ആരാകും അടുത്ത മഹാരാഷ്ട്ര  മുഖ്യമന്ത്രി ? മുംബൈയിൽ തിരക്കിട്ട ചർച്ചകൾ 

shivsena

മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന  ഊഹാപോഹങ്ങൾ ശക്തമാകുമ്പോൾ, വിജയ സഖ്യമായ മഹായുതി രണ്ട് ഉപമുഖ്യമന്ത്രിമാരുമായി തങ്ങളുടെ പഴയ ഫോർമുല ആവർത്തിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.  ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബിജെപി, ശിവസേന, എൻസിപി എന്നീ മൂന്ന് പാർട്ടികളും ചേർന്ന് തീരുമാനിക്കും.   

എന്നിരുന്നാലും പ്രധാന പദവി ആർക്കെന്ന  തിരക്ക് പിടിച്ച ചർച്ചകളാണ് മുംബൈയിൽ നടക്കുന്നത്.  ബിജെപിയും എൻസിപിയും പിന്താങ്ങിയതോടെ മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ഫഡ്‌നാവിസ് ആകുവാനുള്ള സാധ്യതകളാണ് തെളിയുന്നത്. അതേസമയം  ഷിൻഡെയുടെ തിരിച്ചുവരവിനാണ്  സേനാ ക്യാമ്പ് ഊന്നൽ നൽകുന്നത് .

ഏകനാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ബി.ജെ.പി നേതാവ്, മത്സരിച്ച 148 സീറ്റുകളിൽ 132-ലും വിജയിച്ച ബി.ജെ.പിയുടെ വിസ്മയിപ്പിച്ച സ്‌ട്രൈക്ക് റേറ്റിൻ്റെ പ്രധാന ശില്പികളിൽ ഒരാളാണ്. 

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കം ശിവസേനയെ നെടുകെ പിളർത്തിയാണ്  ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയത്.  ഭരണസഖ്യത്തിൽ ബിജെപിക്ക് കൂടുതൽ അംഗങ്ങൾ ഉണ്ടായിരുന്നിട്ടും,  ഉപമുഖ്യമന്ത്രിയാകാൻ ഫഡ്‌നാവിസ് സമ്മതിച്ചത് പുലി പതുങ്ങുന്നതിന് സമാനമായിരുന്നു. ഈ തിരഞ്ഞെടുപ്പിലൂടെ കുതിച്ച് ചാട്ടം നടത്തിയ ഫഡ്‌നാവിസ് പ്രധാന പദവി ചോദിക്കുന്നത് സ്വാഭാവികമെന്നാണ്  ബിജെപി നേതാക്കൾ പറയുന്നത്.  മറ്റൊരു വിട്ടുവീഴ്ചക്കും ബിജെപി വൃത്തങ്ങൾ തയ്യാറല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ .  

അതെ സമയം ലാഡ്‌കി ബഹിൻ ഉൾപ്പെടെയുള്ള  സർക്കാർ നയങ്ങളാണ് മഹായുതിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്ന് സേന നേതാക്കൾ അവകാശപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഷിൻഡെ വിമുഖത കാണിക്കുന്നതായാണ്  ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ശിവസേന നേതാവ് ദീപക് കേസർക്കർ പറയുന്നത് ശിവസേന എംഎൽഎമാർ ഷിൻഡെ ഈ സ്ഥാനത്ത് തുടരണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നാണ്. എന്നാൽ ബദൽ നീക്കത്തിനുള്ള സാധ്യതകളുടെ അഭാവം ഷിൻഡെ വിഭാഗത്തെ അലട്ടുന്നുണ്ട്. 

മഹായുതി വളരെ നന്നായി പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത സാഹചര്യത്തിൽ  ഷിൻഡെയും ഫഡ്‌നാവിസും പവാറും ഈ വിഷയത്തിൽ ഉചിതമായ തീരുമാനത്തിലെന്നുമാണ്  കേസർക്കർ പറയുന്നത് 288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന് 14 എണ്ണം കുറവാണ്.  എൻസിപിയുടെ പിന്തുണയോടെ ബി.ജെ.പിക്ക് എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നതിനാൽ,  ഏകനാഥ് ഷിൻഡെയുടെ വിലപേശൽ തന്ത്രങ്ങൾ പരിഗണിച്ചേക്കില്ല. അങ്ങിനെയെങ്കിൽ  കാബിനറ്റ് പദവികൾ പരമാവധി പ്രയോജനപ്പെടുത്താനാകും  സേനയും എൻസിപിയും ശ്രമിക്കുക. 

ഷിൻഡെക്ക്  മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാൽ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയുടെ രൂക്ഷമായ പരിഹാസത്തിന് വിധേയമാകുമെന്നതും അണികൾക്കിടയിൽ വേവലാതിയുണ്ട് . ഷിൻഡെയ്ക്ക് ഫഡ്‌നാവിസിന് കീഴിൽ പ്രവർത്തിക്കേണ്ടി വരുമെന്ന് താക്കറെ പണ്ടേ പറഞ്ഞിരുന്നതാണ് .  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News