അനായാസ ഭാവങ്ങളുടെ അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി; മോഹൻലാലിന് പിറന്നാൾ ആശംസയുമായി എഴുത്തുകാരി ശാരദക്കുട്ടി

നടൻ മോഹൻലാലിൻറെ പിറന്നാളിന് ആശംസയുമായി എഴുത്തുകാരി ശാരദക്കുട്ടി. എഴുതിയതാരായാലും സംവിധാനം ചെയ്തതാരായാലും അവരെ എല്ലാം മറന്നാലും ആ കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നത് മോഹൻലാലിന്റെ ശരീരത്തിലൂടെയാണ് എന്നാണ് ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ALSO READ: ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’; മുഖ്യമന്ത്രി
മോഹൻലാലിൻറെ നൂറുകണക്കിന് കഥാപാത്രങ്ങളിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കാൻ പറഞ്ഞാൽ താൻ കൊത്തിയെടുക്കുക പഞ്ചാഗ്നിയിലെ പത്രപ്രവർത്തകനായ റഷീദിനെയാകുമെന്നും ശാരദക്കുട്ടി പറഞ്ഞു.അനായാസഭാവങ്ങളുടെ അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി . എന്റെ അതേ പ്രായം. ഞങ്ങളുടെ രണ്ടു പേരുടെയും വിവാഹവും തലേന്നും പിറ്റേന്നുമായിരുന്നു. ഏപ്രിൽ 28 മോഹൻലാലും ഏപ്രിൽ 29 ന് ഞാനും . അത് രസമുള്ള ഒരോർമ്മ എന്നുമാണ് ശാരദക്കുട്ടി കുറിച്ചത് .സിനിമക്കു പുറത്തെ മോഹൻലാലിന് പോലും സിനിമക്കുള്ളിലെ മോഹൻലാലിനെ നശിപ്പിക്കാനാവില്ല. അത്ര മനോഹരമായ സിനിമാക്കാലമായിരുന്നല്ലോ അതെന്നും ശാരദക്കുട്ടി ഓർത്തെടുത്തു.

ALSO READ: താമരശ്ശേരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മയക്കുമരുന്ന് മൊത്ത വ്യാപാരി പിടിയില്‍

ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

മോഹൻലാലിന്റെ നൂറുകണക്കിനു കഥാപാത്രങ്ങൾ കണ്ണു നിറയിച്ചിട്ടുണ്ട്. പ്രണയത്തിൽ പൊതിഞ്ഞിട്ടുണ്ട്. സംഘർഷത്തിലാഴ്ത്തിയിട്ടുണ്ട്. വെറുപ്പിച്ചിട്ടുണ്ട്. ചിരിപ്പിച്ചിട്ടുണ്ട്. ചിന്തിപ്പിച്ചിട്ടുണ്ട്. ആർദ്രമാക്കിയിട്ടുണ്ട്. ആഘോഷിച്ചിട്ടുണ്ട്.
നീണ്ടു മനോഹരമായ , സ്ത്രൈണഭംഗി തുളുമ്പുന്ന വിരൽത്തുമ്പു മുതൽ ഇടക്കൊന്നു കടിച്ചു പിടിക്കുന്ന ചുണ്ടിൻ കോണിൽ വരെ കുസ്യതിയുണ്ട്. മയക്കിക്കളയുന്ന മാസ്മരികതയുണ്ട്. ചെരിഞ്ഞു നടത്തത്തിൽ ആകർഷണീയമായ ഒരു കള്ളലക്ഷണമുണ്ട്.
എഴുതിയതാരായാലും സംവിധാനം ചെയ്തതാരായാലും അവരെ എല്ലാം മറന്നാലും ആ കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നത് മോഹൻലാലിന്റെ ശരീരത്തിലൂടെയാണ്. ശബ്ദത്തിലൂടെയാണ്. അനായാസ ചേഷ്ടകളിലൂടെയാണ്.
നൂറുകണക്കിന് കഥാപാത്രങ്ങളിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ കൊത്തിയെടുക്കുക പഞ്ചാഗ്നിയിലെ പത്രപ്രവർത്തകനായ റഷീദിനെയാകും. അത്രക്ക് കൂടെ നടന്നു അയാൾ. അത്രക്ക് നെഞ്ചോട് അടുക്കി പിടിച്ചു. നിന്നെ മറ്റൊരാൾക്കും വിട്ടു കൊടുക്കില്ല എന്ന് ഉറപ്പു തന്നു .
പിൻനിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ … കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മാറുമ്പോൾ
പോരു തഴുകി തഴുകിയുണർത്തു മേഘരാഗമെൻ ഏകതാരയിൽ …..
ഈ പാട്ട് 1986 മുതൽ എനിക്ക് വൈകാരികമായ ലഹരി കൂടിയാണ്.
രാനിലാവു വീണു കിടക്കുന്ന ഒരു മുറ്റവും അവിടുത്തെ പിച്ചകച്ചെടിയിൽ നിന്നുതിരുന്ന മദഗന്ധവും അറയിൽ വിരിച്ചിട്ട ഒറ്റക്കട്ടിലും ഗീതയുടെ മോഹ ശരീരവും അതിനെ അണച്ചു പിടിക്കുന്ന കാമുകശരീരവും അയാളുടെ വെള്ള ബനിയന്റെ വലതു വശത്തു തെളിയുന്ന വലിയ ചുണങ്ങും … ഇത്ര വശ്യഭംഗിയുള്ള, പ്രണയത്തിൻ്റെ കാമാർദ്രത നിറഞ്ഞ ഒരു രാത്രിയും സിനിമയിൽ കണ്ടിട്ടില്ല. ഇന്നും ഓർമ്മയിൽ മോഹിപ്പിക്കുന്നു ആ ദൃശ്യങ്ങൾ
ഈ ദൃശ്യത്തിനു മുകളിൽ മറ്റൊരു മോഹൻലാൽ രംഗവുമില്ല. ഒരു രാത്രിയും ഇത്ര മോഹിപ്പിച്ചില്ല. ഒരു പാട്ടും ഇത്രക്ക് തഴുകിയുണർത്തിയിട്ടില്ല.
അനായാസഭാവങ്ങളുടെ അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി . എന്റെ അതേ പ്രായം. ഞങ്ങളുടെ രണ്ടു പേരുടെയും വിവാഹവും തലേന്നും പിറ്റേന്നുമായിരുന്നു. April 28 മോഹൻലാലും April 29 ന് ഞാനും . അത് രസമുള്ള ഒരോർമ്മ.
ഇപ്പോഴും ഭാവങ്ങളിൽ പഴയ കുസൃതി ചില നിമിഷങ്ങളിൽ മാത്രമായെങ്കിലും മിന്നിമറയാറുണ്ട്. ഈയിടെ ഒരു എ.സി യുടെ പരസ്യത്തിൽ കാണുന്നു ആ പഴയ കുസൃതി. ‘ അദ്ദാണ്’ എന്നു പറയുന്ന സമയത്ത് ആ വിരലുകളിലെ സ്ത്രൈണചാരുത നോക്കിയിരുന്നു പോകാറുണ്ട്. മോഹൻലാലിനെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു സിനിമാപ്രേമിക്കും ആവില്ല.
സിനിമക്കു പുറത്തെ മോഹൻലാലിന് പോലും സിനിമക്കുള്ളിലെ മോഹൻലാലിനെ നശിപ്പിക്കാനാവില്ല. അത്ര മനോഹരമായ സിനിമാക്കാലമായിരുന്നല്ലോ അത്. ശോഭന, ഉർവ്വശി, ഗീത, നീനാ ഗുപ്ത എല്ലാ നായികമാരും ഞാനായിരുന്നു.
മോഹൻലാലിന് പിറന്നാളാശംസകൾ .
എസ് ശാരദക്കുട്ടി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News