‘ജോലിയില്ലാത്ത വനിതകളെ ഇനി വീട്ടമ്മയെന്ന് വിളിക്കണ്ട’; മാർഗരേഖയുമായി വനിതാ കമ്മീഷൻ

ജോലിയില്ലാത്ത വനിതകളെ ഇനി വീട്ടമ്മയെന്ന് വിളിക്കണ്ട എന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ​ലിം​ഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർ​ഗ രേഖയിലാണ് വനിതാ കമ്മീഷൻ ഇക്കാര്യം പറയുന്നത്. ഇതിന്റെ ശുപാർശകൾ സഹിതം ഇക്കാര്യം സർക്കാരിന് സമർപ്പിച്ചു.

‘വളയിട്ട കൈകളില്‍ വളയം ഭദ്രം’ പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്പോള്‍ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കുക എന്നും സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്പോള്‍ ‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നതരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണമെന്നും നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നുണ്ട്.

സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കാന്‍ രഹസ്യമായി പുറപ്പെടുന്ന ‘ഒളിച്ചോട്ട’ വാര്‍ത്തകളില്‍ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി’ എന്ന രീതിയില്‍ ഉള്ള തരം വാര്‍ത്താ തലക്കെട്ടുകളും മാറ്റണം. പാചകം, വൃത്തിയാക്കല്‍, ശിശുസംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ഒഴിവാക്കണം.ലൈംഗികച്ചുവയുള്ള തലക്കെട്ടുകളും ഒഴിവാക്കണം.

also read: പാലക്കാട് തോൽവി; ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു
കൂടാതെ ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം എന്നും വനിതാ കമ്മീഷന്റെ ശുപാർശയിൽ പറയുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാഷാവിദഗ്ധര്‍, ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്ധര്‍, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറു മാസത്തിനകം പുസ്തകം തയ്യാറാക്കണമെന്നും സമിതിയിലെ വിദഗ്ധര്‍ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration