അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ഖനിയിൽ വെള്ളം നിറയുകയും തൊഴിലാളിലകൾ കുടുങ്ങി പോകുകയും ചെയ്തത്. 8 ഖനന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയിൽ നൂറടി താഴ്ച്ചയിൽ വരെ വെള്ളം കയറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒറ്റപ്പെട്ട മലയോര പ്രദേശമായതിനാൽ തന്നെ രക്ഷാപ്രവർത്തനം ഏറെ വൈകിയാണ് ആരംഭിച്ചത്. അപ്പോഴേക്കും 3 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
മോട്ടോറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്. യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഇവിടെ തൊഴിലാളികൾ ഖനനം നടത്തുന്നത്. ‘റാറ്റ് ഹോള്‍ മൈനിങ്’ എന്ന പേരിലറിയപ്പെടുന്ന ഈ ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്. നിലവിൽ 17 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം സാധ്യമായിട്ടില്ല. കുടുങ്ങിയ ഖനിത്തൊഴിലാളികളിൽ അസം, പശ്ചിമ ബംഗാൾ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തികളും ഉൾപ്പെടുന്നുണ്ട്. ഖനിക്കുള്ളിൽ മൂന്നു മൃതദേഹങ്ങൾ കാണുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് ഇതുവരെ പുറത്തെടുക്കാനായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വിശാഖപട്ടണത്ത് നിന്ന് മുങ്ങൽ വിദഗ്ധരടക്കം ഉടനെത്തിയേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here