കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് കോഴിക്കോട് എരിഞ്ഞിപ്പാലത്തെ ലോഡ്ജിൽകഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്.
യുവതിയോടൊപ്പം മുറിയെടുത്ത തൃശൂർ സ്വദേശിയായ അബ്ദുൾ സനൂഫിനായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ 24 ന് രാത്രിയാണ് തൃശൂർ സ്വദേശി അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പം ഫസീല ലോഡ്ജിൽ മുറിയെടുത്തത്.
ALSO READ; പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം; പെൺകുട്ടിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും
സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പരും മേൽവിലാസവും വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 25 ന് സനൂഫ് ലോഡ്ജിൽ നിന്നും കടന്ന് കളഞ്ഞിരുന്നു. രാത്രി പത്തുമണിയോടെ എടിഎമ്മില്‍ നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാൾ പിന്നീട് തിരിച്ച് എത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കാർ പാലക്കാട് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഫസീലയുടെ മരണകാരണം കണ്ടെത്തണമെന്ന് അച്ഛൻ മുഹമ്മദ് മാനു ആവശ്യപ്പെട്ടിരുന്നു. തന്‍റെ മകൾക്ക് സംഭവിച്ചത് മറ്റു സ്ത്രീകൾക്ക് സംഭവിക്കരുതെന്നും മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here