ആടുജീവിതം സിനിമയാക്കാൻ തന്നെ ആദ്യം സമീപിച്ചത് സംവിധായകൻ ലാൽജോസ് ആണെന്ന് വ്യക്തമാക്കി എഴുത്തുകാരൻ ബെന്യാമിൻ. ലാൽജോസ് അറബിക്കഥ പുറത്തിറക്കിയ സമയത്തായിരുന്നു ഈ സംഭവം നടന്നതെന്നും, ചർച്ചകൾക്കൊടുവിൽ മറ്റൊരു അറബിക്കഥ ചെയ്യാനുള്ള ബുദ്ധിമുട്ട് ഉന്നയിച്ച് ലാൽജോസ് അതിൽ നിന്നും പിന്മാറുകയായിരുന്നെന്നും ബെന്യാമിൻ പറഞ്ഞു.
ബെന്യാമിൻ പറഞ്ഞത്
ALSO READ: ‘പറ്റുമെങ്കിൽ നിങ്ങൾ എന്നെ കണ്ടുപിടിക്ക്’: കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് താരം
പുസ്തകം വന്ന് അധികം കഴിയും മുമ്പ് ഒരു ദിവസം പ്രമുഖ സംവിധായകനായ ലാൽ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകൾ നടത്തുകയും ഞങ്ങൾ തമ്മിൽ ഏതാണ്ട് ഒരു സമ്മതത്തിൽ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു അറബിക്കഥ ചെയ്യാൻ അദ്ദേഹത്തിന് പ്രശ്‌നമുണ്ടായിരുന്നു.
എന്നാലും എന്നെങ്കിലും ഒരിക്കൽ ചെയ്യാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു. അപ്പോഴാണ് ബ്ലെസി ഇതേ ആവശ്യവുമായി എന്നെ സമീപിക്കുന്നത്. ആദ്യ വിളിയിലും പിന്നത്തെ കൂടിക്കാഴ്‌ചയിലും തന്നെ ബ്ലെസി എന്ന സംവിധായകന് ഈ നോവലിന്റെ സിനിമാ സാധ്യതകളെക്കുറിച്ചുള്ള അഗാധമായ ബോധ്യം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു.ഈ സിനിമക്ക് ആവശ്യമായ ഓരോ ഷോട്ടുകളും അപ്പോഴെ മനസിലുള്ളതുപോലെ സൂക്ഷ്മമായും വിശദമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. വെറുതെ ഒരു സിനിമ ചെയ്യുകയല്ല… അതിനപ്പുറം കാലവും ചരിത്രവും അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു മഹത്തായ സൃഷ്ടിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം അന്നോളം ചെയ്‌ത സിനിമകളുടെ മൂല്യം ആ ബോധ്യത്തിന് കൂടുതൽ കരുത്ത് പകരുകയും ചെയ്‌തു.
അതുകൊണ്ടുതന്നെ മറ്റൊരാലോചനയില്ലാതെ സിനിമ ചെയ്യാനുള്ള അവകാശം ഞാൻ സന്തോഷപൂർവ്വം അദ്ദേഹത്തിന് കൈമാറുകയാണുണ്ടായത്. മലയാളക്കരയിലെ മറ്റേതൊരു സംവിധായകന്റെയും കയ്യിലെത്താതെ ബ്ലെസി എന്ന കഠിനാധ്വാനിയും പരിപൂർണ്ണത ആഗ്രഹിക്കുന്നവനുമായ ഒരു സംവിധായകന്റെ കൈയ്യിൽ തന്നെ എത്തിച്ചേരുക എന്നത് ആടുജീവിതത്തിന്റെ നിയോഗമായിരുന്നു എന്ന് തന്നെയാണ് ഞാനുറച്ച് വിശ്വസിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here