ചൈനയുമായി ഒരിക്കലും ശീതയുദ്ധത്തിന് മുതിരില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. ചൈനീസ് സന്ദർശനത്തിനിടെ ഷിജിൻ പിങ്ങുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. പൊതുധാരണയോടെ ഇരു രാജ്യങ്ങളും മുന്നോട്ടുപോകുമെന്നാണ് ചൈനീസ് പ്രസിഡൻ്റിൻ്റെ പ്രഖ്യാപനം.
അഞ്ച് വർഷത്തിനിടെ ഒരു പ്രധാന അമേരിക്കൻ ഉദ്യോഗസ്ഥൻ നടത്തുന്ന ആദ്യ ചൈനീസ് സന്ദർശനമാവുകയാണ് ആൻറണി ബ്ലിങ്കൻ്റെ ചൈനീസ് സന്ദർശനം. മുമ്പേ നടക്കേണ്ട സന്ദര്‍ശനം ചാര ബലൂൺ വിവാദം മൂലം വൈകി.
നേരത്തെ ബാലിയിൽ വെച്ച് ബൈഡനുമായി തീരുമാനിച്ച വിധത്തിൽ കാര്യങ്ങൾ നടക്കുന്നുണ്ട് എന്നാണ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ വിലയിരുത്തൽ. വിദേശകാര്യ മന്ത്രിയടക്കം പ്രധാനപ്പെട്ട നേതാക്കളെയെല്ലാം സന്ദർശിച്ചതിനു ശേഷമായിരുന്നു ബ്ളിങ്കൻ- ഷി കൂടിക്കാഴ്ച. രണ്ട് ദിവസത്തെ സുപ്രധാന കൂടിക്കാഴ്ചകളിൽ അമേരിക്കയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പ്രധാന വിഷയങ്ങളിൽ സമവായം കെട്ടിപ്പടുക്കാനുള്ള ഇടപെടലുകളും ശ്രദ്ധേയമായി.
ALSO READ: ലാഭം എസി കമ്പാര്‍ട്ട്മെന്റിന്; സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടികുറച്ചതിനെ ന്യായീകരിച്ച് ബിജെപി നേതാവ്
തായ്‌വാൻ വിഷയത്തിൽ തങ്ങളുടെ വഴിയേ അമേരിക്കയെ കൊണ്ടുവരാൻ ചർച്ചയിലൂടെ കഴിഞ്ഞതായാണ് ചൈനീസ് പ്രതീക്ഷ. ഹോങ്കോങ്, തെക്കൻ ചീനാ കടൽ, യുക്രെയിൻ യുദ്ധം തുടങ്ങിയ വിഷയങ്ങളും ചർച്ചയാക്കിയിട്ടുണ്ട് ചൈനയും അമേരിക്കയും. ചൈനയുമായി ഏതായാലും ശീതസമരം നടത്തില്ലെന്ന് ബ്ലിങ്കനും പൊതുധാരണയോടെ മുന്നോട്ട് പോകുമെന്ന് ഷി ജിൻപിങും പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ട് മുമ്പ് നടക്കുന്ന ചർച്ചകൾ മോദി- ബൈഡൻ കൂടിക്കാഴ്ചയിൽ വരെ പ്രതിഫലിക്കാൻ സാധ്യതകളേറെയാണ്.
അമേരിക്കൻ ചേരിക്ക് സൗഹൃദമുണ്ടാക്കാൻ നിർബന്ധിതമാകും വിധം മറ്റു രാജ്യങ്ങളുമായി സുദൃഢബന്ധം ഊട്ടി ഉറപ്പിക്കുകയാണ് ചൈന. അറബ് ലീഗിലും യൂറോപ്പിലും മധ്യേഷ്യയിലും ലാറ്റിൻ അമേരിക്കയിലുമെല്ലാം അമേരിക്കയെക്കാൾ ശേഷിയോടെ ഇടപെടുന്ന രാജ്യമായി ചൈന മാറിക്കഴിഞ്ഞു. ചൈനയുമായി മെച്ചപ്പെട്ട ബന്ധം കാത്തുസൂക്ഷിക്കണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദ്ദം തന്നെയായിരുന്നു കഴിഞ്ഞ ജി 7 യോഗത്തിൽ പ്രകടമായത്. ഈ സമ്മർദ്ദത്തിൽ ചൈനയുമായി തന്ത്രപ്രധാന ബന്ധം കെട്ടിപ്പടുക്കുക തന്നെയാകും അമേരിക്കൻ ലക്ഷ്യവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here