവന നമുക്ക് പ്രയോജനപ്പെടുന്നില്ലെന്ന കാഴ്ചപ്പാടും നെലിഷ പങ്കുവയ്ക്കുന്നുണ്ട്. യുക്തിസഹമായ ചിന്താഗതിയില്‍ മാത്രം വിഷയങ്ങളെ സമീപിക്കുന്നവര്‍ പലപ്പോഴും സഹാനുഭൂതി കുറഞ്ഞവരും പുതുമകളോട് താല്‍പ്പര്യം കുറഞ്ഞവരും, അപരിചിതരുമായിരിക്കും. ഇതിന് പുറമെ ഇവര്‍ ലോകത്തെ ഭാഗങ്ങളായും വിഭാഗങ്ങളായും വിഭജിക്കാന്‍ പ്രവണത കാണിക്കുന്നവരാണ്. തല്‍ഫലമായി ആളുകളും സാഹചര്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള അര്‍ത്ഥങ്ങളും ബന്ധങ്ങളും കാണുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നുവെന്ന് നെലിഷ നിരീക്ഷിക്കുന്നുണ്ട്.

യുക്തിബോധത്തെ മാത്രം ആശ്രയിക്കുന്നവര്‍ മിടുക്കന്മാരാണെന്ന് തോന്നുമെങ്കിലും ഇവരുടെ ചിന്തയും പെരുമാറ്റവും യുക്തിസഹവും സാങ്കല്പികവുമായ മസ്തിഷ്‌ക പേശികളെ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് സങ്കീര്‍ണ്ണമല്ല. ഭാവനയുടെ മസ്തിഷക പ്രയോഗം പരിചിതമല്ലാത്തതിനാല്‍ തന്നെ ഭാവനാത്മകമായി പ്രവര്‍ത്തിക്കേണ്ട ഘട്ടത്തില്‍ യുക്തിബോധത്തെ മാത്രം ആശ്രയിക്കുന്നവര്‍ പരാജയപ്പെടുമെന്നാണ് നെലിഷയുടെ നിരീക്ഷണം. അതിനാല്‍ തന്നെ ഇത്തരക്കാര്‍ ചിന്തിക്കാനോ ജോലി സ്ഥലത്ത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ പാടുപെടുമെന്നും നെലിഷ വ്യക്തമാക്കുന്നുണ്ട്.

പകലും രാത്രിയും സ്വപ്‌നം കാണുന്നത് യാന്ത്രിക യുക്തിയും സാങ്കല്പികതയും തമ്മിലുള്ള അതിര്‍വരമ്പിനെ ഇല്ലാതാക്കുന്നുവെന്ന് നെലിഷ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ സ്വപ്‌നങ്ങള്‍ കാണുന്നത് നമ്മളെയും മറ്റുള്ളവരെയും സാഹചര്യങ്ങളെയും യഥാര്‍ത്ഥമായി മനസ്സിലാക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നു. നാം സ്വപ്‌നം കാണുമ്പോള്‍ നമ്മുടെ അബോധമനസ്സിന്റെ ഉള്ളടക്കം നമ്മളെ സ്വാധീനിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അബോധാവസ്ഥയില്‍ സൃഷ്ടിക്കപ്പെടുന്ന ‘മനസ്സിന്റെ കൊട്ടാര’ത്തില്‍ നിന്നുമാണ് നമ്മുടെ ജീവിത പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള സൂചനകളും നിര്‍ദ്ദേശങ്ങളും പുറത്തുവരുന്നതെന്നും നെലിഷ നിരീക്ഷിക്കുന്നു.

മികച്ച പകല്‍ സ്വപ്‌നക്കാരനാകാനുള്ള നുറുങ്ങുകള്‍

*ദിവാസ്വപ്‌നം കാണാന്‍ സ്വയം അനുമതി നല്‍കുകയും പകല്‍ സ്വപ്‌നങ്ങള്‍ നിങ്ങളുടെ കഴിവും പ്രകടനവും വര്‍ദ്ധിപ്പിക്കുമെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക.

* പുറകോട്ട് തലവച്ച് കിടന്ന് മേല്‍ക്കൂരയിലേക്കോ ജനലിന് പുറത്തേക്കോ നോക്കുക, മൃദുവായ നോട്ടം പരീക്ഷിക്കുക. ദൂരേക്ക് നോക്കിയാണ് ഇത് ചെയ്യേണ്ടത്, പക്ഷെ ഒന്നിലും കാഴ്ച കേന്ദ്രീകരിക്കരുത്. ഒന്നിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് നമ്മുടെ മനസ്സിനെ അലഞ്ഞുതിരിയുന്നതില്‍ നിന്നും തടയുന്നു. ഇതാണ് സ്വപ്‌നം കാണാന്‍ നമുക്ക് ആവശ്യം.

* നിങ്ങള്‍ ഒരിക്കല്‍ മൃദുവായി നോക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചാല്‍ ചിന്തകളും വികാരങ്ങളും ഒന്നിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാത്ത വിധത്തില്‍ തുറന്ന ശ്രദ്ധ പരിശീലിക്കുക. നിങ്ങള്‍ ആ നിലയില്‍ ശ്രദ്ധ ഒന്നിലേക്ക് കുരുങ്ങിപ്പോയാല്‍ നിങ്ങള്‍ ശ്വാസഗതിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുക. നിങ്ങളുടെ ശ്വസനത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള താളം ആശ്വാസകരമാണ്. ഇത് നിങ്ങളുടെ ആശങ്കകളെയും അമിതമായ ചിന്തകളെയും മറികടക്കാന്‍ സഹായിക്കും.

* ഒരു വസ്തുവില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് ഭാവന പരിശീലിക്കുക. ഒരു മരത്തിലോ കാപ്പി കപ്പിലോ ശ്രദ്ധകേന്ദ്രീകരിച്ച് ഭാവന പരിശീലിക്കാവുന്നതാണ്. നിങ്ങള്‍ സ്വയം ആ വസ്തുവാണെന്ന് സങ്കല്പിക്കുക. ഒരു മരമെന്ന നിലയിലോ കോഫി കപ്പ് എന്ന നിലയിലോ നിങ്ങള്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്, ആ നിലയില്‍ മരവുമായോ കോഫി കപ്പുമായോ ഈ നിലയില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുക

* ഫ്രീഫാള്‍ റൈറ്റിംഗ് പരിശീലിക്കുക. എവിടെ നിന്നെങ്കിലും ഒരു വാചകം എടുക്കുക, അത് ഒരു പുസ്തകത്തിലെ, മാസികയിലെ അല്ലെങ്കില്‍ നിങ്ങളുടെ തലയില്‍ ഉദിക്കുന്ന വാചകമാകാം. ഉദാഹരണത്തിന് ‘എല്ലാവരും രാത്രി ട്രെയിനില്‍……’, ‘ചില കുട്ടികള്‍………’, ‘ഒരു തമാശയുണ്ട്…..’ വാചകങ്ങള്‍ ഏതുമാകാം. തുടര്‍ന്ന് ഈ മൂലവാക്യത്തില്‍ നിന്നും എഴുത്ത് തുടങ്ങുക. ഭാവനയാണ് നിങ്ങളെ ഈ എഴുത്ത് തടസ്സമില്ലാതെ തുടരാന്‍ സഹായിക്കേണ്ടത്. എഴുത്ത് തടസ്സപ്പെട്ടാലും അത് തുടരാന്‍ നിങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. നിങ്ങള്‍ക്ക് എഴുത്ത് തുടരാന്‍ കഴിയുന്നില്ലെങ്കില്‍ മനസ്സിലാക്കേണ്ടത്, എഴുത്ത് യുക്തിസഹവും ചിട്ടയുമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഇടതുവശത്തെ മസ്തിഷ്‌ക ബോധം നിങ്ങളെ ഹൈജാക്ക് ചെയ്തുവെന്നാണ്. നിങ്ങളുടെ ഈ ചിന്തയെ മറികടക്കുകയും ഭാവന വീണ്ടും വിരിയുകയും ചെയ്യുന്നത് വരെ നിങ്ങള്‍ ആദ്യം എഴുതിയ മൂലവാക്യം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് എഴുതുക. കുറഞ്ഞത് മൂന്നുമിനിറ്റെങ്കിലും ഇതുപോലെ സ്വയം എഴുതുക. ദിവസവും ഈ നിലയില്‍ പരിശീലിച്ചാല്‍ നിങ്ങളുടെ ഭാവന എങ്ങനെയാണ് ഒഴുകുന്നതെന്ന് കണ്ട് നിങ്ങള്‍ അതിശയപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News