ഓരോ ദിവസവും പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ; ഇന്ന് ലോക പ്രമേഹ ദിനം

diabetes

ഇന്ന് ലോക പ്രമേഹ ദിനം. മാറുന്ന ഭക്ഷണരീതിയും ജീവിതശൈലിയും പ്രമേഹ രോഗത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. പ്രമേഹ രോഗികൾ ഏറെയുള്ള കേരളത്തിലും പ്രമേഹ രോഗ സാധ്യത ഓരോ വർഷവും കൂടുന്നതായാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

160ൽ പരം രാജ്യങ്ങളിലാണ് നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്. ഓരോ ദിവസവും പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥി ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉല്പാദിപ്പിക്കാതിരിക്കുകയോ, അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലി രോഗം എന്ന് ഗണത്തിൽ നിന്ന് മഹാമാരി എന്ന ഗണത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ് പ്രമേഹം.

മരണകാരണമായ രോഗങ്ങളുടെ കൂട്ടത്തിൽ പ്രമേഹത്തിന് ഒമ്പതാം സ്ഥാനമാണ് ഉള്ളത്. വരുംവർഷങ്ങളിൽ അത് ഉയരാനാണ് സാധ്യത എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനുള്ള സന്ദേശം പകരുക കൂടിയാണ് ലോക പ്രമേഹ ദിനത്തിന്റെ ലക്ഷ്യം. ആഗോള ആരോഗ്യം ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേഹ ദിനത്തിന്റെ സന്ദേശം. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് ചൈനയിലാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട് . കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

മുതിർന്നവരിൽ കാണുന്ന ടൈപ്പ് 2 പ്രമേഹത്തെക്കാൾ സങ്കീർണ്ണമാണ് കുട്ടികളിലേത്. ചികിത്സാച്ചെലവ് സാധാരണക്കാരുടെ പരിമിതികളെ താളം തെറ്റിക്കുന്നു . ശ്രദ്ധിച്ചില്ലെങ്കിൽ അൽപം അപകടകരവുമാണ് ഈ അവസ്ഥ. ഇതിന് പ്രതിവിധിയായി കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായാണ് ‘മിഠായി’ എന്ന പദ്ധതി കേരള സർക്കാർ 2018ൽ ആരംഭിച്ചത്. ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും, കൗമാരക്കാർക്കും സമഗ്ര ആരോഗ്യപരിരക്ഷ നൽകുന്നതാണ് പദ്ധതി.

also read: പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി: മന്ത്രി വീണാ ജോര്‍ജ്

സാമൂഹ്യനീതിവകുപ്പ്, വനിത-ശിശു വികസന വകുപ്പുകളുടെ സകരണത്തോടെയാണ് ‘മിഠായി’ നടപ്പാക്കുന്നത്. ടൈപ്പ് വൺ പ്രമേഹം ബാധിച്ച 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇൻസുലിൻ പരിചരണം, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്റർ എന്നീ ആധുനിക ചികിത്സയും, കൗൺസലിംഗ്, മാതാപിതാക്കൾക്കുള്ള പരിശീലനം മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവയടക്കം ആറു ഘട്ടങ്ങൾ ഉൾപ്പെടുന്ന ബൃഹദ് പദ്ധതിയാണ് മിഠായി. ഓരോ പ്രമേഹ ദിനവും കടന്നുപോകുമ്പോഴും വ്യായാമത്തെക്കുറിച്ചും ജീവിതശൈലിയിൽ വരുത്തേണ്ട ഗുണപരമായ മാറ്റങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here