‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’; മലപ്പുറത്ത് പി വി അന്‍വറിനെതിരെ സിപിഐഎം പ്രതിഷേധം

മലപ്പുറത്ത് പി വി അന്‍വറിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറത്തെ 18 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന ബാനര്‍ ഉള്‍പ്പെടെ ഉയര്‍ത്തിയാണ് സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

അതേസമയം വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി.വി അന്‍വര്‍ മാറിയിയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കുക എന്ന പ്രചരണമാണ് അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ലമെന്ററി പ്രവര്‍ത്തനം പാര്‍ട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അല്‍പത്വമാണ് അന്‍വര്‍ കാണിച്ചതെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.

ALSO READ:‘അന്‍വര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി മാറി’: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്

നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം സിപിഐ(എം) എന്ന പാര്‍ട്ടിക്കുണ്ട്. ഇത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. പാര്‍ലിമെന്ററി പ്രവര്‍ത്തനം എന്നത് പാര്‍ട്ടിയുടെ നിരവധി സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്. എന്നിട്ടും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സ്വതന്ത്ര അംഗം എന്ന നില പാര്‍ട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അല്‍പത്വമാണ് അന്‍വര്‍ കാണിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. പി.വി. അന്‍വര്‍ നല്‍കിയ പരാതികള്‍ പാര്‍ട്ടിയും സര്‍ക്കാരും പരിശോധിച്ചു. ഒരു മാസം കൊണ്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധനയ്ക്ക് ശേഷം പാര്‍ട്ടി പരിശോധിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തു.

പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തില്‍ പൊതുപ്രസ്താവന നടത്തുകയില്ല. എന്നാല്‍ അന്‍വര്‍ തുടര്‍ച്ചയായി വിവിധ വിമര്‍ശനങ്ങള്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ഉന്നയിക്കുകയാണ് ചെയ്തത്. മുന്‍കുട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്തിറങ്ങിയത് എന്ന കാര്യം ഇത് വ്യക്തമാക്കുന്നത്. സംഘപരിവാറിന്റെ അജണ്ട പ്രതിരോധിക്കുന്നതിന് എന്നും മുന്നില്‍ നിന്നു എന്നതിന്റെ പേരില്‍ തലക്ക് വില പറയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും അന്‍വര്‍ മുന്നോട്ട് വച്ചു. മതനിരപേക്ഷ രാഷ്ട്രീയത്തെ തകര്‍ക്കുക എന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടുകളാണ് ഇത്തരം ആശയ പ്രചരണക്കാരെ സ്വാധീനിച്ചിരിക്കുന്നതെന്നും സിപിഐ(എം) വിമര്‍ശിച്ചു. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കുക എന്ന പ്രചാരണമാണ് അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സി. പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ALSO READ:‘അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നു’; നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News