ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ടെത്തിയത് 15 അടി താഴ്ചയുള്ള കിണറ്റിൽ. വെള്ളിയാഴ്ച രാത്രി 9.20ന് എറണാകുളം കോലഞ്ചേരിയിലുള്ള പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് സംഭവം. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ യാത്രികരും ദമ്പതികളുമായ ആലുവ കൊമ്പാറ സ്വദേശി കാർത്തിക് എം.അനിൽ (27), വിസ്മയ (26) എന്നിവരെ പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ചു.
ALSO READ: കൊച്ചിയിലെ കൂട്ട മൊബൈൽ ഫോൺ മോഷണം; മൂന്ന് ഐഫോണുകളുടെ ലൊക്കേഷൻ ചോർ ബസാറിൽ
5 അടിയോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്ന കിണറിലേക്കാണ് കാർ വീണത് എന്നത് അപകടത്തിൻ്റെ ഗൌരവം വ്യക്തമാക്കുന്നതാണ്. കാർ റോഡിലെ ചപ്പാത്തിലേക്ക് ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രികർ പറഞ്ഞു. കിണറിൻ്റെ സംരക്ഷണ ഭിത്തി തകർത്തു കൊണ്ടാണ് കാർ കിണറ്റിന് ഉള്ളിലേക്ക് വീണത്. കിണറിനുള്ളിൽ വെള്ളം താരതമ്യേന കുറവായിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കൂടാതെ അപകടം നടന്നതിനു ശേഷം ദമ്പതികൾക്ക് കാറിൻ്റെ ഡോർ തുറക്കാനായത് രക്ഷാപ്രവർത്തനം എളുപ്പമാക്കുകയും ചെയ്തു. ദമ്പതികളുടെ പരുക്ക് ഗുരുതരമല്ല. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് പുറത്തെത്തിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here