‘ഞങ്ങളെ പുറത്താക്കിയപ്പോൾ ഭിക്ഷാപാത്രവുമായി പിന്നാലെ വരുമെന്ന് കരുതിയോ’? കെപിസിസി പ്രസിഡൻ്റിനോട് ചോദ്യമുന്നയിച്ച് ചേവായൂർ ബാങ്ക് ചെയർമാൻ ജി സി പ്രശാന്ത്

‘ഞങ്ങളെ പുറത്താക്കിയപ്പോൾ ഭിക്ഷാപാത്രവുമായി പിന്നാലെ വരുമെന്ന് കരുതിയോ’? കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനോട് ചോദ്യമുന്നയിച്ച് ചേവായൂർ ബാങ്ക് ചെയർമാൻ ജി സി പ്രശാന്ത്കുമാർ. ചേവായൂർ ബാങ്കിൻ്റെ ഭരണം സിപിഐഎം പിന്തുണയോടെ പിടിച്ചെടുത്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജി.സി. പ്രശാന്ത്.

തങ്ങളെ പുറത്താക്കുക മാത്രമല്ല, കെപിസിസി പ്രസിഡൻ്റിനേക്കാൾ പാരമ്പര്യമുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കൊല്ലുമെന്ന് പ്രഖ്യാപിച്ചയാളാണ് കെ. സുധാകരൻ. ഞങ്ങൾ പോയത് ഞങ്ങളെ സംരക്ഷിക്കുമെന്ന് പറഞ്ഞവർക്കൊപ്പം ആണ്. മുഖ്യമന്ത്രി സഹകരണ മേഖലയിൽ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചത്, പാർട്ടി നോക്കിയല്ല ഞങ്ങളിന്ന് ജീവനോടെ ഇരിക്കുന്നത് സിപിഐഎമ്മിൻ്റെ സംരക്ഷണം കൊണ്ടാണെന്നും ജി.സി. പ്രശാന്ത് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഒരുപാട് അധിക്ഷേപവും വ്യക്തിഹത്യയും നടത്തിയവരാണ് കോൺഗ്രസ് പാനലിൽ മത്സരിച്ചത്. ഞങ്ങളെ പുറത്താക്കി വക വരുത്തുമെന്ന് പറഞ്ഞവരാണ് കോൺഗ്രസ് നേതൃത്വം. കെ. സുധാകരന് മുമ്പ് കോൺഗ്രസായവർ വന്നപ്പോൾ ആട്ടിപ്പായിച്ച ആളാണ് കെപിസിസി പ്രസിഡൻ്റ്. അന്ന് ഞങ്ങളെ സഹായിച്ചവരാണ് സിപിഐഎം. ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ട് സഹായിക്കുന്നത് സ്വാഭാവികമാണെന്നും കോൺഗ്രസിനെ തകർക്കാൻ വന്ന ആളാണ് ഡിസിസി പ്രസിഡൻ്റെന്നും ജി.സി. പ്രശാന്ത് പറഞ്ഞു. ജില്ലയിൽ കോൺഗ്രസിന് ഉപ്പുവെച്ച കലംപോലെ ആക്കാനാണ് ഇയാളുടെ നീക്കം.

ഡിസിസിയുടെ അത്ര മ്ലേച്ഛമായ നടപടി സിപിഐഎം എന്തായാലും ചെയ്തിട്ടില്ല. സഹകരണ മര്യാദയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പലതും തുറന്ന് പറയാത്തത്. തുറന്ന് പറയാൻ തുടങ്ങിയാൻ കോൺഗ്രസിൻ്റെ സഹകരണ സ്ഥാപനങ്ങളുടെ അസ്ഥിവാരം തോണ്ടേണ്ടി വരും. ഒരു വായ്പയെടുക്കാൻ പോലും സഹകരണ ബാങ്കിൽ പോകാത്തവരാണ് ഞങ്ങളെ പഠിപ്പിക്കാൻ വരുന്നതെന്നും ജി.സി. പ്രശാന്ത് ചൂണ്ടിക്കാട്ടി. കോൺഗ്രസിനകത്ത് അഭിപ്രായസ്വാതന്ത്ര്യം ഇല്ല. നിക്ഷേപം പിൻവലിക്കണമെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനക്കെതിരെ ജനങ്ങൾക്കിടയിൽ പ്രചരണം നടത്തുമെന്നും ജി.സി. പ്രശാന്ത്കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News