ഇന്ന് ലോക പുസ്തക ദിനം. പുസ്തകത്തിൻ്റെ കാലാന്തര രൂപമാറ്റത്തിലൂടെ ലോകം ഭരിക്കുക തന്നെയാണ് വായന. ഘാനയുടെ തലസ്ഥാനമായ അക്രയാണ് ഇത്തവണ യുനെസ്കോയുടെ ലോകപുസ്തക തലസ്ഥാനം.
പുത്തൻ കാര്യങ്ങൾ അകത്തുള്ളത് എന്നാണ് പുത്തകത്തിന് കുഞ്ഞുണ്ണി മാഷിൻ്റെ അമരകോശം നൽകുന്ന പര്യായപദം. 40 ലക്ഷം പുതിയ പുസ്തകങ്ങളാണ് ഓരോ വർഷവും പുറത്തിറങ്ങുന്നത്. കോവിഡിന് മുമ്പ് 80 കോടി പുസ്തകക്കോപ്പികൾ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ 125 കോടി പതിപ്പുകളിലേക്ക് വളർച്ച കുതിക്കുകയാണ്.
ഇ ബുക്കുകളും ഓഡിയോ ബുക്കുകളും അതിലും എത്രയോ മടങ്ങ്. കണക്കുകൾ കുഞ്ഞുണ്ണി മാഷിൻറെ വ്യാഖ്യാനത്തെ ശരിവെക്കുകയാണ്. പട്ടിണി കിടക്കുന്നവന് പുസ്തകം എന്ന സമരായുധം ഉയർത്തിക്കാണിച്ച ബ്രഹ്‌ത്തിയൻ വ്യാഖ്യാനവും മനുഷ്യവംശത്തിന്റെ സമര ചരിത്രം ശരിവയ്ക്കും. പുസ്തകങ്ങൾ വായിച്ച് നാഗരികതകൾ പുതുക്കപ്പെടുകയും കൊട്ടകൊത്തളങ്ങൾ പുരാവസ്തുവാക്കപ്പെടുകയും ചെയ്തതിൻ്റെ ചരിത്രം അനവരതം പടർന്നുനിൽക്കും.
സ്പെയിനിൽ പൂക്കളുടെ ദിവസമായി ആഘോഷിച്ചിരുന്നതാണ് ഏപ്രിൽ 23. മിഗ്വേൽ ഡി സെർവാന്റീസ് മരിച്ചതും അതേ ദിവസം തന്നെയായതോടെ പ്രിയ പുസ്തകകാരന്റെ ചരമദിനത്തിൽ സ്പാനിഷുകാർ പൂക്കൾക്കൊപ്പം പുസ്തകങ്ങളും കൈമാറിത്തുടങ്ങി.
കാറ്റലോണിയയിൽ ഇന്നു മാത്രം നാല് ലക്ഷം പുസ്തകങ്ങളും 40 ലക്ഷം റോസാപ്പൂക്കളും പങ്കുവയ്ക്കപ്പെടും. 1995ൽ യുനെസ്കോയുടെ പൊതുസമ്മേളനത്തിൽ വെച്ച് സേർവാൻ്റിസിനൊപ്പം ഷേക്സ്പിയറും ഗാഴ്‌സിലാസോ ഡെല വേഗയും വായനക്കാരോട് വിടപറഞ്ഞ ഏപ്രിൽ 23ന് ലോക പുസ്തക ദിനം സംഘടിപ്പിക്കപ്പെടാൻ തീരുമാനമായി. ആഘോഷത്തിന് ഔദ്യോഗിക ഘടനയായി.
ഞരമ്പുകളിൽ അറിവിന്റെ തൃഷ്ണ ചംക്രമണം ചെയ്യുന്നിടത്തോളം കാലം പുസ്തകങ്ങൾ അതിജീവനം നടത്തും. നമ്മളോട് ചാറ്റ് ചെയ്ത് അറിവ് പങ്കുവയ്ക്കുകയും അറിവിൻറെ ഒറ്റ ഉറവിടമായി വളരുകയും ചെയ്യാൻ ഒരു ജിപിടി കാത്തിരിക്കുന്നുണ്ടാകും. എന്നിരുന്നാലും പുസ്തകത്തിൻ്റെ രൂപവും വലിപ്പവും ചേർത്തുവയ്ക്കുന്ന വരമ്പുകൾ തകർത്ത് ശബ്ദ- ദൃശ്യ സമ്മിശ്രമായി പുസ്തകം പുനരവതരിക്കും. പുറംചട്ടകളും ഉൾപേജുകളും ചിറകുകളാക്കി സാങ്കേതിക വലിപ്പത്തെ തോളിലേറ്റും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here