2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പിന്നാലെ അർജന്‍റീനയ്ക്കും തോൽവി. അർജന്‍റീനയെ 2-1ന് കൊളംബിയയാണ് തോൽപ്പിച്ചത്. മെസി ഇല്ലാതെ ഇറങ്ങിയ അർജന്‍റീനയെ തോൽപ്പിച്ച കൊളംബിയ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരം ചെയ്തു. അറുപതാം മിനിട്ടിൽ ക്യാപ്റ്റൻ ജെയിംസ് റോഡ്രിഗസ് നേടിയ ഗോളിലൂടെയാണ് കൊളംബിയ ജയം ഉറപ്പിച്ചത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റോഡ്രിഗസിന്‍റെ പാസിൽ യേഴ്സൻ മൊഗ്വേര 25-ാം മിനിട്ടിൽ നേടിയ ഗോളിലൂടെ കൊളംബിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മൂന്ന് മിനിട്ടിനകം അർജന്‍റീന തിരിച്ചടിച്ചു. റോഡ്രിഗസിന്‍റെ മിസ്പാസ് പിടിച്ചെടുത്ത് നിക്കോളാസ് ഗോൺസാലസ് നിറയൊഴിച്ചപ്പോൾ കൊളംബിയൻ ഗോളി കാമിലോ വർഗാസ് കാഴ്ചക്കാരനായിരുന്നു.
നേരത്തെ പരാഗ്വെയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ് ബ്രസീലിനെ ഞെട്ടിച്ച് പരാഗ്വെ ഗോൾ നേടിയത്. ഡിയോഗോ ഗോമസാണ് പരാഗ്വെയ്ക്കായി ബ്രസീലിയൻ ഗോൾവല ചലിപ്പിച്ചത്.
Also Read- ലോകകപ്പ് യോഗ്യത: ബ്രസീലിന് കാലിടറി; പരാഗ്വേയോട് തോറ്റു
ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്‍റ് ടേബിളിൽ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ 10 പോയന്റാണ് ബ്രസീലിനുള്ളത്. 18 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്താണ്. ഉറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകളും ബ്രസീലിന് മുന്നിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here