തൊഴിലാളി സൗഹൃദമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പായ ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനു കൊട്ടാരക്കരയില്‍ നാളെ തുടക്കം കുറിക്കുകയാണ്.
ഇതിലൂടെ രാജ്യത്തെ മെട്രോനഗരങ്ങളില്‍ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴില്‍ സൗകര്യം കേരളത്തിലെ ഒരു ചെറിയ പട്ടണത്തില്‍ സാധ്യമാക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പ്
കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന മേഖലകളില്‍ ഒന്നാണ് തൊഴില്‍. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്നിരുന്ന തൊഴിലുകളും തൊഴില്‍ രീതികളും മാറുകയാണ്. ആ മാറ്റങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് തൊഴിലാളി സൗഹൃദമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പായ ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനു കൊട്ടാരക്കരയില്‍ നാളെ തുടക്കം കുറിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ മെട്രോനഗരങ്ങളില്‍ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴില്‍ സൗകര്യം കേരളത്തിലെ ഒരു ചെറിയ പട്ടണത്തില്‍ സാധ്യമാക്കുകയാണ്.
വിജ്ഞാനാധിഷ്ഠിത, വിവരസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വിദൂരമായി ജോലികള്‍ ചെയ്യുന്നതിനുള്ള വര്‍ക്ക്‌സ്‌പെയ്‌സുകളുടെ ഒരു ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ്, കേരളാ ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സ്ഥാപിതമാകുന്ന വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ലക്ഷ്യം. ഫ്രീലാന്‍സ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്വന്തമായി ചെറുസംരംഭങ്ങള്‍ നടത്തുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉപകാരപ്രദമായ രീതിയിലാണ് വര്‍ക്ക് നിയര്‍ ഹോം കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.
2025 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന കൊട്ടാരക്കരയിലെ കേന്ദ്രത്തില്‍ ഇരുനൂറിലധികം പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. കൊല്ലം ജില്ലയിലെ ആദ്യ പാരിസ്ഥിതിക സൗഹൃദ-ഊര്‍ജ സംരക്ഷിത മാതൃകാ കെട്ടിടമെന്ന പ്രത്യേകത കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ കെട്ടിടം കൈവരിക്കും. വികസനം ഏതാനും നഗരങ്ങളില്‍ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സര്‍ക്കാര്‍. ജനകീയവും സര്‍വ്വതലസ്പര്‍ശിയുമായ സാമൂഹ്യപുരോഗതിയാണ് നമ്മുടെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here