ജയമോഹൻ ഒരു പൊട്ടക്കിണറിലെ ബുദ്ധിജീവിത്തവളയാണെന്ന് പറഞ്ഞാൽ സാഹിത്യത്തിന്റെ നൂറു സിംഹാസനങ്ങളിൽ ഇരിക്കുന്നവർക്ക് പൊള്ളുമോ എന്നറിയില്ല. എങ്കിലും ജയമോഹൻ ബുദ്ധിജീവിത്തവള തന്നെ. മാടുപോലെ വളർന്നിട്ടും വളർച്ചയെത്താത്ത തലച്ചോറുകൊണ്ട് സിനിമയെ എന്നല്ല കഴിക്കുന്ന ഭക്ഷണത്തെ പോലും വിമർശിച്ചാലും അത് പാതകമാകും. തന്ത തള്ളമാരും പിന്നെ നിങ്ങളെ പോലുള്ള മനുഷ്യരും അടങ്ങുന്ന സമൂഹത്തിൽ നിന്ന് അവനവന്റെ സ്വാതന്ത്രത്തിന്റെ മേച്ചിൽപ്പുറങ്ങളിലേക്ക് പോയി അവിടെ ഒന്നോ രണ്ടോ ദിവസം ജീവിതത്തിലെ സകലമാന ഭാരങ്ങളെയും ബാധ്യതകളെയും ഇറക്കി വെക്കാനാണ് ഒട്ടുമിക്ക സാധാരണക്കാരനും കൊടൈക്കനാലിലേക്കും ഊട്ടിയിലെക്കുമെല്ലാം വണ്ടികേറുന്നത്. അല്ലാതെ കൂത്താടണം എന്ന് മാത്രം കരുതി പോകുന്നവരും കാണും. പക്ഷെ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കും ഇതൊരു ഒളിച്ചോട്ടമാണ്. നിലനിൽക്കുന്ന വ്യവസ്ഥിതിയിൽ നിന്ന് മാറി, വീണ്ടും വീടിന് വേണ്ടി, നാടിന് വേണ്ടി കാള പോലെ പണിയെടുക്കാൻ പാകത്തിന് പരുവപ്പെടാൻ പലരും നടത്തുന്ന ഒളിച്ചോട്ടം. അതിനെയാണ് നിങ്ങൾ കൂത്താട്ടമെന്ന് അഭിസംബോധനം ചെയ്തത്. മലയാളികളെ പെറുക്കികൾ എന്നും.
മഞ്ഞുമ്മൽ ബോയ്‌സ് മനിതരുടെ സ്നേഹത്തിനും മുകളിലുള്ള ഒന്നിനെ കുറിച്ചാണ് സംസാരിക്കുന്നത്. അവിടെ നിങ്ങളുടെ സാധാരണക്കാരോടുള്ള, അവരുടെ സന്തോഷങ്ങളോടുള്ള വെറുപ്പിന്റെ വിത്തുകൾ മുളപ്പിക്കേണ്ടതില്ല. സ്നേഹത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് തമിഴ് ജനത. അതും സൗഹൃദത്തിന് അവർ നൽകുന്ന പ്രാധാന്യം ജീവനോളമാണ്. അപ്പോൾ അത്രമേൽ സൗഹൃദം പറയുന്ന ചിത്രത്തെ അവർ ആഘോഷിക്കും. അത് സാധാരണമാണ്. പക്ഷെ ജയമോഹന്റെ കുറിപ്പ് അസാധാരണവുമാണ്. പിന്നെ സംഘി പാതയിൽ എത്തിയ ആ മനുഷ്യനിൽ നിന്നും അതിൽക്കൂടുതൽ ആഗ്രഹിക്കാനും കഴിയില്ലല്ലോ. ജാതിയല്ല ഈ ചിന്തയാണ് ഏറ്റവും മുന്തിയ വിഷമെന്ന് ജയമോഹൻ തിരിച്ചറിയണം.
സിനിമയിലെ കുതന്ത്രം എന്ന പാട്ടിലെ വരികളിൽ ഹിരൺദാസ് മുരളി കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് ആരാണ് ഈ മഞ്ഞുമ്മൽ ബോയ്സ് എന്ന്. എന്താണ് കൂലിപ്പണിക്കാരായ ഈ പിള്ളേരുടെ സന്തോഷമെന്ന്, സ്വഭാവമെന്ന്.
വിയർപ്പു തുന്നിയിട്ട കുപ്പായം – അതിൽ
നിറങ്ങളൊന്നുമില്ല, കട്ടായം
കിനാവുകൊണ്ടു കെട്ടും കൊട്ടാരം – അതിൽ
മന്ത്രി നമ്മൾ തന്നെ രാജാവും
ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക്
ഉച്ചിക്കിറുക്കിൽ നിന്നുയരത്തിൽ പറക്ക്
ചേറിൽ പൂത്താലും താമര കണക്ക്
ചോറു പോരേ മണ്ണിൽ ജീവിക്കാൻ നമുക്ക്
കദന കഥയൊന്നും അറിയാത്ത കൂട്ടം
കുരങ്ങു കരങ്ങളിലോ പൂന്തോട്ടം
വയറു നിറയ്ക്കാനല്ലേ നെട്ടോട്ടം
വലയിലൊതുങ്ങാത്ത പരലിൻ കൂട്ടം
കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാത്തുട്ട്
കുതിര പോലെ പാഞ്ഞ് വേണ്ടതെല്ലാം പുല്ല്ക്കെട്ട്
കയറുവിട്ട കാളജീവിതമോ ജെല്ലിക്കെട്ട്
കണ്ണൂമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട്
കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
ഉച്ചിവെയിലത്ത് മാടുപോലെ ഉഴച്ചിട്ട്
അന്തി മയങ്ങുമ്പോൾ ആടി കള്ളുകുടിച്ചിട്ട്
പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട്
കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്
ആരു കാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്
കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്
ഒടുക്കം മരിക്കുമ്പോ ആറടി മണ്ണു സ്വത്ത്
പിടിച്ചതെല്ലാം പുലിവാല് ടാ
കാണ്ടാമൃഗത്തിന്റെ തോല് ടാ
അഴുക്കിൽ പിറന്നവരാണെടാ അഴി-
മുഖങ്ങൾ നീന്തുന്ന ആളെടാ
പകലു പറന്നതു പോയെടാ
ഇരവു നമുക്കുള്ളതാണെടാ
പദവി, പണമൊന്നും വേണ്ടെടാ – ഇത്
ഉരുക്കു ഗുണമുള്ള തോലെടാ
പെരിയാറിന്നരുമകളല്ലെ – കാൽ
തൊടും മണ്ണെല്ലാം മലിനമല്ലേ
അടയാളങ്ങൾ ഉടഞ്ഞവരല്ലേ
ശ്വസിച്ചതെല്ലാം പുകപടലമല്ലേ
ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ – കൂടെ
പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ – കൂടെ
പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
എല്ലാ നായകന്മാരും നിങ്ങളുടെ ഭാഷയിലെ നെക്സലേറ്റും, പോരാട്ട വീര്യം ഉൾക്കൊണ്ട മനുഷ്യരും ഒന്നുമല്ല ജയമോഹൻ. ഇവിടെ സാധാരണക്കാരാണ് കൂടുതൽ ഉള്ളത്. അവരുടെ സന്തോഷവും സാധാരണമാണ്. ജാതിയും, അടിച്ചമർത്തലും, സാമൂഹിക പ്രശ്നങ്ങളും മാത്രമല്ല സിനിമയാകേണ്ടത്. സിനിമ നിങ്ങളുടെ നിർവചനത്തിൽ ഒതുക്കാനുള്ള കലയുമല്ല. പിന്നെ വഴിതെറ്റേണ്ടവർ എന്നായാലും എങ്ങനെ ആയാലും വഴി തെറ്റും. ജയമോഹൻ കാണിക്കുന്ന വഴി മാത്രമാണ് ശരി എന്ന ബോധത്തെ സാമൂഹിക ബോധം എന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കേണ്ട. അത് നിങ്ങളുടെ മേൽപ്പറഞ്ഞ ബുദ്ധിജീവിത്തവളയുടെ ചിന്തയിൽ നിന്ന് മാത്രം ഉടലെടുത്തതാണ്.
-സാൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here