സംസ്ഥാനത്തെ പല വാഹനങ്ങളും വ്യാജ മേല്‍വിലാസത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു. അത്തരം വാഹനങ്ങള്‍ രണ്ടാഴ്ചക്കകം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ നിയമ ലംഘനം തടയുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് സ്റ്റേജ് കാര്യേജ് സര്‍വീസ് നടത്താന്‍ അവകാശമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര നിയമത്തിനു വിരുദ്ധമാണ് പുതിയ നോട്ടിഫിക്കേഷനെന്നും മന്ത്രി പറഞ്ഞു. നിയമത്തിന് വിരുദ്ധമായി ചട്ടം കൊണ്ടുവരുന്നത് സുപ്രീം കോതിയുടെ ഉത്തരവുകളുടെയും ലംഘനമാണ്. പുതിയ ചട്ടങ്ങള്‍ വാഹന ഉടമകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
ഒന്നര വര്‍ഷത്തിനുള്ളില്‍ 397 പുതിയ ബസുകളാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ആറ് മാസത്തിനകം 200 ബസുകള്‍ കൂടി പുറത്തിറക്കും. കൂടുതല്‍ ഇലക്ട്രിക് ബസുകളും പുറത്തിറക്കും. രണ്ട് മാസത്തിനുള്ളില്‍ കൊച്ചിയിലും ഇലക്ട്രിക് ബസുകളെത്തും. കെഎസ്ആര്‍ടിസിയോടും സ്വകാര്യ ബസുകളോടും തുല്യ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here