കൊൽക്കത്ത: ആർജി കർ മെഡിക്കൽകോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ മമത ബാനർജി സർക്കാരിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തമാക്കി സിപിഐഎം. വിവിധ പ്രതിഷേധ പരിപാടികളിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു. സംഭവത്തിൽ പോലീസ് കമ്മീഷണർ, സംസ്ഥാന ആരോഗ്യ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ രാജിവെക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ആർജി കർ മെഡിക്കൽകോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. സി.ബി.ഐ അന്വേഷണത്തിൽ ഒരു തടസ്സവും സൃഷ്ടിക്കരുതെന്നും സിപിഐഎം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം പശ്ചിമബംഗാൾ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷിയുടെ ഗുണ്ടാ ശക്തിയിൽ പോലീസിനെ ഉപയോഗിച്ച് ആശുപത്രി തകർക്കാനും ബഹുജന പ്രസ്ഥാനത്തെ തകർക്കാനുമുള്ള ഗൂഢാലോചനയെ അപലപിക്കുന്നുവെന്നും സിപിഐഎം വ്യക്തമാക്കി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടിയിൽ സിപിഐഎം ഉൾപ്പടെയുള്ള ഇടതു പാർട്ടികളും നാഷണൽ കോൺഗ്രസും ആഹ്വാനം ചെയ്ത ബഹുജന മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.
പ്രതിഷേധവുമായി ഡിവൈഎഫ്ഐയും
ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഡോക്ടർമാർക്കും രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കണം. സംസ്ഥാന ആരോഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണം. ഈ ആവശ്യം ഉന്നയിച്ച് മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ രാപ്പകൽ പ്രതിഷേധവും കുത്തിയിരിപ്പ് സമരവും നടത്തി. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ-ഐ.ഡബ്ല്യു.എയും സാംസ്കാരിക സംഘടനാ പ്രവർത്തകരും സമരത്തിൽ അണിനിരന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here