സിദ്ധാരാമയ്യയോ ശിവകുമാറോ? കീറാമുട്ടിയായി മുഖ്യമന്ത്രി സ്ഥാനം

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി അധികാരം ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് സ്വീകരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിജയിച്ചുവരുന്ന എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്നും അതില്‍ മറ്റ് ആശങ്കകളില്ലെന്നുമാണ് നേതൃത്വം പറയുന്നത്. എന്നാല്‍ പാര്‍ട്ടി അധികാരം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ മുറുകി കഴിഞ്ഞു. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലി ജി പരമേശ്വരയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനം കീറാമുട്ടിയായി മാറുമോ

സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ സിദ്ധരാമയ്യയാണ് പരിഗണനയില്‍ മുന്‍പന്തിയില്‍. ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. സിദ്ധരാമയ്യ, ശിവകുമാര്‍ എന്നിവരുടെ ജാതി കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകളും ഇതിനോടകം സജീവമായിക്കഴിഞ്ഞു. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി കെപിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറാണ് കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചത്. ഇത് ഫലം കണ്ടതോടെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യം പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

അതേസമയം തന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന വാദവുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്തെത്തി. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് യതീന്ദ്രയുടെ അവകാശവാദം. മകനെന്ന നിലയില്‍ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു കര്‍ണാടക സ്വദേശിയെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍. ഇനിയും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ബിജെപി ഭരണകാലത്തെ അഴിമതിയും ദുര്‍ഭരണവും തിരുത്തി മുന്നേറുമെന്ന് ഉറപ്പാണ്. സംസ്ഥാന താല്‍പര്യത്തിന് അദ്ദേഹം മുഖ്യമന്ത്രിയാകുന്നതാണ് നല്ലതെന്നും യതീന്ദ്ര പറഞ്ഞു.

ദളിത് വിഭാഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായിരുന്നു. നേരത്തെയും ദളിത് മുഖ്യമന്ത്രിയെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഇത്തവണ ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം വീരപ്പമൊയ്‌ലി തന്നെ ഉയര്‍ത്തിയെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി.കെ ശിവശിവകുമാറും തമ്മില്‍ തര്‍ക്കം മുറുകിയാല്‍ ജി.പരമേശ്വരയുടെ പേരും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പരിഗണിച്ചേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News