ഷാർജ രാജ്യാന്തര പുസ്തക മേള; സമാപനത്തിന് ശ്രദ്ധേയരായ എഴുത്തുകാരും കവികളും ആസ്വാദകരുമായി സംവദിക്കും

നാൽപത്തി മൂന്നാമത് ഷാർജ രാജ്യാന്തര പുസ്തക മേളയുടെ സമാപന വാരാന്ത്യത്തിൽ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും ആസ്വാദകരുമായി സംവദിക്കാനെത്തും. നവംബർ 15 ന് (നാളെ വെള്ളി) രാത്രി 8 മുതൽ 9.30 വരെ ഇന്റലക്‌ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി ധർമജൻ പങ്കെടുക്കും. ‘പുസ്തകത്തിനപ്പുറമുള്ള കഥകൾ – റാം C/O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ തന്റെ കൃതികൾ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും.

സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും ജനപ്രിയനായ നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങുന്ന അഖിൽ പി ധർമജൻ തന്റെ നോവലുകളുടെ പിന്നാമ്പുറ കഥകൾ പങ്കുവെക്കുന്നത് യുവ എഴുത്തുകാർക്ക് ആവേശവും പ്രചോദനവും നൽകും. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം റാം C / O ആനന്ദിയുടെ 2,70,000 കോപ്പികളാണ് വിറ്റുപോയത്. മെർക്കുറി ഐലൻഡ്, ഓജോ ബോർഡ് തുടങ്ങിയവയാണ് അഖിലിന്റെ മറ്റ് പ്രധാന പുസ്തകങ്ങൾ.

Also Read; ശിശുദിന റാലിയിൽ വെള്ളായണി ലിറ്റിൽ ഫ്ളവർ സ്കുളിന് ഒന്നാം സ്ഥാനം; തുടർച്ചയായി കിരീടമണിയുന്നത് പതിനാറാം വർഷം

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മലയാളികളായ സാഹിത്യാസ്വാദകരെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പിപി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബർ 16 ശനിയാഴ്ച രാത്രി 8.15 മുതൽ 9.15 വരെ ഇന്റലക്‌ച്വൽ ഹാളിലാണ് കാവ്യസന്ധ്യ. കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ചലച്ചിത്ര ഗാനങ്ങൾക്ക് ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. വർത്തമാന കാലത്തെ ഏറ്റവും മികച്ച ഗാന രചയിതാവ് എന്ന് നിസംശയം പറയാവുന്ന റഫീഖ് അഹമ്മദിന്റെ കവിതയും വർത്തമാനവും യുഎഇയിലെ ആസ്വാദകർക്ക് നവ്യാനുഭവത്തിന്റെ ‘തോരാമഴ’ സമ്മാനിക്കും.

‘ലളിതം’ എന്ന ഒറ്റക്കവിത കൊണ്ട് മലയാള കവിതാസ്വാദകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കവിയാണ് പിപി രാമചന്ദ്രൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, പി കുഞ്ഞിരാമൻ നായർ കവിത അവാർഡ്. ചെറുശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പിപി രാമചന്ദ്രന്റെ കവിതകളും വാക്കുകളും കേൾവിക്കാർക്ക് സാഹിത്യത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകും. നവംബർ 16 ശനിയാഴ്ച മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും. രാത്രി 7.15 മുതൽ 8.15
വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ‘പുറ്റ്’ എന്ന നോവലും ‘രാമച്ചി’യെന്ന കഥാസമാഹാരവും മാത്രം മതി വിനോയ് തോമസ് എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയുടെ കഥ വിനോയ് തോമസിന്റേതാണ്.

Also Read; അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങ് തുടങ്ങി

പുതുതലമുറയിലെ മികച്ച എഴുത്തുകാരിൽ ഒരാളായ ലിജീഷ് കുമാർ നവംബർ 16 ശനിയാഴ്ച പുസ്തകമേളയിലെത്തും.വൈകീട്ട് 6 മുതൽ 7 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ ലിജീഷ് കുമാർ പുതിയ പുസ്തകമായ ‘ കഞ്ചാവിനെ’ ആധാരമാക്കി കേൾവിക്കാരുമായി സംവദിക്കും. ഗുജറാത്ത്, ഓർമകൾ എന്റെ ഉറക്കം കെടുത്തുന്നു, 51 സാക്ഷികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നയതന്ത്ര വിദഗ്ദ്ധൻ,വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ടിപി ശ്രീനിവാസൻ നവംബർ 17 ഞായറാഴ്ച തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡിപ്ലോമസി ലിബറേറ്റഡ്’ എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രോതാക്കളുമായി സംസാരിക്കും. വൈകീട്ട് 6 മുതൽ 7 വരെ ബുക്ക് ഫോറം മുന്നിലാണ് പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News