എന്തുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം ഇങ്ങനെ കുറയുന്നു? ; തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാനപ്പെട്ട വിഷയം ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര ധനകാര്യ കമ്മീഷന്റെ അവഗണന. പ്രത്യേകിച്ച് കേരളത്തോട്. ഇപ്പോഴിതാ ഈ വിഷയത്തിൽ വ്യക്തമായ കണക്കുകൾ നിരത്തി പ്രതികരണം നടത്തിയിരിക്കുകയാണ് മുൻ ധനകാര്യ മന്ത്രിയും, സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആണ് തോമസ് ഐസക് ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

‘എന്താണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്ര കലിപ്പ്’ എന്ന തലക്കെട്ടോടു കൂടി ആണ് തോമസ് ഐസക് പോസ്റ്റ് ആരംഭിക്കുന്നത്. ഓരോ ധനകാര്യ കമ്മീഷനുകൾ കഴിയുംതോറും ദക്ഷിണേന്ത്യയുടെ വിഹിതം അനുക്രമമായി കുറഞ്ഞുകുറഞ്ഞുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു .കൂടാതെ 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് (1995-2000) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം 24.3 ശതമാനം ആയിരുന്നെന്നും , എന്നാൽ 15-ാം ധനകാര്യ കമ്മീഷൻ ആയപ്പോഴേക്കും ഇത് 13.7 ശതമാനമായി താഴ്ന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തം

തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

എന്താണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്ര കലിപ്പ്?
ഓരോ ധനകാര്യ കമ്മീഷനുകൾ കഴിയുംതോറും ദക്ഷിണേന്ത്യയുടെ വിഹിതം കുറഞ്ഞുകുറഞ്ഞുവരികയാണ്. 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് (1995-2000) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം 24.3 ശതമാനം ആയിരുന്നു. 15-ാം ധനകാര്യ കമ്മീഷൻ ആയപ്പോഴേക്കും ഇത് 13.7 ശതമാനമായി താഴ്ന്നു. താഴെ കൊടുത്തിരിക്കുന്ന കണക്കുകൾ നോക്കിയാൽ അനുക്രമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 16-ാം ധനകാര്യ കമ്മീഷനും ഇതുപോലെ നമ്മുടെ വിഹിതം ഇടിയാൻ അനുവദിച്ചാൽ ഈ സംസ്ഥാന സർക്കാരുകൾ വലിയ ധനകാര്യ പ്രതിസന്ധിയിലാകും. (കേരളത്തിന്റെ വിഹിതമാണ് ബ്രാക്കറ്റിനുള്ളിൽ കൊടുത്തിരിക്കുന്നത്).
◾️ 10-ാം ധനകാര്യ കമ്മീഷൻ – 1995-2000 – 24.3% (3.9%)
◾️ 11-ാം ധനകാര്യ കമ്മീഷൻ – 2000-2005 – 21% (3.1%)
◾️ 12-ാം ധനകാര്യ കമ്മീഷൻ – 2005-2010 – 19.8% (2.7%)
◾️ 13-ാം ധനകാര്യ കമ്മീഷൻ – 2010-2015 – 18.6% (2.3%)
◾️ 14-ാം ധനകാര്യ കമ്മീഷൻ – 2015-2020 – 15.5% (2.5%)
◾️ 15-ാം ധനകാര്യ കമ്മീഷൻ – 2020-2025 – 13.7% (1.9%)
നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തിരുവനന്തപുരം ധനകാര്യ കോൺക്ലേവിൽ പങ്കെടുത്തു. ആന്ധ്രാപ്രദേശും തുല്യ ദു:ഖിതരാണ്. പക്ഷേ, കേന്ദ്രത്തെ മണിയടിച്ച് കാര്യം നേടാമെന്നാണ് അവരുടെ ചിന്ത. അടുത്ത സമ്മേളനം ബാംഗ്ലൂരിലാണ്. അപ്പോഴേക്കും കൂടുതൽ സംസ്ഥാനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം ഇങ്ങനെ തുടർച്ചയായി ഇടിയുന്നത്?
കേന്ദ്ര നികുതി വിഹിതം ധനകാര്യ കമ്മീഷനുകൾ പങ്കുവയ്ക്കുന്നത് മുഖ്യമായും രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒന്ന്, ജനസംഖ്യ. രണ്ട്, പ്രതിശീർഷ വരുമാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണെന്നു മാത്രമല്ല കൂടുതൽ വേഗതയിൽ വളർന്നുകൊണ്ടിരിക്കുകയുമാണ്. 1981-ൽ ഇവരുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയുടെ 80 ശതമാനമേ വരുമായിരുന്നുള്ളൂ. എന്നാൽ 2024-ൽ ഈ തോത് 169 ശതമാനമായി ഉയർന്നിരിക്കുകയാണ്. ദേശീയ പ്രതിശീർഷ വരുമാനത്തിൽ നിന്ന് നമ്മുടെ അകലം വർദ്ധിക്കുംതോറും നമ്മുടെ വിഹിതം കുറയും.
അതോടൊപ്പം ജനപ്പെരുപ്പം ഏറ്റവും വേഗതയിൽ കുറയുന്നത് ദക്ഷിണേന്ത്യയിലാണ്. അങ്ങനെ ജനസംഖ്യാ വിഹിതം കുറയുന്നതും നികുതി വിഹിതം കുറയാൻ ഇടയാക്കുന്നു. 14-ാം ധനകാര്യ കമ്മീഷൻ വരെ 1971-ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയായിരുന്നു നികുതി പങ്കുവച്ചിരുന്നത്. ഇപ്പോൾ 2011-ലെ ജനസംഖ്യയാണ് പരിഗണിക്കുന്നത്. ഈ സ്ഥിതിവിശേഷംമൂലം പങ്കുവയ്ക്കൽ ഫോർമുലയിൽ എന്തെല്ലാം മാറ്റംവരുത്തിയാലും ഓരോ കമ്മീഷൻ കഴിയുമ്പോഴും നമുക്ക് കിട്ടുന്ന വിഹിതം കുറഞ്ഞുവരുന്നു.
ദേശീയ വരുമാനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം 1991-ൽ 23.2 ശതമാനം ആയിരുന്നു. 2024-ൽ ഈ തോത് 30.6 ശതമാനമായി ഉയർന്നു. കേന്ദ്രം പിരിക്കുന്ന നികുതിയുടെ ഒരു പ്രോക്സിയായി ദേശീയ വരുമാനത്തിൽ സംസ്ഥാനത്തിന്റെ വിഹിതം കണക്കാക്കാം. എങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്തെ വരുമാനത്തിനും നികുതിക്കും നൽകുന്ന സംഭാവനയുടെ പകുതിയേ കേന്ദ്ര നികുതിയുടെ പങ്കായി ലഭിക്കുന്നുള്ളൂവെന്ന് പറയേണ്ടിവരും.
പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് മുന്നോക്ക പ്രദേശങ്ങളിൽ നിന്നും പണം കൈമാറുന്നതിനെ എതിർക്കാനാവില്ല. സാമ്പത്തികനീതിയുടെ പ്രശ്നമുണ്ട്. പക്ഷേ, ഈ നികുതി പുനർവിതരണത്തിന് ചില അതിർത്തികൾ കൂടിയേതീരൂ. ഇത് എങ്ങനെ കൊണ്ടുവരാമെന്ന കാര്യമാണ് തിരുവനന്തപുരത്തു ചേർന്ന ധനമന്ത്രിമാരുടെ സമ്മേളനം ചർച്ച ചെയ്തത്. പരമാവധി പേർക്ക് യോജിക്കാവുന്ന ഒരു ഉത്തരം കണ്ടെത്തണം. അതിന്റെ അടിസ്ഥാനത്തിൽ മോദിയുടെ ധനകാര്യ കമ്മീഷനെ നേരിടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News