എല്ലാറ്റിനേയും മതത്തിൻ്റെ കണ്ണാടിയിലൂടെ പരിശോധിക്കുന്നവർ സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമെന്ന് പ്രഖ്യാപിക്കാത്തതിൻ്റെ ഗുട്ടൻസ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും; കെ ടി ജലീൽ

കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവർ എന്തുകൊണ്ടാണ് ഇവ മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാത്തതെന്ന് കെ.ടി. ജലീൽ. മലപ്പുറത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ജലീലിൻ്റെ പരാമർശങ്ങൾ ലീഗും മറ്റ് സമുദായ സംഘടനകളും വിവാദമാക്കുന്ന പശ്ചാത്തലത്തിൽ തൻ്റെ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ.ടി. ജലീൽ ഈ വിഷയത്തിലുള്ള തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സ്വർണ കള്ളക്കടത്തും ഹവാലയും മതവിരുദ്ധമെന്ന് പ്രഖ്യാപിക്കാത്തതിൻ്റെ ഗുട്ടൻസ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നുണ്ടെന്നും തെറ്റ് ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണെന്നും കെ.ടി. ജലീൽ തൻ്റെ കുറിപ്പിൽ പറഞ്ഞു.

കെ.ടി. ജലീലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:

കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്!

തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവർക്കിടയിലെ അരുതായ്മകൾ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താൻ ഇതര മതസ്ഥർ കാണിക്കുന്ന കുൽസിത നീക്കങ്ങളായി അത്തരം ഇടപെടലുകൾ ദുർവ്യാഖ്യാനിക്കപ്പെടും. മതപരിഷ്കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളൂ.

ALSO READ: കേരളത്തിലെ ബിജെപി നേതൃത്വത്തിൻ്റെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തത്; എ എ റഹീം എംപി

കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തിൽ നടത്താൻ “മലപ്പുറം പ്രേമികൾ” ഉദ്ദേശിക്കുന്നത്? സ്വർണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് “ഇതൊന്നും മതവിരുദ്ധമല്ല” എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണമെന്ന് പറഞ്ഞാൽ അതെങ്ങിനെയാണ് “ഇസ്ലാമോഫോബിക്ക്” ആവുക? അവനവൻ്റെ കണ്ണിലെ കുന്തം കാണാതെ ആരാൻ്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക.

ഒരണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത മലപ്പുറംകാരനായ എന്നെ ഖുർആൻ്റെ മറവിൽ സ്വർണ്ണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിക്കാൻ മാധ്യമപ്പടയും മുസ്ലിംലീഗും, കോൺഗ്രസ്സും, ബി.ജെ.പിയും ഒരു മെയ്യായി നിന്ന് നടത്തിയ “വേട്ട” നടന്നപ്പോൾ ഈ നവസമുദായ സ്നേഹികൾ ഏത് മാളത്തിലാണ് ഒളിച്ചിരുന്നത്? അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം? ഏത് പളളിക്കാട്ടിലാണ് ഇവരുടെ സമുദായപ്രേമം കുഴിച്ചുമൂടിയിരുന്നത്’? സ്വർണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ എന്തിനാണിത്ര ഹാലിളക്കം? ഞാൻ പറഞ്ഞത് ലീഗിൻ്റെ സംസ്ഥാന പ്രസിഡണ്ടിനോടല്ല. എൻ്റെകൂടി “ഖാളി”യോടാണ്.

ALSO READ: എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും; ടി പി രാമകൃഷ്ണൻ

സ്വർണ്ണക്കടത്തുകാർ വഴിയും ഹവാലക്കാർ വഴിയും വിദേശത്തുനിന്ന് കിട്ടുന്ന പണം “ഏതെങ്കിലുമാളുകൾ” നാട്ടിലെത്തിക്കുന്നത് പുറത്തറിയുമെന്ന ഭീതി ആർക്കെങ്കിലുമുണ്ടോ? യു.എ.ഇ കോൺസുലേറ്റ് നൽകിയ റംസാൻ കിറ്റുകൾ വിതരണം ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തതിനെതിരെ എന്നെ ഉടൻ കൽതുറുങ്കിലടക്കണമെന്ന് കത്തെഴുതിയ കോൺഗ്രസ് നേതാവും എം.പിയുമായ ബന്നിബഹനെതിരെ ഒരക്ഷരം ഉരിയാടാത്ത തൃത്താലയിലെ “തോറ്റ എം.എൽ.എ”യുടെ “കറകളഞ്ഞ കാപട്യത്തിന്” എന്തൊരു മൊഞ്ചാണ്? എല്ലാറ്റിനേയും മതത്തിൻ്റെ കണ്ണാടിയിലൂടെ മുടിനാരിഴകീറി പരിശോധിക്കുന്നവർ സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ തയ്യാറാകാത്തതിൻ്റെ “ഗുട്ടൻസ്” ബുദ്ധിയുള്ളവർക്ക് തിരിയും! വാദിച്ച് വാദിച്ച് കേസ് തോൽക്കാൻ ആരും മുതിരാതിരുന്നാൽ അവർക്കു നന്നു. “നിങ്ങൾ ചെയ്യാത്തത് മറ്റുള്ളവരോട് കൽപ്പിക്കരുത്. ദൈവത്തിൻ്റെ അടുക്കൽ കൊടിയ പാപമാണത്” (വിശുദ്ധ ഖുർആൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News