രജിസ്റ്റർ വിവാഹ ബന്ധത്തിൽ നിന്നും പിന്മാറാനുള്ള സമ്മർദ്ദവും ഭീഷണിയും മൂലം ദളിത് യുവതി ജീവനൊടുക്കിയതായി പരാതി. തൃശൂർ പുതുക്കാട് സ്വദേശിനി അനഘയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രഹസ്യ വിവാഹവും സ്ത്രീധന പീഡനവും ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി.
തൃശൂർ പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടിൽ അശോകൻ്റെ മകൾ 25 വയസുള്ള അനഘയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ മരിച്ചത്. കഴിഞ്ഞ മാസം ഒൻപതിന് മാതൃ സഹോദരൻ്റെ ചിറ്റിശേരിയിലെ വീട്ടിൽ വെച്ചായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് യുവാവുമായി നടന്ന രഹസ്യ വിവാഹത്തെ കുറിച്ച് ബന്ധുക്കൾ അറിഞ്ഞത്.
ആറ് മാസം മുൻപ് നെല്ലായി രജിസ്ട്രാർ ഓഫീസിൽ വെച്ച് സമീപവാസിയായ പുളിക്കൽ വീട്ടിൽ ആനന്ദുമായി വിവാഹം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നേരത്തേ വിവാഹാലോചന നടത്തിയിരുന്നെങ്കിലും ആദ്യം യുവതിയുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. അടുപ്പത്തിലായ ഇരുവരും വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹം ചെയ്തു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഏപ്രിൽ 21ന് വിവാഹ നിശ്ചയവും നടത്തി. എന്നാൽ പിന്നീട് യുവതിയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായെന്നും അസഭ്യവർഷവും ഭീഷണിയും പതിവായെന്നും പറയുന്നു.
Also Read; കൊല്ലത്ത് ഗർഭിണിയായ കുതിരയ്ക്ക് നേരെ ക്രൂരത; ആക്രമണ ദൃശ്യങ്ങൾ കൈരളി ന്യൂസിന്
യുവാവിന്റെയും അമ്മയുടെയും നിരന്തരമായ ഭീഷണിയെ തുടർന്നുള്ള മനോ വിഷമമാണ് അനഘയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. അനഘയുടെ മരണത്തിന് കാരണക്കാർക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. അതേ സമയം സംഭവത്തിൽ യുവാവിനെതിരെ കേസ് എടുത്തതായും കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പുതുക്കാട് എസ്എച്ച്ഒ വി സജീഷ് കുമാർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here