യുഡിഎഫ് ഭരിക്കുന്ന വയനാട് മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യാതെ നശിപ്പിച്ചത് അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍. കുന്നമ്പറ്റയില്‍ വിതരണം ചെയ്ത വസ്തുക്കളില്‍ പുഴുവരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഹാള്‍ പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ കണ്ടെത്തിയത്. ഡി വൈ എഫ് ഐ പ്രതിഷേധത്തെ തുടര്‍ന്നാണ് ഹാള്‍ തുറന്നത്.
ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിനേതുടര്‍ന്ന് നേരത്തേ പഞ്ചായത്തിന് മുന്നിലും ഡിവൈഎഫ്‌ഐ പ്രതിഷേധം നടന്നിരുന്നു. മേപ്പാടി പഞ്ചായത്ത് ഹാളില്‍ സൂക്ഷിച്ചിരുന്ന അരിയുള്‍പ്പെടെയുള്ളവ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍ രംഗത്തെത്തിയിരുന്നു. അരി റവന്യൂ വകുപ്പ് നല്‍കിയതല്ലെന്നും ഇക്കാര്യത്തില്‍ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
യു ഡി എഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ദുരന്തബാധിതര്‍ക്ക് ഭക്ഷ്യ കിറ്റില്‍ ലഭിച്ചത്.
ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്തതില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ഗുരുതര നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here