‘വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി’: ഡോ. തോമസ് ഐസക്

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് ഡോ. തോമസ് ഐസക്. യുഡിഎഫിന്റെ എതിര്‍പ്പുകളെ മറികടന്ന് ഇച്ഛാശക്തിയോടെ തീരുമാനം നടപ്പാക്കിയതിന്റെ വിജയമാണ് വിഴിഞ്ഞത്ത് ആഘോഷിക്കുന്നത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ:ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചതിന് പിന്നില്‍ ഇന്ത്യയുടെ ധീര പരിശ്രമം: നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

‘വിഴിഞ്ഞം പോര്‍ട്ടിന് ഉമ്മന്‍ ചാണ്ടിയുടെ പേര് ഇടണം. അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ചത് പിണറായി വിജയന്‍”. എന്നാണ് ആദ്യത്തെ മദര്‍ഷിപ്പ് ബര്‍ത്ത് ചെയ്യുന്നവേളയില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന. അദാനിയുമായി ഉണ്ടാക്കിയ കരാറിനെ ദേശാഭിമാനി കടല്‍ക്കൊള്ള എന്നു വിളിച്ചില്ലേ? പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ എതിര്‍ത്തില്ലേ? നിയമസഭയിലെ എന്റെയൊരു ചോദ്യവും ചിലര്‍ ഉദ്ധരിച്ചു കണ്ടു. അന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങിയിരുന്നെങ്കില്‍ വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നോ എന്നാണു ചോദ്യം.
ഇതിന് ഉത്തരം പറയണമെങ്കില്‍ വിഴിഞ്ഞത്തിന്റെ നാള്‍വഴിയിലൂടെ ഒന്നു സഞ്ചരിക്കണം. വി.എസ് സര്‍ക്കാരിന്റെ കാലത്ത് എം. വിജയകുമാര്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 2007-ല്‍ Zoom Developers എന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചതാണ്. എന്നാല്‍ ഈ കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചൈനീസ് കമ്പനിയും ഉണ്ടെന്ന പറഞ്ഞ് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി അനുവാദം നിഷേധിക്കുകയാണുണ്ടായത്.
വി.എസ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. പദ്ധതി റീടെണ്ടര്‍ ചെയ്യുന്നതിനു മുന്നോടിയായി ആഗോള മീറ്റ് സംഘടിപ്പിച്ചു. റീടെണ്ടറില്‍ കൊണ്ടപ്പള്ളിയുടെ ലാന്‍കോ പദ്ധതി അവരെ ഏല്‍പ്പിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ പണം മുടക്കണ്ട, മറിച്ച് 115 കോടി രൂപ സര്‍ക്കാരിന് ഇങ്ങോട്ടു തരാമെന്നു വാഗ്ദാനം ചെയ്തു. സ്വാഭാവികമായും ടെണ്ടര്‍ അവര്‍ക്ക് ഉറപ്പിച്ചു. അവരുടെ ബിസിനസ് എതിരാളിയായ സൂം കണ്‍സോര്‍ഷ്യം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ കോടതിയില്‍ പോയി. നിയമക്കുരുക്കില്‍ കുടുങ്ങിയതിനാല്‍ ലാന്‍കോ പദ്ധതിയില്‍ നിന്നും പിന്മാറി.
തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ലാന്‍ഡ് ലോഡ് മോഡലില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചു. എന്നുവച്ചാല്‍ സര്‍ക്കാരിന്റെ മുന്‍കൈയില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുക. പിന്നീട് നടത്തിപ്പിന് ഒരു പങ്കാളിയെ കണ്ടുപിടിക്കുക. ടെണ്ടറില്‍ പങ്കെടുത്തവരില്‍ ഹൈദ്രാബാദിലെ ലാന്‍കോ കൊണ്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയത്.
അവര്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ തന്നെ തുറമുഖം നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 30 വര്‍ഷത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നായിരുന്നു എല്‍ഡിഎഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ. കമ്പനിയില്‍ സര്‍ക്കാരിന് 24 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ഇതിനായി 225 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിക്കും. 30 വര്‍ഷം കഴിയുമ്പോള്‍ തുറമുഖത്തിന്റെ പൂര്‍ണ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാകും.
പക്ഷേ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ കമ്പനിയെ പിന്മാറ്റാന്‍ ചരടുവലി നടന്നു. ലാന്‍കോ കൊണ്ടപ്പള്ളിയുടെ മേധാവിയായ ഒരു കോണ്‍ഗ്രസ് എംപിയെ സ്വാധീനിച്ച് ദേശീയതലത്തില്‍ തന്നെ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു എന്ന് അന്നുതന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ദുരൂഹസാഹചര്യത്തില്‍ അവര്‍ പിന്മാറി.
വിഎസ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയില്ല. ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഡ്യൂറി’ എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് ലോര്‍ഡ് മോഡലില്‍ വിഴിഞ്ഞം തുറമുഖം നടപ്പാക്കാന്‍ തീരുമാനിച്ചു.
ഈ രീതിപ്രകാരം തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തും. നടത്തിപ്പില്‍ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്ബിറ്റി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു. ഇതിനു സമാന്തരമായി പദ്ധതി നടപ്പാക്കാനുള്ള സ്ഥലം ഏറ്റെടുക്കല്‍, ശുദ്ധജലവിതരണം, ദേശീയപാതയില്‍നിന്ന് തുറമുഖത്തേക്കുള്ള നാലുവരിപ്പാത, റെയില്‍ കണക്ടിവിറ്റി ഇവയ്‌ക്കെല്ലാം വേണ്ടിയുള്ള കരട് പദ്ധതികള്‍ തയ്യാറാക്കാനും തുടങ്ങി.
തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. പക്ഷേ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനു കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി പഠനത്തിനുള്ള അനുവാദം നിഷേധിച്ചു. കേന്ദ്രം പറഞ്ഞ ഒരു പ്രധാന ന്യായം വല്ലാര്‍പാടം, കുളച്ചല്‍, മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങള്‍ സമീപമുണ്ട് എന്നതായിരുന്നു. കേരളം നല്‍കിയ രണ്ടാമത്തെ അപേക്ഷയും കേന്ദ്രം തള്ളി. ഇതിന്റെ പിന്നിലെല്ലാം കളിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു.
അതുകഴിഞ്ഞ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍വന്നു. ഇടതുപക്ഷം ആവിഷ്‌കരിച്ച ലാന്‍ഡ് ലോര്‍ഡ് മോഡലില്‍ തന്നെ തുറമുഖം നിര്‍മ്മിക്കുമെന്നായിരുന്നു നിയമസഭയില്‍ പറഞ്ഞത്. പക്ഷേ, 2015 ഓഗസ്റ്റ് വരെ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരണം. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അന്ന് കേന്ദ്രമന്ത്രി ആയിരുന്ന എ.കെ. ആന്റണി കേരളത്തിലേക്ക് പുതിയൊരു വികസന പദ്ധതി കൊണ്ടുവരുന്നതിനു തനിക്കു ധൈര്യമില്ലായെന്നു പരസ്യമായി വിളിച്ചുപറഞ്ഞ കാലമാണ്. അത്രയ്ക്കു കെടുകാര്യസ്ഥത നിറഞ്ഞതായിരുന്നു ഉമ്മന്‍ ചാണ്ടി ഭരണം. ഇതിനെതിരെ വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ശക്തമായ പ്രക്ഷോഭം എല്‍ഡിഎഫ് സംഘടിപ്പിച്ചു. ആ പ്രക്ഷോഭത്തിന്റെ നാള്‍വഴി ഇതാ:
– വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്ന അന്താരാഷ്ട്ര തുറമുഖ ലോബിക്കും യുഡിഎഫ് സര്‍ക്കാരിനും എതിരെ 23-10-2012-ന് ജനകീയ കണ്‍വെന്‍ഷന്‍ നടന്നു ഉദ്ഘാടകന്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
– വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി 3-4-2013-ല്‍ വീണ്ടും ജനകീയ കണ്‍വെന്‍ഷന്‍ നടന്നു. ഉദ്ഘാടകന്‍ ഡോ. ടി.എം. തോമസ് ഐസക്ക്.
– പദ്ധതിക്കുവേണ്ടി 16-4-2013-ന് വിഴിഞ്ഞം മുതല്‍ സെക്രട്ടേറിയറ്റ് വരെ മനുഷ്യ ചങ്ങല തീര്‍ത്തു. പിണറായി വിജയന്‍ ആദ്യ കണ്ണി. പന്ന്യന്‍ രവീന്ദ്രന്‍ അവസാന കണ്ണി.
– സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ 212 ദിവസം നീണ്ടുനിന്ന രാപ്പകല്‍ സമരം നടന്നു. ഉദ്ഘാടകന്‍ പിണറായി വിജയന്‍. തിരുവനന്തപുരം പാര്‍ടി നടത്തിയിട്ടുള്ള എക്കാലത്തെയും ഏറ്റവുംനീണ്ട പ്രക്ഷോഭമായിരുന്നു ഇതെന്നു വേണമെങ്കില്‍ പറയാം.
വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള തെരുവിലെ ഈ പ്രക്ഷോഭം നിയമസഭയ്ക്കുള്ളിലും പ്രതിഫലിച്ചു:
– 8-1-2014-ന് ”വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിനു വേണ്ടി” പ്രതിപക്ഷ ഉപനേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം.
– 3-2-2014-ന് മദര്‍ പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയിരുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ട വേളയില്‍ ജമീല പ്രകാശം, വി ശിവന്‍കുട്ടി, കോവൂര്‍ കുഞ്ഞുമോന്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ സംയുക്ത അടിയന്തര പ്രമേയം. അങ്ങനെ നിരന്തരമായ ഇടതുപക്ഷ സമരത്തിന് ശേഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനങ്ങിത്തുടങ്ങിയത്.
തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച് തുറമുഖ നിര്‍മാണം അദാനിക്ക് കരാര്‍ കൊടുത്തു. അദാനി മാത്രമേ ടെണ്ടറില്‍ പങ്കെടുത്തിരുന്നുള്ളൂ. ടെണ്ടറില്‍ പറഞ്ഞതിനേക്കാള്‍ വ്യവസ്ഥങ്ങള്‍ കൂടുതല്‍ ഉദാരമാക്കിയാണ് കരാര്‍ ഉറപ്പിച്ചത്. ആ കരാറിനെ സിപിഐ(എം) രൂക്ഷമായി വിമര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍വച്ച് എത്തിച്ചേര്‍ന്ന കരാര്‍ തികച്ചും ഏകപക്ഷീയമായിരുന്നു. പദ്ധതി ചെലവില്‍ സിംഹപങ്കും സംസ്ഥാന സര്‍ക്കാരിന്റേത്. പക്ഷേ, 30 വര്‍ഷക്കാലത്തെ പോര്‍ട്ടിന്റെ നടത്തിപ്പിന്റെ ലാഭം മുഴുവന്‍ അദാനിക്ക്. അതുകഴിഞ്ഞ് 10 വര്‍ഷം സംസ്ഥാനത്തിന് ലാഭത്തിന്റെ ഒരു ശതമാനം ലഭിക്കും. 40 വര്‍ഷം കഴിയുമ്പോഴേ പോര്‍ട്ട് സംസ്ഥാനത്തിന്റേതാകൂ. ഇതിനെയാണ് വിമര്‍ശിച്ചത്.
പക്ഷേ കരാര്‍ യാഥാര്‍ഥ്യമായി. എന്നാല്‍ വിമര്‍ശനമുള്ള എല്‍ഡിഎഫ് എന്തുകൊണ്ട് കരാറില്‍ നിന്നും പിന്‍വാങ്ങിയില്ലായെന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ വ്യക്തമാക്കട്ടെ:
– കേരളമാണ് കോര്‍പ്പറേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന്. കേരളത്തിന്റെ വികസനത്തിന് കോര്‍പ്പറേറ്റ് നിക്ഷേപം അത്യന്താപേക്ഷിതമാണ്. ഈയൊരു സാഹചര്യത്തില്‍ കരാര്‍ ഒപ്പിട്ട് പ്രവര്‍ത്തനം ആരംഭിച്ച ഒരു കമ്പനിയെ പുറംതള്ളുന്നത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കും.
– മാത്രമല്ല, നിയമക്കുരുക്കില്‍ പദ്ധതി ഇല്ലാതാകും. തമിഴ്‌നാട്ടിലെ കുളച്ചലില്‍ പുതിയൊരു തുറമുഖത്തിനു കേന്ദ്രസര്‍ക്കാര്‍ അനുവാദം കൊടുത്തിട്ടുണ്ട്. അത് വരുന്നതിന് മുന്‍പ് വിഴിഞ്ഞം പോര്‍ട്ട് പൂര്‍ത്തീകരിക്കാന്‍ കഴിയണം. അതുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പലവിധ തടസ്സങ്ങള്‍ മറികടന്ന് വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
– വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക് (Capital City Region Development Program) രൂപം നല്‍കിയിട്ടുണ്ട്. ഏതാണ്ട് 60,000 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി ദക്ഷിണ കേരളത്തിന്റെ മുഖച്ഛായ മാറ്റും.
– എല്ലാറ്റിലുമുപരി ഇന്ന് പദ്ധതിയെ എതിര്‍ക്കുന്ന ലത്തീന്‍ സഭ അടക്കമുള്ളവര്‍ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നു പറഞ്ഞ് സമരം വരെ നടത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ നിന്നും പിന്മാറില്ല, മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് വ്യക്തമാക്കി. വിമര്‍ശനങ്ങളൊന്നും പിന്‍വലിക്കാതെ കേരളത്തിന്റെ ഉത്തമ താല്പര്യത്തെ മുന്‍നിര്‍ത്തി പദ്ധതി നടപ്പാക്കാന്‍ തീരുമാനമെടുത്തത് അങ്ങനെയാണ്.
യുഡിഎഫിന്റെ ശക്തമായ എതിര്‍പ്പുകളെ മറികടന്ന് ഈ തീരുമാനം ഇച്ഛാശക്തിയോടെ നടപ്പാക്കിയതിന്റെ വിജയമാണ് വിഴിഞ്ഞത്ത് ആഘോഷിക്കുന്നത്.

ALSO READ:സംസ്ഥാനത്ത് ആറു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News