തളരരുത്! സധൈര്യം മുന്നോട്ട്….; ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം

SUICIDE PREVENTION DAY

ഇന്ന് സെപ്റ്റംബർ 10 -ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യ പ്രവണത തടയാനുളള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയും ആത്മഹത്യാ പ്രതിരോധ രാജ്യാന്തര സംഘടനയും ചേർന്നാണ് ഇങ്ങനെ ഒരു ദിവസം ആചരിച്ചുവരുന്നത്. ആത്മഹത്യ എന്നത് തടയുവാന്‍ പറ്റുന്ന ഒരു സാമൂഹ്യ വിപത്താണെന്ന യാഥാര്‍ഥ്യം ജനങ്ങളിലേക്ക് എത്തിക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നായി മാറിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്, സമയത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നതെന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല.

കേരള സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ സ്ഥിതി വിവര കണക്കുകൾ പ്രകാരം കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന ആത്മഹത്യ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2023 ലാണ്. 2012ൽ 24 .6 ശതമായിരുന്ന ആത്മഹത്യ നിരക്ക് 2023 ആയപ്പോഴേക്കും ഗണ്യമായി വർധിച്ച് 30 .9 ശതമാനത്തിലേക്കെത്തി.കഴിഞ്ഞ മൂന്ന് വർഷത്തെ ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ, മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും ആത്മഹത്യ മരണ നിരക്ക് ഉയരുന്ന കാഴ്ചയാണ് പ്രകടമാകുന്നത്.

ALSO READ: ഇവൻ പുലിയാണ് കേട്ടോ! വില്പനയിൽ ബസാൾട്ടിനെ മലർത്തിയടിച്ച് കർവ്

കഴിഞ്ഞ വർഷത്തെ അതായത് 2023ലെ മാത്രം കണക്കെടുത്താൽ, ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 1611 പേരാണ് കഴിഞ്ഞ വർഷം ജില്ലയിൽ ജീവനൊടുക്കിയത്. തൊട്ടുപിന്നാലെ കൊല്ലം ജില്ലയുണ്ട്. കഴിഞ്ഞ വർഷം 1208 ആത്മഹത്യ മരണങ്ങളാണ് കൊല്ലം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തൃശൂർ: 1060 , എറണാകുളം: 1007, പാലക്കാട്: 937, കോഴിക്കോട്: 894 കണ്ണൂർ: 784, ആലപ്പുഴ: 729 , കോട്ടയം: 591, മലപ്പുറം: 515, ഇടുക്കി: 508, പത്തനംതിട്ട: 405, കാസറഗോഡ്: 358 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ആത്മഹത്യാ കേസുകളുടെ എണ്ണം. 354 ആത്മഹത്യ മരണങ്ങൾ റിപ്പോർട്ട് ചെയ്ത വയനാട് ആണ് ജില്ലകളിൽ ഏറ്റവും ഒടുവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്തവരിൽ 56 % ആൾക്കാരും 45 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇതിൽ തന്നെ 76. 6 % വിവാഹിതരാണ്. അവിവാഹിതരരായ 17.9 ശതമാനം പേരും ജീവനോടുക്കി.

കുടുംബ പ്രശ്നങ്ങളാണ് പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. 47.4 പേരും കുടുംബ പ്രശനങ്ങൾ മൂലമാണ് ജീവനൊടുക്കിയത്. മാനസിക , ശാരീരിക പ്രശ്നനങ്ങൾ മൂലം 21.9 ശതമാനും പേരും ജീവനൊടുക്കിയിട്ടുണ്ട്. കടുത്ത ലഹരി ഉപയോഗം 9.7 ശതമാനം ജീവനുകൾ കവർന്നെടുത്തപ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം 2.6% പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്. പ്രേമ നൈരാശ്യം, തോഴിലില്ലായ്മ, പരീക്ഷാ തോൽവി എന്നീ കാരണങ്ങളും ചിലരിൽ ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ട്. എൺപത് ശതമാനം തൂങ്ങി മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. വിഷം കഴിച്ച് ജീവനൊടുക്കിയവരുടെ എണ്ണവും കുറവല്ല.

തൊഴിൽ മേഖല കണക്കിലെടുത്തൽ ഈ കാലയളവിൽ ആത്മഹത്യ ചെയ്ത മുപ്പത് ശതമാനത്തിലധികം പേരും ദിവസ വേദനക്കാരാണ്. ദിവസേന വേതനം കൊണ്ട് ജീവതത്തിന്റെ രണ്ടറ്റം തമ്മിൽ കൂട്ടിക്കെട്ടാൻ കഴിയാത്തതാകാം ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നതെന്ന്
അനുമാനിക്കാം. ഏകദേശം ഇരുപത് ശതമാനത്തിനോടടുത്ത് മരിച്ചവർ തൊഴിലില്ലാത്തവരാണ്. അതേസമയം തൊഴിലിടങ്ങളിൽ നേരിടുന്ന സമ്മർദ്ദങ്ങൾ അടക്കമുള്ള കാരണങ്ങൾ കൊണ്ടാവാം പന്ത്രണ്ട് ശതമാനം പ്രൊഫഷണലുകളും കഴിഞ്ഞ വർഷം ജീവനൊടുക്കിയിട്ടുണ്ട്.

ALSO READ: ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്

അടുത്തിടെ കുടുംബ ആത്മഹത്യകൾ വർധിച്ചു വരുന്ന പ്രവണതയും നാം കാണുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി, കുടുംബ കലഹം എന്നിവയാണ് ഇത്തരം കൂട്ട ആത്മഹത്യകൾക്ക് പലപ്പോഴും കാരണമാകുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തരം മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാല് കുടുംബങ്ങളിൽ നിന്നായി അൻപത് പേർക്കാണ് ഈ രീതിയിൽ ജീവൻ നഷ്ടമായത്. കുടുംബ ആത്മഹത്യകളുടെ എണ്ണത്തിൽ ഇടുക്കി രണ്ടാം സ്ഥാനത്തും എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കുറവ് കുടുംബ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുള്ള ശക്തി ഇല്ലെന്ന് നമ്മളിൽ തന്നെ ഒരു തോന്നൽ ഉണ്ടാകുമ്പോഴാണ് ജീവിതം അവസാനിപ്പിക്കുന്നതിലൂടെ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളെ ഇല്ലാതാകുമെന്ന ചിന്ത കടന്നുവരുന്നത്. ഒരു സെക്കന്റിൽ തോന്നുന്ന ഈ ചിന്തയിലൂടെ നാം ഇല്ലാതാക്കുന്നത് എത്ര നാളത്തെ ആഗ്രഹണങ്ങളും സ്വപ്നങ്ങളും കഷ്ടപ്പാടുകളും ആണെന്ന് നാം എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? നാം ഇതുവരെ കടന്നുവന്ന വഴികളിലേക്ക് സൂക്ഷ്മമായി കണ്ണോടിച്ചാൽ ഈ തെറ്റായ തീരുമാനത്തിൽ നിന്നും അതുവേഗം പിന്മാറാൻ നമുക്ക് കഴിയും.

ആത്മഹത്യ പ്രേരണ ഉയർത്തുന്ന ചിന്തകൾ നിങ്ങളുടെ മനസ്സിൽ അലയടിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരോട്, അതായത് നിങ്ങളുമായി ഏറ്റവും അടുപ്പമുള്ള വ്യകതിയോട് പ്രശനങ്ങൾ തുറന്നു പറയാൻ ശ്രമിക്കണം. ഇതിന് കഴിയുന്നില്ലെങ്കിൽ ഒരു കൗൺസിലിംഗിന്
വിധേയമാകുന്നത് ഏറെ സഹായകമാകും. മറ്റുള്ളവരുടെ ഇത്തരം പ്രശ്നങ്ങൾ കേൾക്കാൻ നമ്മളും സമയം കണ്ടത്തേണ്ടതുണ്ട്.നമ്മുടെ കുടുംബത്തിലെ ഒരാൾ, അല്ലെങ്കിൽ സുഹൃത്ത്, അതുമല്ലെങ്കിൽ പരിചയത്തിൽ ഉള്ള വ്യക്തി- ഇവരിൽ ആത്മഹത്യ പ്രവണത ഉണ്ടെന്ന് നമ്മുക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ അവർ ജീവനൊടുക്കാൻ ശ്രമിച്ചേക്കാവുന്ന മാർഗങ്ങളിൽ തടയിടാൻ നാം പരമാവധി ശ്രമിക്കണം. ഓർക്കുക…ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഈ കാലവും കടന്നുപോകും! തളർന്നു വീണുവെങ്കിലും സധൈര്യത്തോടെ മുന്നോട്ട് നീങ്ങുക…എന്തെന്നാൽ നാളെ ചിലപ്പോൾ നിങ്ങളുടെ ദിവസമായിരിക്കും…!

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News