ഇത് കലക്കും, ലോകകപ്പിന് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്കുള്ള തുക ഉയർത്തി ഫിഫ

ലോകകപ്പ് കളിക്കാൻ ദേശീയ ടീമുകൾക്ക് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുകയിൽ റെക്കോഡ് വർധന.ഫിഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ ലോകകപ്പ് വരെയും നൽകി വന്ന തുക 70 ശതമാനം ഉയർത്തി 2026, 2030 ലോകകപ്പുകളിൽ 35.5 കോടി ഡോളർ (2,918 കോടി രൂപ) വീതം നൽകാനാണ് തീരുമാനം. ഫിഫയും യൂറോപ്യൻ ക്ലബ്സ് അസോസിയേഷനും തമ്മിൽ പുതുതായി ഒപ്പുവെച്ച ധാരണപത്ര പ്രകാരമാണ് നിലവിലെ വർധന.

യുഎസ്, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായാണ് 2026ലെ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇവിടങ്ങളിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തുന്ന താരങ്ങളുൾപ്പെട്ട ക്ലബുകൾക്കാണ് തുക ലഭിക്കുക.

അടുത്ത ക്ലബ് ലോകകപ്പിൽ യൂറോപിൽനിന്ന് 12 അടക്കം മൊത്തം 32 ടീമുകൾ കളിക്കാനും തീരുമാനമായിട്ടുണ്ട്. 2025 മുതലാകും ഇത് നടപ്പാക്കുക. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ തീരുമാനമാകും.

എന്നാൽ ഈ പുതിയ മാറ്റങ്ങളുമായി ഫിഫ എത്തിയതിൽ എതിർപ്പറിയിച്ചുകൊണ്ട് മുൻനിര ക്ലബുകൾ മുന്നോട്ടുവന്നിട്ടുണ്ട്. യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതിയുമായി നേരത്തെ മുന്നോട്ടുപോയിരുന്ന യുവന്റസ്, റയൽ മഡ്രിഡ്, ബാഴ്സലോണ ടീമുകളാണ് എതിർപ്പിന്റെ സ്വരവുമായി രംഗത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here