മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ആര് ? ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

Maharashtra

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാനിരിക്കെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ആശയക്കുഴപ്പത്തിലാണ് ഇരുമുന്നണികളും. അതെ സമയം എക്സിറ്റ് പോള്‍ പുറത്ത് വന്നതിന് പിന്നാലെ അജിത് പവാറിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന ബാനറുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര കാത്തിരിക്കുന്നത് മഹാ നാടകങ്ങളാണ്.

ബി.ജെ.പി. നയിക്കുന്ന മഹായുതി സഖ്യവും കോണ്‍ഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും എന്‍സിപി ശരദ്പവാര്‍ വിഭാഗവും ചേര്‍ന്ന മഹാവികാസ് അഘാഡിയും ഇക്കുറി മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നില്ല തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍.

തെരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമായാലും അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന തയ്യാറെടുപ്പുകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ അണിയറയില്‍ സജീവം. നിലവിലെ ഭരണകക്ഷിയായ മഹായുതി നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ തുടരാനുള്ള സാദ്ധ്യതകള്‍ കുറവാണെന്നാണ് ബിജെപി വൃത്തങ്ങളിലെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

അത് കൊണ്ട് തന്നെ ഏത് മുന്നണി ജയിച്ചാലും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വീണ്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തെ സമ്മര്‍ദ്ദത്തിലാക്കും. വോട്ട് ചെയ്തവരെ വിഡ്ഢികളായി പുതിയ കൂട്ടുകെട്ടുകളും സഖ്യങ്ങളും ഉണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

മുന്‍കാല സഖ്യങ്ങള്‍ പിണങ്ങി പിരിയാനുള്ള കാരണങ്ങളും പ്രധാന പദവിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. പിന്നീടാണ് പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കൊടുവില്‍ മഹായുതിയും മഹാ വികാസ് അഘാഡി സഖ്യവും രൂപം കൊണ്ടത്.

ഉദ്ധവ് താക്കറെ കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും കൂടെകൂട്ടി സര്‍ക്കാരുണ്ടാക്കിയാണ് അന്ന് ബി.ജെ.പിയെ വെല്ലുവിളിച്ചത്. എന്നാല്‍ ഈ പാര്‍ട്ടികളെ പിളര്‍ത്തി റിസോര്‍ട്ട് രാഷ്ട്രീയത്തിലൂടെ അധികാരം പിടിച്ചെടുത്ത് ബിജെപിയും തിരിച്ചടിച്ചു.

ഷിന്‍ഡേയെ മുന്‍നിര്‍ത്തിയാണ് മഹായുതി സഖ്യം തിരഞ്ഞെടുപ്പ് നേരിട്ടതെങ്കിലും ബിജെപി യോഗങ്ങളിലെല്ലാം താരമായി ഉയര്‍ത്തിക്കാട്ടിയത് ഫഡ്നാവിസിനെയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി ദേവേന്ദ്ര ഫഡ്നവിസും കരുക്കള്‍ നീക്കുന്നുണ്ട്. അജിത് പവാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നതോടെ ഒരുമിച്ചിരുന്ന് തീരുമാനമെടുക്കുമെന്നാണ് ഫഡ്നവിസിന്റെ പ്രതികരണം

അജിത് പവാറിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന ബാനറുകള്‍ മഹാരാഷ്ട്രയിലെ ചില സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. എക്സിറ്റ് പോള്‍ വന്നതിന് ശേഷമാണ് ഈ ബാനറുകള്‍ കാണാന്‍ തുടങ്ങിയത്

മഹാവികാസ് അഘാഡിയിലും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. മഹാവികാസ് അഘാഡി നിലവില്‍ വന്ന സമയത്ത് ഉദ്ധവ് താക്കറെ ആയിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഉദ്ധവ് തുടര്‍ന്നും മുഖ്യമന്ത്രിയാകുന്നതിനോട് കോണ്‍ഗ്രസില്‍ വിയോജിപ്പുണ്ട്. സഖ്യകക്ഷികളായ ശിവസേനയും എന്‍ സി പി യും പിളര്‍ന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചേക്കാം

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നിലെത്തുന്ന പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാമെന്ന ധാരണയുണ്ടെങ്കിലും ഫലം പുറത്ത് വരുന്നതോടെ ധാരണകള്‍ കാറ്റില്‍ പറത്തി അധികാര വടംവലികള്‍ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News