ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരമുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ചാടിക്കടന്ന ഗുസ്തി താരങ്ങളെ പൊലീസ് തടഞ്ഞു.
വിനേഷ് ഫൊഗട്ടും, ബജ്റംഗം പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവരാണ് മാർച്ച് നയിച്ചത്. സാക്ഷിമാലിക്കിനെയും വിനേഷ് ഫോഗട്ടിനേയും അറസ്റ്റ് ചെയ്തു. രാജ്യത്തിൻ്റെ അഭിമാനം ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച വനിതാ താരങ്ങളെപൊലീസ് കയ്യേറ്റം ചെയ്യുകയും റോഡിൽ വലിച്ചിഴക്കുകയും ചെയ്തു. തുടർന്ന് സമരപന്തൽ പൊലീസ് പൊളിച്ചുകളഞ്ഞു.
പ്രതിഷേധം തടയാൻ വൻ പൊലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അവരെ മറികടന്നാണ് താരങ്ങൾ മുന്നോട്ടുപോയത് . താരങ്ങളെ അറസ്റ്റ് ചെയതതോടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ വളഞ്ഞ പൊലീസ് അവരെ വഴിച്ചിഴച്ച് നീക്കം ചെയ്യുകയായിരുന്നു. നൂറിലേറെ ആളുകൾ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ജന്തർ മന്ദറിൽ എത്തിച്ചേർന്നിട്ടുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പൊലീസ് അനുവദിച്ചില്ലെങ്കിൽ പൊലീസ് തടയുന്നിടത്ത് വെച്ച് മഹിളാ മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
തങ്ങൾ ബാരിക്കേഡ് തകർത്തിട്ടില്ലെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. പാർലമെന്റിലേക്ക് പോകാൻ പൊലീസ് അനുവദിച്ചില്ല. തുടർന്ന് ചില പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന് പിന്തുണയുമായെത്തിയ കർഷകരെ ഡൽഹി അതിർത്തികളിലും പോലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനയായ ‘പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി’ പ്രവർത്തകരെ അംബാല അതിർത്തിയിൽ വച്ച് പൊലീസ് തടഞ്ഞു. നിരവധി കർഷക നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്. സമരത്തിന് പിന്തുണയുമായി എത്തിയ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമരത്തിന് പിന്തുണയുമായി എത്തിയ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്‌റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here