രോഗം മാത്രമാണോ അൽഫോൺസ് പുത്രന്റെ പ്രശ്നം? ഒരേയൊരു സിനിമ കൊണ്ട് അത്ഭുതം കാണിച്ച മനുഷ്യനാണ് ഒറ്റ വാക്കിൽ എല്ലാം അവസാനിപ്പിച്ചത്

സിനിമകൾ പരാജയപ്പെടുന്നത് ഒരു പുതിയ കാര്യമല്ല, അതിൻ്റെ പേരിൽ ഒരു മനുഷ്യനെ വ്യക്തിഹത്യ ചെയ്യുന്നതും പുതിയതല്ല. പക്ഷെ ഒരാളുടെ ജീവിതത്തിന്റെ ഗ്രാഫ് തന്നെ മാറ്റിമറിക്കാൻ ഈ പരാജയവും വ്യക്തിഹത്യയും കാരണമാകുന്നത് ഇതാദ്യമാണ്. അൽഫോൺസ് പുത്രൻ മലയാളത്തിലെ മികച്ച സംവിധായകൻ ആണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. അതിന്റെ ഉത്തരം നേരം പ്രേമം എന്ന രണ്ട് നിവിൻ പോളി ചിത്രങ്ങൾ തന്നെയാണ്. മികച്ച പരീക്ഷണ ചിത്രങ്ങളായ രണ്ടും മികച്ച വിജയവും പുത്രന് സമ്മാനിച്ചപ്പോൾ ആ സിനിമകൾ നൽകിയ പ്രതീക്ഷയുടെ അമിതഭാരം തുടർ ചിത്രങ്ങളിൽ അയാൾക്ക് തിരിച്ചടിയായി.

ALSO READ: ‘വീണ്ടും മെസി മെസി മാത്രം’, എട്ടാമതും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി

ഗോൾഡ് എന്ന പൃഥ്വിരാജ് ചിത്രം പരാജയപ്പെട്ടപ്പോൾ അൽഫോൺസ് പുത്രന് നേരിടേണ്ടി വന്നത് തെറിവിളികളും വിമർശനങ്ങളും മാത്രമായിരുന്നു. അത് സിനിമയുടെ ഓളം അവസാനിച്ചിട്ടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തുടർന്നുകൊണ്ടേയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമായ പുത്രനെ ഈ വിമർശങ്ങൾ എല്ലാം തന്നെ കാര്യമായി ബാധിച്ചിരുന്നു. തികച്ചും പരീക്ഷണാത്മകമായ സിനിമകളാണ് അൽഫോൺസ് പുത്രന്റേത് എന്നതിൽ തർക്കമില്ല. എന്നിട്ടും പ്രേമം എന്ന സിനിമ കാരണം കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ ഒക്കെത്തന്നെ ട്രാഫിക് ബ്ലോക്ക് വരെ ഉണ്ടായ ചരിത്രമുണ്ട്. ഒരു കാലഘട്ടത്തിലെ പിള്ളേർ കറുത്ത ഷർട്ടും വെള്ള മുണ്ടും ഉടുത്ത് ക്യാമ്പസുകളിൽ ഷോ ഇറക്കിയിരുന്നത് പുത്രൻ പ്രേമത്തിൽ കാണിച്ച മാസ് കണ്ടിട്ട് തന്നെയാണ്.

പക്ഷെ ആയുസ്സില്ലാത്ത സന്തോഷങ്ങൾ പോലെ നിവിൻ പോളിയും പുത്രനും സമാന രീതിയിൽ വെള്ളിത്തിരയിൽ നിന്ന് പതിയെ അപ്രത്യക്ഷരാവാൻ തുടങ്ങിയിരുന്നു. പ്രേമത്തിൽ ഇരുവരും കൊണ്ടുവന്ന ഒരു ഹൈപ്പ് തുടർ ചിത്രങ്ങളിൽ ആവർത്തിക്കാൻ സാധിച്ചില്ല. നിവിൻ പോളിയാകട്ടെ മൂത്തോൻ, ലവ് ആക്ഷൻ ഡ്രാമ പോലുള്ള ചിത്രങ്ങൾ ചെയ്തെങ്കിലും പ്രേമം പോലെ പ്രേക്ഷകരെ സ്വാധീനിക്കാൻ പോന്ന ഒരു വേഷവും അദ്ദേഹത്തിന് പിന്നീട ലഭിച്ചില്ല. പ്രേമം ഇറങ്ങിയ സമയത്ത് സിനിമാ നിരൂപകർ വിലയിരുത്തിയത് നിവിൻ പോളി ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറുമെന്നായിരുന്നു. പക്ഷെ എല്ലാം പ്രതീക്ഷകളിൽ മാത്രം ഒതുങ്ങിപ്പോയി.

ALSO READ: ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിൽ അന്വേഷണം

താൻ നേരിടേണ്ടി വന്ന സൈബർ അറ്റാക്കും, മറ്റുള്ളവർ തനിക്ക് മേൽ അടിച്ചേൽപ്പിച്ച പ്രതീക്ഷകളുടെ അമിത ഭാരവുമെല്ലാം അൽഫോൺസ് പുത്രനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. രോഗാവസ്ഥ എന്നതിനേക്കാൾ ഇനിയും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകാൻ കഴിയില്ലെന്ന എന്ന തോന്നലായിരിക്കാം സിനിമ ചെയ്യുന്നില്ല എന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഇത്ര പെട്ടെന്ന് കരിയർ അവസാനിപ്പിക്കാൻ മാത്രം ദുരന്തങ്ങൾ അൽഫോൺസ് പുത്രന്റെ സിനിമകൾക്ക് സംഭവിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചു എന്ന് വിശ്വസിക്കുന്നവരും ഇനിയും അയാളെ തെറിവിളിക്കാൻ തയ്യാറായി നിൽക്കുന്നവരും പ്രേമവും നേരവും പിന്നെ തമിഴിൽ അയാൾ ചെയ്ത ഷോർട്ട് ഫിലിമുകളും ഇടയ്ക്കൊന്ന് കാണുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News