സിനിമ മുഴുവൻ കാണാതെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ സന്തോഷ് വർക്കിക്കു നേരേ കയ്യേറ്റമുണ്ടായ സംഭവത്തിൽ വിശദീകരണവുമായി ചിത്രത്തിന്റെ നിർമാതാവ് സംഗീത് ധര്‍മരാജന്‍. ‘വിത്തിന്‍ സെക്കന്‍ഡ്സ്’ എന്ന സിനിമയ്ക്കെതിരെയാണ് സന്തോഷ് വർക്കി മോശം റിവ്യൂ പറഞ്ഞത്.
സന്തോഷ് വർക്കിയെ ആരും കയ്യേറ്റം ചെയ്തിട്ടില്ല, ചോദ്യം ചെയ്തതേ ഉള്ളൂ. സിനിമ കാണാതെ മോശം റിവ്യൂ നൽകിയതിനെ ചോദ്യം ചെയ്യാതിരിക്കാൻ ആകില്ല. ദേശീയ അവാർഡ് വരെ നേടിയ ഇന്ദ്രൻസിന് അഭിനയിക്കാൻ അറിയില്ലെന്നു പറയുന്നതും ചിത്രത്തിൽ അഭിനയിച്ചത് അലവലാതി പിള്ളേരാണെന്നു പറഞ്ഞതും കേട്ടുകൊണ്ടിരിക്കാൻ കഴിയില്ലെന്നും സന്തോഷ് വര്‍ക്കിക്ക് എതിരെ അണിയറ പ്രവര്‍ത്തകര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സംഗീത് ധര്‍മരാജന്‍ പറയുന്നു.
‘‘വലിയ പ്രതീക്ഷയിലാണ് ഒരു സിനിമ ചെയ്യാനിറങ്ങിയത്. ആ സിനിമ തിയറ്ററിൽ വന്ന്, ഒരു നിമിഷം കൊണ്ട് ഇത്തരത്തിൽ നെഗറ്റീവ് റിവ്യൂ പറഞ്ഞു തകർക്കുന്നത് ശരിയാണോ? ഞങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള ആരുമല്ല അയാളെ ആക്രമിച്ചത്. പക്ഷേ ഞങ്ങൾ അയാളോടു ചോദിച്ചു. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. ദേശീയ അവാർഡ് നേടിയ ഇന്ദ്രൻസ് ഏട്ടനെയാണ് അഭിനയിക്കാൻ അറിയില്ല എന്നൊക്കെ പറഞ്ഞത്. അഭിനയിച്ച മറ്റ് കുട്ടികൾ അലവലാതി ചെറുപ്പക്കാർ ആണെന്ന് പറയുന്നതൊന്നും കേട്ടു നിൽക്കാൻ കഴിയില്ല. ഈ സിനിമ ചെയ്യാൻ ഞങ്ങൾ എത്രമാത്രം പണം ചെലവഴിച്ചിട്ടുണ്ടെന്നും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആലോചിക്കാതെ, പടം കാണാതെ നെഗറ്റീവ് പറയുകയാണ്.
ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത് ഞാൻ നെഗറ്റീവ് പറയാൻ ഉദ്ദേശിച്ചതല്ല, എന്നെ അബൂബക്കർ എന്ന ആൾ പറയിച്ചതാണ് എന്നാണ്. അബൂബക്കർ എവിടെയെന്നു ചോദിച്ചപ്പോൾ അവിടെയെല്ലാം നോക്കുന്നുണ്ടായിരുന്നു. അപ്പോൾ അങ്ങനെ ഒരു വ്യക്തിയുണ്ട്. ഞങ്ങൾക്ക് അങ്ങനെ ഒരാളെ അറിയില്ല. എന്തിനാണ് നെഗറ്റീവ് റിവ്യൂ പറഞ്ഞതെന്ന് ഞങ്ങൾ ചോദിച്ചു, പക്ഷേ അയാളെ കൈവച്ചിട്ടില്ല. ഞങ്ങൾ കൈ വച്ചെങ്കിൽ അയാൾ തെളിയിച്ചോട്ടെ. നിങ്ങൾ കണ്ട ഒരു സീൻ പറയൂ എന്നു പറഞ്ഞിട്ട് അത് പോലും പുള്ളിക്ക് അറിയില്ല.
വിത്തിൻ സെക്കൻഡ്‌സ് എന്ന സിനിമ കാണാതെ നെഗറ്റീവ് പറഞ്ഞു. അതാണ് ചോദ്യം ചെയ്തത്. മൂന്നരക്കോടി രൂപ മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട് നിങ്ങൾ അത് ഇല്ലാതാകുമ്പോൾ എന്റെ ജീവിതം വച്ചാണ് നിങ്ങൾ കളിക്കുന്നതെന്ന് ഞാൻ അയാളോടു പറഞ്ഞു. ഞാൻ നഷ്ടം മൂലം ആത്മഹത്യ ചെയ്താൽ നിങ്ങൾ എന്റെ വീട്ടുകാരോട് സമാധാനം പറയുമോ എന്ന് ചോദിച്ചു. അല്ലാതെ ഞങ്ങൾ ചീത്ത വിളിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല. അയാൾ പറഞ്ഞ വിഡിയോ എടുത്തു നോക്കിയാൽ അയാളുടെ ഭാഷയും ഈ മൂന്നു ചെറുപ്പക്കാരെ തല്ലിപ്പൊളികൾ എന്ന് വിളിച്ചതും ഡ്രഗ് അഡിക്ട് ആണെന്നും പറഞ്ഞതും കാണാൻ കഴിയും. ഈ പ്രവണത നല്ലതല്ല. സന്തോഷ് അല്ലെങ്കിൽ മറ്റൊരാൾ ഇത്തരത്തിൽ റിവ്യൂ പറഞ്ഞ് നിഷ്പ്രയാസം കുറെ പേരുടെ അദ്ധ്വാനത്തെ നശിപ്പിച്ചു കളയുകയാണ്.
അവർ പറയുന്നതു കേൾക്കാൻ ആളുണ്ട് എന്ന ധാരണയിൽ ആണ് ഇതൊക്കെ ചെയ്യുന്നത്. ഇത് നിർത്തണം. അതിനാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഇതുപോലെ ഒരവസ്ഥ മറ്റൊരാൾക്ക് ഉണ്ടാകരുത്. ഞങ്ങൾ തെറ്റു ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നത്. അടി കൊടുത്തിട്ടുണ്ടെങ്കിൽ ഞങ്ങൾ കേസ് കൊടുക്കില്ലല്ലോ. മാധ്യമപ്രവർത്തകരെ വരെ തെറി വിളിച്ചിട്ടാണ് അയാൾ പോയത്. ഇത്തരക്കാരെ വളർത്താൻ പാടില്ല. ചെറിയ സിനിമകൾ ഒന്നും ആരും ഓടിക്കേറി വന്നു കാണില്ല. കണ്ടവർ അഭിപ്രായം പറഞ്ഞാണ് അടുത്ത ആളുകൾ വരുന്നത്.
തിയറ്ററിൽ ആളുകൾ കയറണേ എന്ന പ്രാർഥനയിൽ ഞങ്ങൾ നിൽക്കുമ്പോഴാണ് ഒരാൾ ഇത്തരത്തിൽ ചെയ്യുന്നത്. ഒരു ചെറിയ പടമൊക്കെ ഇത്തരത്തിൽ ഡീഗ്രേഡ് ചെയ്യുമ്പോൾ മുങ്ങിപോകും. വലിയ സങ്കടമുണ്ട്. അത്രയും ദേഷ്യം വന്നിട്ടും എല്ലാവരും ചോദ്യം ചെയ്തതേ ഉള്ളൂ, കൈ വച്ചിട്ടില്ല. ആറാട്ടണ്ണൻ എന്ന പേരിൽ നിങ്ങൾക്ക് കുറച്ചു ഫോളോവേഴ്സ് ഉള്ളതാണ്, ആര് പറഞ്ഞാലും നിങ്ങൾ ഇത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നു എന്ന് ഞാൻ അയാളോട് പറഞ്ഞു.’’ –സംഗീത് ധര്‍മരാജന്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here