പിഞ്ഞിപ്പോയ, ഒന്ന് അമർത്തി ഓടിയാലോ ഡൈവ് ചെയ്താലോ തെറിച്ചുപോകുന്ന പുല്ലുകൾ, ഓടുമ്പോൾ ഗ്രിപ്പ് നഷ്ടപ്പെടുന്ന ഔട്ട്ഫീൽഡ്, വൃത്തിയില്ലാത്ത തരത്തിലുള്ള ഡിസൈൻ. ആദ്യത്തെ മത്സരങ്ങളിൽ നിന്ന് ധരംശാലയിലെ ഔട്ട് ഫീൽഡ് കേട്ട പഴികളിൽ വളരെ കുറച്ചുമാത്രമാണിവ. എന്നാൽ അദ്യ മത്സരം കഴിഞ്ഞ് രണ്ടാമത്തേതിലേക്ക് എത്തുമ്പോൾ ഔട്ഫീൽഡ് ഇപ്പോഴും പഴയപടി തന്നെ !
ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മത്സരമാണ് ധരംശാലയിൽ നടന്ന അദ്യ മത്സരം. മത്സരത്തിനിടെ അഫ്ഗാൻ ഫീൽഡർ മുജീബുർ റഹ്മാൻ്റെ ഫീൽഡിങ് ശ്രമത്തിനിടെ ഔട്ഫീൽഡിലെ വലിയൊരു ഭാഗം പുല്ല് അടർന്നുവന്നിരുന്നു. തുടർന്ന് അവിടെ ഒരു കുഴി രൂപത്തിപ്പെടുകയും ചെയ്തിരുന്നു.
ALSO READ: റൂട്ട് മീൻസ് ‘ട്രസ്റ്റ്’ ! ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ റൺവേട്ടക്കാരിൽ മുന്നിലെത്തി ജോ റൂട്ട്
ഔട്ട്ഫീൽഡിൻ്റെ പരിതാപകരമായ ഈ സാഹചര്യത്തെ അഫ്ഗാൻ കോച്ചും മുൻ ഇംഗ്ലണ്ട് താരവുമായ ജോനാഥൻ ട്രോട്ട് വിമർശിക്കുകയും ചെയ്തിരുന്നു. ഫീൽഡർമാർ എന്ത് ധൈര്യത്തിലാണ് ഈ ഗ്രൗണ്ടിൽ ഡൈവ് ചെയ്യുകയെന്നും ചെയ്താലും പരിക്ക് സംഭവിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ട്രോട്ട് ചോദിച്ചിരുന്നു.
ഔട്ട് ഫീൽഡിനെ പറ്റി ഇത്തരം വിമർശനങ്ങൾ നിലനിൽക്കെ ധരംശാലയിലെ രണ്ടാം മത്സരമായ ഇംഗ്ലണ്ട് ബംഗ്ലാദേശ് മത്സരത്തിനിടയിലും ഔട്ട് ഫീൽഡ് പഴയ പടിതന്നെ. മത്സരത്തിനു മുൻപാകെ കഴിഞ്ഞദിവസം നടന്ന പ്രസ് മീറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറും രൂക്ഷമായി വിമർശിച്ചിരുന്നു. ഔട്ട് ഫീൽഡിന് നിലവാരം പോരെന്നും എങ്ങനെ വിശ്വസിച്ച് ഡൈവ് ചെയ്യുമെന്നുമായിരുന്നു ബട്ട്ലറുടെ ചോദ്യം.
എന്നാൽ പുല്ലുകളെ ബാധിക്കുന്ന ഒരു പ്രത്യേകതരം ഫംഗസ് കാരണമാണ് ഔട്ട്ഫീൽഡ് ഇത്ര മോശമായിരിക്കുന്നത് എന്നാണ് ബിസിസിഐ അധികൃതരുടെ വിശദീകരണം. ഐസിസിയുടെ തന്നെ ഇൻസ്പെക്ഷൻ ടീം ഔട്ട് ഫീൽഡിന്റെ അവസ്ഥ വളരെ പരിതാപകരമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കാണികൾ ഇല്ലാതെ ഒഴിഞ്ഞ സ്റ്റേഡിയങ്ങളും, പ്രൊമോഷൻ്റെ അഭാവവും മൂലം നിറം മങ്ങിയ ലോകകപ്പ് സംഘടിപ്പിക്കുന്ന ബിസിസിഐക്ക് അടുത്ത വലിയ തലവേദനയാകുകയാണ് മോശം ഗ്രൗണ്ടുകളും !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here