‘ആദ്യം കുത്തിയത് ബന്ധുവിനേയും പൊലീസുകാരേയും; തിരിച്ചുവന്ന് ഡോക്ടറെ ചവിട്ടി വീഴ്ത്തി കുത്തി’; ദൃക്‌സാക്ഷി പറയുന്നു

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കൊന്ന പ്രതി ആദ്യം ആക്രമിച്ചത് ബന്ധുവിനെയെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷിയും ആശുപത്രി ജീവനക്കാരിയുമായ മിനി. ഇതിന് ശേഷമാണ് പ്രതി ഹാളിലുണ്ടായിരുന്ന പൊലീസുകാരെ കുത്തിയത്. അക്രമം തടയാന്‍ ശ്രമിച്ചതോടെയായിരുന്നു പ്രതി പൊലീസുകാരെ ആക്രമിച്ചത്. ഇതിന് ശേഷം തിരിച്ചുവന്ന പ്രതി ഡോക്ടര്‍ വന്ദനയെ ചവിട്ടി വീഴ്ത്തി കുത്തുകയായിരുന്നുവെന്നും മിനി പറഞ്ഞു.

കാലില്‍ മുറിവുമായി എത്തിയ പ്രതിയ ഡ്രസ്സിംഗ് മുറിയില്‍ കയറ്റിയിരുന്നു. ഇതിനിടെ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ബന്ധുവിനെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം ഹാളിലേക്ക് വന്ന പ്രതിയെ പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസുകാരേയും പ്രതി കുത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ മുറിയിലെത്തി ആക്രമിക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ചവരെയെല്ലാം പ്രതി കത്രിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ആശുത്രി ജീവനക്കാരി കൈരളിയോട് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതി സന്ദീപ് അധ്യാപകനാണ്. എംഡിഎംഎ ഉപയോഗിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News