ഇനി മണിക്കൂറുകൾ മാത്രം; ലോകം പുതുവർഷപ്പിറവിയിലേക്ക്

ലോകം പുതുവര്‍ഷപ്പുലരി ആഘോഷത്തിന്‍റെ ലഹരിയില്‍. കടന്നുപോയ കാലത്തിന്‍റെ നന്മ-തിന്മകളെ തിരിച്ചറിഞ്ഞും ആവശ്യമുള്ളത് കൂടെ കൂട്ടിയും ലോകം മുന്നോട്ട് നീങ്ങുകയാണ്. ഇസ്രായേല്‍ അധിനിവേശത്തില്‍ നാമാവേശഷമായ ഗാസയുടെ കണ്ണീര്‍ ലോകത്തിന്‍റെ കവിളിലുണ്ട്. വര്‍ഗീയത മുഖമുദ്രയാക്കിയ ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ വിഭജനത്തിന്‍റെ പാതയിലേക്ക് നയിച്ച് ഏകാധിപത്യസംവിധാനത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതിരോധമല്ലാതെ മറ്റൊരു മാര്‍ഗമില്ല. കേരളം പ്രതീക്ഷയുടെ തുരുത്തായി നിലനില്‍ക്കുന്നത് ഇടത് പക്ഷത്തിന്‍റെ പ്രസക്തി എത്രയെന്ന് പുതിയ വര്‍ഷത്തില്‍ ഓര്‍മപ്പെടുത്തുന്നു.

Also Read: പഴയതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി: വി.എം.സുധീരന്‍

പതിവ് പോലെ ഓർത്തുവെക്കാനും ഓർക്കാതിരിക്കാനുമുള്ള സംഭവബഹുലമായ മുഹൂർത്തങ്ങളുടെ കാറ്റടിച്ച് തന്നെ ഒരു വർഷം കൂടി പിന്നിലേക്ക് മറയുന്നു. ആഗസ്ത് മുതലിങ്ങോട്ട് ഓരോ മാസത്തിന്റെയും താളുകളിൽ ചോരക്കറ പടർത്തിയ ഇസ്രായേൽ അധിനിവേശത്തിൽ കൊഴിഞ്ഞു പോയ ഗാസയുടെ കണ്ണീർ ലോകത്തിന്റെയാകെ കവിളിലേക്ക് ഒഴുകിപ്പടർന്നത് പുതുവർഷ പുലരിയിലെ ആഘോഷങ്ങളുടെ നിറം കെടുത്തുന്നു. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും സഞ്ചരിക്കാനും ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇപ്പോഴും പോരാട്ടങ്ങൾ തുടരുന്നു. അധിനിവേശങ്ങളും കയ്യേറ്റങ്ങളും അയൽപ്പോരുകളും ഏത് നിമിഷവും കത്താവുന്ന എരികനലായി എവിടെയൊക്കെയോ ചാരം മൂടികിടക്കുന്നു. പരിസ്ഥിതി ഉരുകി ഒലിച്ചും കത്തിയുയർന്നും ഒഴുക്കുനിലച്ചും ചോദ്യചിഹ്നമാകുന്നു. മതേതരത്വമെന്ന മഹാമേരുവിന്റെ കടക്കൽ കത്തിവെക്കുന്ന വർഗീയ-ഫാസിസ്റ്റ് ഭരണകൂടം അതിന്റെ പ്രഖ്യാപിത അജണ്ടയ്ക്ക് നിലമൊരുക്കുകയും, വിത്തും കളയും ഒരേസമയം പാകുകയും ചെയ്യുന്ന രാഷ്ട്രീയം അതിന്റെ ഏറ്റവും വികൃതമായ മുഖം പ്രദർശിപ്പിക്കുന്നത് തന്നെയാണ് ഇന്ത്യയുടെ പുതുവർഷചിന്ത.

2024 ന്റെ പിറവിയാഘോഷങ്ങൾ ഒടുങ്ങും മുന്നേ പടിവാതിലിലുണ്ട് പൊതുതിരഞ്ഞെടുപ്പ്. അധികാരത്തിന്റെ ചെങ്കോലുമായി ഏകാധിപത്യത്തിന്റെ ചന്ദ്രഹാസം മുഴക്കുന്ന എൻ ഡി എ സർക്കാരിനെ അധികാരത്തിൽ നിന്ന് അകറ്റുക എന്നത് കാലത്തിന്റെ ആവശ്യമാകുന്നു. അപ്പോഴും കോൺഗ്രസ്സ് സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ ഒരു വ്യക്തതയുമില്ലാതെ ഈ പുലരിയിലും ഇരുട്ടിൽ തന്നെയാണ്. മണിപ്പൂരിന്റെ വിലാപങ്ങളും പൊരുതിനേടിയ മെഡലുകൾ പാതയോരത്ത് ഉപേക്ഷിച്ച പ്രതിഷേധങ്ങളും ഭരണകൂട ധാർഷ്ഠ്യത്തെ മുട്ടുകുതിച്ച കാർഷിക പ്രക്ഷോഭങ്ങളും വാമൂടപ്പെട്ട മാധ്യമങ്ങളും രാഷ്ട്രീയ നാടകങ്ങളും എല്ലാം ചേർന്നാൽ കഴിഞ്ഞുപോകുന്ന ഇന്ത്യയാകും. വർഗീയതയെ പടിക്ക് പുറത്ത് നിർത്തിയ, കേന്ദ്രം കഴുത്തുഞെരിക്കുമ്പോഴും ജനത്തെ കൈവിടാതെ ചേർത്തുനിർത്തിയ ഇടത് ബദൽ പ്രതീക്ഷയുടെ തുരുത്തായി കേരളത്തെ നിലനിർത്തുന്നത് പുതുവത്സരത്തിലെ പ്രതീക്ഷയാണ്. വിദ്യാഭ്യാസമേഖലയിലെ ഗവർണ്ണറുടെ അപക്വമായ ഇടപെടലുകളും എസ് എഫ് ഐയുടെ ക്രിയാത്മക പ്രതിഷേധങ്ങളും ഈ നാട് സംഘപരിവർ അജണ്ടയിലേക്കില്ലെന്ന പ്രതീക്ഷ തന്നെ നൽകുന്നു.

Also Read: വി എം സുധീരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങളോട് കോൺഗ്രസ് മറുപടി പറഞ്ഞേ മതിയാകൂ: കോൺഗ്രസിനെ വിമർശിച്ച് എം ബി രാജേഷ്

ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ ജനകീയ മുഖം ലോകത്തോട് വിളിച്ചുപറഞ്ഞ നവകേരള സദസ്സും കേരളീയവുമെല്ലാം ഇതാ ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടെന്ന ഇടത് സർക്കാരിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനമായി. ഇടത്-സർക്കാർ വിരുദ്ധ നിലപാടുകൾ ഒരു ഒളിവും മറയുമില്ലാതെ പാടി നടക്കുന്ന മാധ്യമങ്ങൾ പൊതുജനമധ്യത്തിൽ അപഹാസ്യരായ എണ്ണിയാൽ തീരാത്ത സംഭവങ്ങളെയും അടയാളപ്പെടുത്തുന്നു 2023. ജയിച്ചവന്റെയും തോറ്റവന്റെയും കണ്ണീർ കണ്ട മൈതാനങ്ങൾ, ചന്ദ്രയാനും ആദിത്യയുമടക്കം ബഹിരകാശം തൊട്ട ചരിത്രനിമിഷങ്ങൾ. അപ്രതീക്ഷിതവും അപരിഹാംര്യവുമായ വിടപറയലുകൾ എല്ലാം ചേർന്ന് കഴിഞ്ഞുപോയ കാലത്തെയും അടയാളപ്പെടുത്തിവെക്കുന്നു. ഓർമ്മകളിൽ ചില്ലിട്ടുവെക്കേണ്ടവയെ അങ്ങനെ നെഞ്ചോട് ചേർക്കാം നഷ്ടങ്ങളെയും ദുരനുഭവങ്ങളെയും ഇവിടെ ഉപേക്ഷിക്കാം. പുതിയ ഊർജ്ജവും പുത്തൻ പ്രതീക്ഷകളുമായി മുന്നോട്ട് പോകാം. നമ്മുടേതാകട്ടെ വരും നാളുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News