പോക്സോ കേസടക്കമുള്ള ലൈഗീംക അതിക്രമകേസുകളില്‍ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന രണ്ടാം ഘട്ട സമരം തുടങ്ങിയിട്ട് ഒരു മാസം ആവുകയാണ്. ഇതുവരെയും പരാതിയിൽ ദില്ലി പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
ഇതിനിടെ രാജ്യത്തുടനീളമുള്ള ഇടതുപക്ഷ സംഘടനകളും കര്‍ഷക സംഘടനകളും വനിതസംഘടനകളുമടക്കം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഞായറാഴ്ചയാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസിന് കർഷക സംഘടനകൾ നൽകിയിരിക്കുന്ന അവസാന തീയതി. നടപടി സ്വീകരിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ദില്ലി സ്തംഭിപ്പിക്കുന്ന തരത്തിൽ സമരവുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.സംഘടനകളും വ്യക്തികളും നേതാക്കളും പ്രമുഖരുമടക്കം നിരവധി ആളുകളാണ് ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു സമരവേദിയിൽ എത്തുന്നത്. ഏപ്രില്‍ 23 മുതലാണ് ഗുസ്തി താരങ്ങള്‍ രണ്ടാം ഘട്ട സമരം ആരംഭിക്കുന്നത്.
ഇതിനിടെ ഐപിഎൽ മത്സരം കാണാനെത്തിയ ഗുസ്തി താരങ്ങൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണമുയര്‍ന്നു. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനെത്തിയ ഗുസ്തി താരങ്ങളെ തടഞ്ഞതായിട്ടാണ് പരാതി.
വൈകിട്ട് നാല് മണിയോടെയാണ് ഐപിഎൽ കാണാൻ ഗുസ്തി താരങ്ങൾ സ്റ്റേഡിയത്തിൽ എത്തുന്നത്. അഞ്ച് ടിക്കറ്റുകൾ കൈവശം വച്ചിരുന്നെങ്കിലും തങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി ഗുസ്തിക്കാർ ആരോപിച്ചു. ‘ഐ സപ്പോർട്ട് റെസ്ലേഴ്സ് ‘ എന്ന മുദ്രാവാക്യം അച്ചടിച്ച വെള്ള ടീ ഷർട്ടാണ് മൂന്ന് മുൻനിര ഗുസ്തി താരങ്ങൾ ധരിച്ചിരുന്നത്.
“ഞങ്ങൾ ആഗ്രഹിച്ചത് ഒരു ക്രിക്കറ്റ് കളി കാണുകയെന്നതാണ്. എംഎസ് ധോണി ദില്ലിയിൽ തന്റെ അവസാന മത്സരം കളിക്കുന്നതായി ഞങ്ങൾ കേട്ടു, അതിനാൽ ഞങ്ങൾ പോയി ഒരു മികച്ച കളിക്കാരനെ കാണാൻ തീരുമാനിച്ചു. പ്രതിഷേധ സൂചകങ്ങളോ പോസ്റ്ററുകളോ ബാനറുകളോ ഞങ്ങളുടെ പക്കലില്ലായിരുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ധോണി ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സജീവമായ ഒരു ക്രിക്കറ്റ് താരവും ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് ബജ്റംഗ് പുനിയ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here