സീതയെ സംരക്ഷിക്കാത്ത രാമന്‍ രാജ്യത്തിന്റെ രക്ഷകനോ ? വിരോധാഭാസങ്ങളുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം

ചരിത്രത്തെ ലോകത്ത് നിന്നും ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല എന്നത് വസ്തുതയായിരിക്കെ രാഷ്ട്രീയത്തിന്റെ പുകമറകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ബിജെപി 2024 ജനുവരി 22ന്. കൊന്നും കൊല്ലിച്ചും ചരിത്രത്തെയും സത്യത്തെയും സംഘപരിവാറുകാര്‍ ചോരയില്‍ മുക്കിക്കളഞ്ഞതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നിരിക്കെ ഒരു മതത്തിന്റെ മുഴുവന്‍ വിശ്വാസങ്ങളേയും തച്ചുടച്ച് അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാമനെ കുടിയിരുത്താന്‍ ശ്രമിക്കുക്കുന്നത്.

1992 ഡിസംബര്‍ 6 ന് സംഘപരിവാറുകാര്‍ ഉത്തര്‍പ്രദേശിലെ അയോധ്യ നഗരത്തിലുള്ള പതിനാറാം നൂറ്റാണ്ടിലെ ബാബരി പള്ളി തകര്‍ത്തതിനെ നിസ്സാരമായി കണ്ടുകളയാന്‍ ഇന്ത്യയെന്ന മതേതര രാജ്യത്ത് താമസിക്കുന്ന ഒരു ഇന്ത്യക്കാരനും സാധിക്കില്ല. സംഘപരിവാറിന്റെ ചോരക്കൊതിയും മതതീവ്രതയും മനസിലാക്കാന്‍ നമ്മുടെ തൊട്ടുപിന്നിലുള്ള ചരിത്രത്തിലേക്ക് വെറുതേയൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാകും. രാംമന്ദിര്‍ പോലെ ആയിരം കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയാലും കൊന്ന് തിന്നതിന്റെ കണക്കുകള്‍ തീര്‍ക്കാന്‍ കഴിയില്ല എന്ന നഗ്നമായ സത്യം ഹിന്ദുത്വവാദികള്‍ സൗകര്യപൂര്‍വം മറക്കുമ്പോള്‍ ഞങ്ങള്‍ അത് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.

Also Read : മോദിക്കെതിരായ പരാമർശം: ‘ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റും’, നിരൂപകനും അധ്യാപകനുമായ കെ.വി. സജയ്ക്ക് സംഘ്പരിവാർ ഭീഷണി

ഒരു കള്ളം ആയിരം തവണ ആവര്‍ത്തിച്ചാലും അത് സത്യമാകില്ല എന്നിരിക്കെയാണ് ഇന്ത്യയെ രാമരാജ്യമാക്കാന്‍ ഹിന്ദുത്വ വാദികള്‍ ശ്രമിക്കുന്നത്. രാമരാജ്യമെന്ന പേരില്‍ മതേതര ഇന്ത്യയെ മാറ്റാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ ചോദ്യചിഹ്നമാകുന്നത് രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യപ്രകാരം തന്റെ പാതിയായ സീതയുടെ സ്ത്രീത്വത്തെ സംശയിച്ച, രാമന്‍ സീതയെ കാട്ടിലുപേക്ഷിച്ച കഥ രാമായണമായി നമുക്ക് മുന്നിലെത്തിയത് മറ്റൊരു മുഖത്തിലായിരുന്നു. മനുഷ്യാവതാരമായ രാമനെ ദേവനായി ചിത്രീകരിച്ചതും ഇതേമുഖത്തിന്റെ ഭാഗമാണ്.

അത്തരത്തില്‍ സ്വന്തം പങ്കാളിയെപ്പോലും വിശ്വസിക്കാത്ത, അവരുടെ വാക്കിന് പോലും വിലനല്‍കാത്ത രാമന്‍ ഇന്ത്യയെ എത്തരത്തില്‍ സംരക്ഷിക്കുമെന്നാണ് അവകാശപ്പെടുന്നതെന്ന് ആലോചിക്കുന്നത് തന്നെ വിരോധാഭാസമാണ്. രാമരാജ്യമെന്ന് ഹിന്ദുത്വ വാദികള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം എട്ടുദിക്കുമാറുച്ചത്തില്‍ വിളിക്കുമ്പോഴും സ്വന്തം പങ്കാളിയെ സംരക്ഷിക്കാത്ത രാമന്‍ ഇന്ത്യയിലെ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കുമെന്നാണ് പറയുന്നത്.

കണക്കുകള്‍പ്രകാരം സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യയും മുന്നിലാണ്. അത്തരത്തിലുള്ള ഇന്ത്യയില്‍ രാമരാജ്യം സൃഷ്ടിക്കാനൊരുങ്ങുന്ന ഹിന്ദുത്വവാദികള്‍ മതനിരപേക്ഷ രാഷ്ട്രത്തെ മനപ്പൂര്‍വം കൊന്നൊടുക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ സംരക്ഷിക്കപ്പെടുമ്പോള്‍,മതങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ അവിടെ വിജയിക്കുന്നത് ആ രാജ്യം തന്നെയാണ്. എല്ലാ മതത്തേയും ഒരേ മനസോടെ കാണാന്‍ കാണാന്‍ കഴിയുന്ന ഇന്ത്യക്കാരിലാണ് കാലം ഇനി പ്രതീക്ഷയര്‍പ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News