വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ യോഗം വിലയിരുത്തി.
ALSO READ: പൊലീസ് വോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെന്നും അതില്‍ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാരുടെ യോഗം ഓണ്‍ലൈനായി നടത്തി. ഇത്തരം യോഗങ്ങള്‍ കൃത്യമായി ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. റവന്യു, പൊലിസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തണം. ഇവരുള്‍പ്പെടുന്ന വാര്‍റൂം സജ്ജമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും. ആര്‍ആര്‍ടികള്‍ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള അറിയിപ്പ് നല്‍കാനാകണം. റെഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കണം.
വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളായി. വയര്‍ലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാനുള്ള അനുമതി നല്‍കി കഴിഞ്ഞു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തണം. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഒരു സ്പെഷ്യല്‍ ഓഫീസറെ വയനാട് ജില്ലയില്‍ നിയമിക്കും. വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണം. വന്യമൃഗങ്ങള്‍ക്കുള്ള തീറ്റ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്ക്കരിക്കണം. ജൈവ മേഖലയില്‍ കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും.
ALSO READ: ഡിന്നറിന് ഒരു വെറൈറ്റി ഉപ്പുമാവ് ട്രൈ ചെയ്താലോ ?
ജനവാസ മേഖലകളില്‍ വന്യജീവി വന്നാല്‍ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് കലക്ടര്‍ക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. ജനങ്ങള്‍ക്ക് രക്ഷ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുത് എന്ന ജാഗ്രത ഉണ്ടാകണം. നിലവിലുള്ള ട്രെഞ്ച്, ഫെന്‍സിങ്ങ് എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കില്‍ ഉടന്‍ ചെയ്യണം. ഫെന്‍സിങ്ങ് ഉള്ള ഏരിയകളില്‍ അവ നിരീക്ഷിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതികള്‍ രൂപീകരിക്കും. കുരങ്ങുകളുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആലോചിക്കണം. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്കുള്ള സഹായം ആലോചിക്കും. റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിച്ചു കൊണ്ടുവരാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടിയെക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രികളില്‍ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കണം. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പെട്രോളിങ്ങ് ശക്തിപ്പെടുത്തണം. സ്വാഭാവിക വനവല്‍ക്കണം നടത്തണം. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ വനവല്‍ക്കരണം നടത്തണം. തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ രാജന്‍, എം എല്‍ എമാരായ ഒ ആര്‍ കേളു, ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗാ സിംഗ്, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, നിയമ വകുപ്പ് സെക്രട്ടറി കെ ജി സനല്‍ കുമാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി പുകഴേന്തി, ജില്ലാ കലക്ടര്‍ രേണു രാജ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ബാലകൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here