സിനിമയൊരു മാജിക്കാണ്. സർഗാത്മകതയ്‌ക്കൊപ്പം ബിസിനസ്സു കൂടി കൂടിച്ചേരുമ്പോഴുള്ള നിറവും പകിട്ടും അതിൻ്റെ ഓരോ പ്രക്രിയകളിലും ഉണ്ട്. അർപ്പണബോധവും കഠിനാധ്വാനവുമാണ് ഓരോ സിനിമയുടെയും ഗതി നിർണയിക്കുന്നത് എന്നിരിക്കെ സിനിമ കൊണ്ട് രാജ്യത്തെ എണ്ണം പറഞ്ഞൊരു കോടീശ്വരനായി മാറിയ വ്യക്തിയെക്കുറിച്ച് നിങ്ങൾക്കറിയാമോ? ബോളിവുഡിലെ കിങ് ഖാനെക്കാളും അമിതാഭ് ബച്ചനെക്കാളും ധനികനായ ഒരു ചലച്ചിത്രകാരൻ. കരൺ ജോഹർ, ആദിത്യ ചോപ്ര തുടങ്ങിയ ഇന്ത്യയിലെ മുൻനിര സംവിധായകർക്കാർക്കും എത്തിപ്പിടിക്കാനാകാത്ത വിധം ഉയരെ നിൽക്കുന്ന ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ആ താരകത്തിന് നമ്മളിൽ ചിലരെങ്കിലും പ്രതീക്ഷിക്കുന്ന പോലെ ബോളിവുഡുമായി ഒരു ബന്ധവും ഇല്ല. തമിഴ് സിനിമാ വ്യവസായത്തിലെ മുടിചൂടാമന്നനായി ഇന്നു വിലസുന്ന ആ വ്യക്തി മറ്റാരുമല്ല, സാക്ഷാൽ കലാനിധി മാരനാണത്.
രാജ്യത്തെ സമ്പന്നരിൽ 80-ാം സ്ഥാനത്തുള്ള കലാനിധി മാരൻ രാഷ്ട്രീയ സ്വാധീനമുള്ള ഒരു കുടുംബത്തിലായിരുന്നു ജനിച്ചത്. പിതാവ് മുരസൊലി മാരൻ ഡിഎംകെയുടെ ഒരു പ്രധാന നേതാവായിരുന്നു. ചെന്നൈയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കലാനിധി മാരൻ യുഎസിലെ പെൻസിൽവാനിയയിലെ സ്ക്രാൻ്റൺ സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടി. തുടർന്ന് 1993-ൽ അദ്ദേഹം സൺ ടിവി ആരംഭിച്ചു, സൺ ടിവി ഇന്ന് സൺ ഗ്രൂപ്പായി വളർന്ന് ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള സൺ ഗ്രൂപ്പിൻ്റെ ചെയർമാനും കൂടിയാണ് കലാനിധി മാരൻ എന്ന ഈ ചലച്ചിത്ര നിർമാതാവ്. 2024-ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, മാരൻ്റെ നിലവിലെ ആസ്തി 33,400 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ അദ്ദേഹത്തിൻ്റെ റാങ്കിങ് അഞ്ച് സ്ഥാനങ്ങൾ കുറഞ്ഞെങ്കിലും, അദ്ദേഹത്തിൻ്റെ സമ്പത്തിൽ 34% വർധനവ് ഉണ്ടായിരിക്കുന്നു.
മാരൻ്റെ ഉടമസ്ഥതയിലുള്ള സൺ ഗ്രൂപ്പിന് 30-ലധികം ടെലിവിഷൻ ചാനലുകൾ, രണ്ട് പത്രങ്ങൾ, അഞ്ച് മാസികകൾ, സൺ പിക്‌ചേഴ്‌സ് എന്ന സിനിമാ നിർമ്മാണ കമ്പനി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സൺ എൻഎക്‌സ്‌ടി, ഡിടിഎച്ച് സേവനമായ സൺ ഡയറക്‌ട് എന്നിവ കമ്പനി നിയന്ത്രിക്കുന്നു. കൂടാതെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നീ രണ്ട് ക്രിക്കറ്റ് ടീമുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ വമ്പൻ താരങ്ങളെ മറികടന്നാണ് കലാനിധി മാരൻ്റെ നേട്ടം. 2024-ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം ഷാരൂഖ് ഖാൻ്റെ ആസ്തി 7,300 കോടി രൂപയാണ്, അതേസമയം അമിതാഭ് ബച്ചൻ്റെയും കുടുംബത്തിൻ്റെയും ആകെ സമ്പത്ത് 1,600 കോടി രൂപയാണത്രെ. ബോളിവുഡിലെ ഏറ്റവും സമ്പന്നനായ ചലച്ചിത്ര നിർമാതാവായ കരൺ ജോഹറിൻ്റെ ആസ്തി 1,400 കോടി രൂപയാണ്, അതായത് കലാനിധി മാരൻ്റെ വിശാലമായ സാമ്രാജ്യത്തിനും വളരെ താഴെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here