മുകേഷ് അംബാനിയുടെ വ്യാജ വീഡിയോയിലൂടെ കബളിപ്പിക്കപ്പെട്ട വനിതാ ആയുർവേദ ഡോക്ടർക്ക് നഷ്ടമായത് 7 ലക്ഷം രൂപ. മുംബൈയിലെ അന്ധേരിയിൽ 54 കാരിയായ വനിതാ ആയുർവേദ ഡോക്ടറാണ് അടുത്തിടെ കബളിപ്പിക്കപ്പെട്ടത്. നിർമ്മിതബുദ്ധിയുടെ പിന്തുണയുള്ള ദീപ് ഫേക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൃഷ്ടിച്ച മുകേഷ് അംബാനിയുടെ വ്യാജ വീഡിയോയാണ് വനിതാ ഡോക്ടറെ ചതിക്കുഴിയിൽ വീഴ്ത്തിയത്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത മുകേഷ് അംബാനിയുടെ വിഡിയോ കണ്ടാണ് ഡോക്ടർ തെറ്റിദ്ധരിച്ചത്. ‘രാജീവ് ശർമ്മ ട്രേഡ് ഗ്രൂപ്പ്’ പ്രൊമോട്ട് ചെയ്യുന്ന വീഡിയോയിൽ ഉയർന്ന വരുമാനത്തിനായി ബിസിഎഫ് ഇൻവെസ്റ്റ്‌മെൻ്റ് അക്കാദമിയിൽ ചേരാനും അംബാനി അഭ്യർത്ഥിക്കുന്നതായാണ് ഏ ഐ സഹായത്തോടെ അവതരിപ്പിക്കുന്നത്.
മെയ് 28 നും ജൂൺ 10 നും ഇടയിലാണ് അന്ധേരിയിലുള്ള ഡോക്ടറെ ലക്ഷ്യമിട്ട് തട്ടിപ്പ് നടന്നത്. തുടർന്ന് ഈ കാലയളവിൽ 16 വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളിലായി 7 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. അധിക റീഫണ്ടുകളും അഡ്വാൻസുകളും വാഗ്ദാനം ചെയ്തായിരുന്നു ഡോക്ടറെ കുടുക്കിയത്. ട്രേഡിംഗ് അക്കൗണ്ടിൽ 30 ലക്ഷം രൂപ ലാഭം പ്രതിഫലിച്ചിട്ടുണ്ടെങ്കിലും, പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് സംശയം ജനിച്ചത്. തുടർന്ന് ചതി മനസ്സിലായതോടെ അജ്ഞാതനെതിരെ പോലീസിൽ പരാതി നൽകി.
Also Read: ‘നീറ്റ് , നെറ്റ് പരീക്ഷ ക്രമക്കേടിൽ ജുഡിഷ്യൽ അന്വേഷണം വേണം’: വി പി സാനു
ഈ വിപുലമായ പദ്ധതിയിൽ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി ബാങ്കിൻ്റെ ഉദ്യോഗസ്ഥരുമായി തെളിവെടുപ്പുകൾ നടത്തുകയാണെന്നും അധികൃതർ വെളിപ്പെടുത്തി. മുകേഷ് അംബാനിയുടെ വ്യാജ വീഡിയോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി തയ്യാറാക്കിയാണ് സൗജന്യ നിക്ഷേപ മാർഗനിർദേശത്തിനായി ദുരുപയോഗം ചെയ്യുന്നത്. ഇതിനായി വാട്ട്സപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിലെ ഉപയോക്താക്കളെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here