മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 288 അംഗ നിയമസഭയിൽ 230 സീറ്റുകൾ നേടി വൻ വിജയം നേടിയെങ്കിലും അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഭരണസഖ്യത്തിന്റെ നേതാക്കൾക്കിടയിൽ ഇതുവരെ സമവായം ഉണ്ടായിട്ടില്ല. ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും തമ്മിലാണ് തർക്കം തുടരുന്നത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഭരണഘടനാപരമായ ബാധ്യതയിൽ രാജിവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള സസ്‌പെൻസ് തുടരുകയാണ്.
ആർഎസ്എസ് നേതൃത്വത്തിന്‍റെ വിശ്വസ്തനും മഹാരാഷ്‌ട്രയിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവുമായ ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിജെപി.
ALSO READ; പ്രതികാരമോ? ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്
അതെ സമയം മഹാരാഷ്ട്രയിൽ മറാഠ സമുദായത്തിൽനിന്നുള്ളവരായിരിക്കണം മുഖ്യമന്ത്രി എന്ന ആവശ്യം ശക്തിപ്പെടുത്തിയാണ് ശിവസേന പിടിവിടാതെ നിൽക്കുന്നത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ നിന്നുള്ള ഷിന്ദേ രാഷ്ട്രീയമായി ആധിപത്യം പുലർത്തുന്ന മറാഠ സമുദായത്തിൽ പെട്ടയാളാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 28% വരുന്നതാണ് മറാഠ സമുദായം. അത് കൊണ്ട് തന്നെ മഹാരാഷ്ട്രയിൽ ഷിൻഡെ മുഖ്യമന്ത്രിയായി തുടരുന്നതാണ് സഖ്യത്തിന് ഗുണകരമാകുക എന്ന വാദമാണ് ശിവസേന മുന്നോട്ട് വയ്ക്കുന്നത്. നാലു മാസം കഴിയുമ്പോൾ നടക്കാനിരിക്കുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മറാഠ വോട്ടുകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ശിവസേന നിലപാട് കടുപ്പിക്കുന്നത്.
എന്നാൽ കേവല ഭൂരിപക്ഷമായ 145 സീറ്റിൽ 132 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി പ്രധാന പദവി ഇക്കുറി എന്തിന് ത്യജിക്കണമെന്നാണ് സംസ്ഥാന നേതാക്കൾ ചോദിക്കുന്നത്. കൂടാതെ അഞ്ച് സ്വതന്ത്രർ കൂടി ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടിയുടെ അംഗബലം 137 ആയി. ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ സമ്മർദം ചെലുത്തുന്നതിനിടയിലാണ് സ്വതന്ത്ര എം.എൽ.എ.മാരെ ഓരോരുത്തരെയായി ബി.ജെ.പി.ചൂണ്ടയിടുന്നത്.
ആർ എസ് എസ്സിനും അജിത് പവറിനും പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്‌നാവിസിനെ പിന്തുണച്ച് രാംദാസ് അത്താവലെയും രംഗത്തെത്തി. ഷിൻഡെയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകാമെന്നാണ് ഉപാധി വച്ചിരിക്കുന്നതെന്ന് അത്താവലെ സൂചിപ്പിക്കുന്നു.
കേന്ദ്രമന്ത്രിയായി ഏകനാഥ് ഷിൻഡെ ഡൽഹിയിലേക്ക് മാറണമെന്നും സംസ്ഥാനത്തിൻ്റെ ഉന്നത സ്ഥാനത്തേക്ക് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ച് വേഗത്തിലുള്ള പ്രമേയം പാസ്സാക്കണമെന്നും ആർപിഐ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ലഭിക്കുന്ന ലാഡ്കി ബഹിൺ യോജന പദ്ധതി വോട്ടാക്കി മാറ്റാൻ കഴിഞ്ഞതിന് പിന്നിലെ സൂത്രാധരൻ കൂടിയായ ഷിൻഡെയെ പിണക്കി പ്രതിരോധത്തിലാക്കാനും ബിജെപിക്ക് മടിയുണ്ട്. സാധാരണക്കാർക്കിടയിൽ കൂടുതൽ സ്വീകാര്യനാണെന്നതും ഷിൻഡെക്ക് അനുകൂലമായ ഘടകമാണ്. അത് കൊണ്ട് തന്നെ ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വം അംഗീകരിക്കുന്നതിനു സമാനമായി മഹാരാഷ്‌ട്രയിൽ ഷിൻഡെ തുടരുന്നതിന്റെ സാധ്യതകളും ചർച്ചകളിൽ ഉയർന്നിരുന്നു. ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ.പി. നഡ്ഡയുടെ പിൻഗാമിയായി ഫഡ്നാവിസിനെ പരിഗണിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ മഹായുതി സഖ്യത്തിനുള്ളിൽ ബിഹാർ സൂത്രവാക്യം ആവർത്തിക്കുന്ന പ്രശ്‌നമില്ലെന്ന് ഭാരതീയ ജനതാ പാർട്ടി തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി ഷിൻഡെ, ഫഡ്‌നാവിസ്, പവാർ എന്നിവർ നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here