വനിതാ താരങ്ങള്‍ക്ക് നീതിയില്ലാതെ മടങ്ങില്ല, കേന്ദ്ര സര്‍ക്കാരിനെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധം

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ ഗുസ്തി താരങ്ങള്‍. പരാതിയില്‍ നീതികിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ് വനിതാ ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവര്‍ ഞായറാഴ്ച ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു.

കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും സാക്ഷി മാലിക്കും വിനയ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ്ട് വിനയ് ഫോഗട്ട് ഞായറാഴ്ച മാധ്യമങ്ങളെ കണ്ടത്. മൂന്ന് മാസമായി വലിയ മാനസിക പീഡനം അനുഭവിക്കുന്നുവെന്ന് പറഞ്ഞ ഫോഗട്ട് തങ്ങള്‍ പോരാടുന്നത് കരുത്തനോടാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. നീതി കിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അതുകൊണ്ട് പ്രതിഷേധവുമായി ജന്തര്‍ മന്തറില്‍ തന്നെ തുടരുമെന്നും ഫോഗട്ട് അറിയിച്ചു.

നടപടിയെടുക്കാതിരിക്കാന്‍ വേണ്ടി പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടോ എന്ന് അറിയില്ല. കേന്ദ്ര കായിക മന്ത്രിയില്‍നിന്ന് ഒരു പ്രതികരണവുമില്ല. മൂന്നാഴ്ചയായി മന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്റെ സമയം തേടുന്നു. താരങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. യുവ താരങ്ങള്‍ക്ക് വേണ്ടിയാണ് ഈ പോരാട്ടം എന്നും ഫോഗട്ട് വ്യക്തമാക്കി.

ജനുവരിയില്‍ താരങ്ങള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് ആരോപണങ്ങള്‍ അന്വേഷിക്കാനും ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനം നിരീക്ഷിക്കാനും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കായിക മന്ത്രാലയം മേരി കോമിന്റെ നേതൃത്വത്തില്‍ മേല്‍നോട്ട സമിതിക്ക് രൂപം നല്‍കിയിരുന്നു. ജനുവരി 23ന് നിയോഗിച്ച സമിതി കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഫെഡറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച് സംബന്ധിച്ച് കായിക മന്ത്രാലയം ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

അതേ സമയം ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അടുത്തിടെ ഒരു ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ ബ്രിജ് ഭൂഷണ് ക്ലീന്‍ ചിറ്റ് നല്‍കിയതായി ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് നാനാവതി ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ജന്തര്‍ മന്ദിറില്‍ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെപ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതി നല്‍കിയിട്ടും ഭൂഷണെതിരെ നടപടിയെടുക്കുന്നില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് സാക്ഷി മാലിക്കുംവിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജനുവരി അവസാനം ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചത്. ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News