ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ പിറന്നാൾ ആഘോഷിക്കാൻ ഡൽഹിയിലെ ബ്ളാക് മിറർ കഫേയിലേക്ക് വിളിച്ചു വരുത്തിയ യുവതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോവുകയും, തുടർന്ന് ഹോട്ടൽ ഉടമകളും മറ്റും ചേർന്ന് യുവാവിൽ നിന്നും ബില്ലെന്ന പേരിൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
കുറച്ചു സ്‌നാക്‌സും, രണ്ടു കേക്കും, ആൽക്കഹോൾ ഇല്ലാത്ത നാല് ഷോട്ട് പാനീയവുമാണ് യുവാവ് ഓർഡർ ചെയ്‌തത്. എന്നാൽ ഇടയ്ക്ക് വെച്ച് യുവതി തന്റെ കുടുംബത്തിൽ എന്തോ ആപത്ത് സംഭവിച്ചെന്നും ഉടനെ പോകണമെന്നും പറഞ്ഞ് യുവാവിനെ തനിച്ചാക്കി കഫേയിൽ നിന്നും മടങ്ങുകയായിരുന്നു. തുടർന്ന് കഫേ ഉടമകൾ ബില്ല് കൊണ്ടുവന്നപ്പോഴാണ് യുവാവ് ശരിക്കും ഞെട്ടിയത്. 1,21,917.70 രൂപയായിരുന്നു ബില്ലായി രേഖപ്പെടുത്തിയിരുന്നത്.
ഇതിനെ തുടർന്ന് ഇരുവരും തർക്കത്തിൽ ഏർപ്പെടുകയും, യുവാവ് പണം നല്കാൻ നിര്ബന്ധിതനാവുകയും ചെയ്തു. സഹാദ്ര ഈസ്റ്റ് ഡൽഹിയിൽ താമസിക്കുന്ന പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള 32 കാരനായ അക്ഷയ് പഹ്വയുടെ അക്കൗണ്ടിലേക്കാണ് യുവാവ് പണം അയച്ചത്. എന്നാൽ കഫേയിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോവുകയും സംഭവത്തിൽ പരാതി രേഖപ്പെടുത്തുകയും ചെയ്തു.
അന്വേഷണത്തെ തുടർന്ന് പഹ്വയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താൻ തന്നെയാണ് ബ്ലാക് മിറർ കഫേയുടെ ഉടമസ്ഥനെന്ന് ചോദ്യം ചെയ്യലിൽ പഹ്വ വ്യക്തമാക്കി. ആൻഷ് ഗ്രോവർ, വാൻഷ് പഹ്വ എന്നിവരും ഇതിന്റെ നടത്തിപ്പിൽ തനിക്കൊപ്പമുള്ളതായി പഹ്വ വ്യക്തമാക്കി. അക്ഷയ് പഹ്വയും വാൻഷ് പഹ്വയും സഹോദരങ്ങളാണെന്ന് പോലീസ് പറയുന്നു.
അക്ഷയ് പഹ്വയാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറയുന്നു. അഫ്‌സന പർവീൻ എന്ന പേരിലുള്ള യുവതിയെയെയാണ് ഇവർ തട്ടിപ്പിന് വേണ്ടി നിയോഗിച്ചത്. ആയിഷ, നൂർ എന്നീ പേരുകളിളും വിവിധ ഡേറ്റിങ് ആപ്പുകളിൽ ഈ 25 കാരി അറിയപ്പെടുന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പർവീൺ മറ്റൊരു കഫേയിൽ ഒരാളുമായി ഡേറ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഹോട്ടൽ ജീവനക്കാരെ വരെ കൂട്ടുപിടിച്ചാണ് ഇവർ ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്താൻ തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here